സി പി എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഒരു നേരമ്പോക്കെന്നാണ് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ മുന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. രാജ്യത്തെ ഏതെങ്കിലുമൊരു സംസ്ഥാനം ഒറ്റക്ക് ഭരിക്കാന്‍ ഒരുകാലത്തും സാധ്യതയില്ലാത്ത, ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായി ഏതെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ വിരള സാധ്യത തുലോം കുറവായ പാര്‍ട്ടിയുടെ നേതാവിനെ സംബന്ധിച്ച് ഇതൊരു ആചാരം മാത്രമാണ്. (നേരമ്പോക്ക് നേതാവിന്റെ പാര്‍ട്ടിയെയും രക്ഷാകര്‍തൃ സംഘടനയെയും നിശിതമായി എതിര്‍ക്കുന്നവരാണ് ആചാര നേതാവിന്റെ പാര്‍ട്ടിയും അതിന്റെ രക്ഷാകര്‍തൃ സംഘടനയും) സ്വന്തം പാര്‍ട്ടിയിലെ അനുഭവം സമ്മാനിച്ച പാഠമാകണം നേരമ്പോക്കെന്നും ആചാരമെന്നും ഈ സമ്മേളനത്തെ വിശേഷിപ്പിക്കാന്‍ കാരണം. ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ (വലുതായാലും ചെറുതായാലും) സമ്മേളനങ്ങളെ നേരമ്പോക്കായോ ആചാരമായോ കാണുന്നത് ശരിയാണെന്ന അഭിപ്രായമില്ല. അതിനി ബി ജെ പിയുടെ സമ്മേളനമായാലും. ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിക്കാന്‍ പാകത്തില്‍ എന്ത് പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് അറിയണമെങ്കില്‍ ബി ജെ പി സമ്മേളനത്തെ നേരമ്പോക്കായോ ആചാരമായോ കണ്ടാല്‍ മതിയാകില്ലല്ലോ! പ്രവര്‍ത്തക സമിതിയോ എ ഐ സി സിയോ ഒക്കെ ഇടക്കെങ്കിലും വിളിക്കണമെന്ന് കോണ്‍ഗ്രസ്സിലെ വിമതര്‍ ആവശ്യപ്പെടുന്നത്, അത്തരം നേരമ്പോക്കും ആചാരവുമൊക്കെയുണ്ടെങ്കിലേ പാര്‍ട്ടിയുണ്ടെന്നും നേതൃത്വമുണ്ടെന്നും അതില്‍ ഗൗരവമുണ്ടെന്നും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും തോന്നുകയുള്ളൂവെന്ന ചിന്തയുള്ളതുകൊണ്ടാണല്ലോ!
കഴിഞ്ഞ കോണ്‍ഗ്രസ്സിന് ശേഷം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്നിവ താഴേത്തലം മുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക, ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള നേതൃനിരയെ നിശ്ചയിക്കുക എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവസാനിക്കുന്ന സി പി എം സമ്മേളനങ്ങളുടെ ലക്ഷ്യം. താഴേത്തലം മുതല്‍ ഈ പ്രക്രിയക്ക് വിധേയമാകുന്ന എല്ലാ പാര്‍ട്ടികളുടെയും ലക്ഷ്യം അതുതന്നെ. അത്തരം സമ്മേളനങ്ങള്‍ക്ക് മുതിരാതിരിക്കുകയും സംഘടനാ തിരഞ്ഞെടുപ്പിന് പകരം ഭാരവാഹിത്വത്തിലേക്ക് നാമനിര്‍ദേശം പതിവാക്കുകയും പാര്‍ട്ടിയിലെ സര്‍വാധികാര്യക്കാരന്റെയും അവരുടെ ഉപഗ്രഹങ്ങളുടെയും പ്രീതി സമ്പാദിക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് നിശ്ചയിക്കുകയും അത് തുടരുകയും ചെയ്യുന്നവരെ സംബന്ധിച്ച് ഇതൊക്കെ നേരമ്പോക്കും ആചാരവും മാത്രമാകാനേ തരമുള്ളൂ.
നിലവില്‍ രാജ്യത്തുള്ള രാഷ്ട്രീയ സാഹചര്യവും സി പി എമ്മിനുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ വലിയൊരു മാറ്റത്തിന് നേതൃത്വം നല്‍കാനുള്ള ശേഷി ആ പാര്‍ട്ടിക്കില്ലെന്നത് അവര്‍ തന്നെ അംഗീകരിക്കുന്ന വസ്തുതയാണ്. എന്നിട്ടും അത്തരമൊരു മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പത്ത് ലക്ഷത്തോളം ആളുകള്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നത് ചെറിയ സംഗതിയല്ല. തങ്ങളുടെ ദൗര്‍ബല്യം അംഗീകരിച്ച്, തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നിലപാടെടുക്കുന്നവരെ കൂടെക്കൂട്ടി അധികാരമാറ്റത്തിനും അതുവഴി ഭരണഘടന വിഭാവനം ചെയ്യുംവിധത്തില്‍ ഇന്ത്യന്‍ യൂനിയനെ നിലനിര്‍ത്താനും ശ്രമിക്കണമെന്ന ആ പാര്‍ട്ടിയുടെ നിരന്തര ഉദ്യമത്തിന്റെ തുടര്‍ച്ചക്ക് വേദിയാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സംഘ്പരിവാര നേതാവും ആ പരിവാരത്തെ ശക്തിയുക്തം എതിര്‍ക്കുന്ന പാര്‍ട്ടിയുടെ നേതാവും പരിഹസിക്കുന്നതില്‍ നിന്ന് തന്നെ ഈ സമ്മേളനത്തിന്റെ പ്രസക്തി വ്യക്തമാണ്.
സമ്മേളനം സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരട്ടെ എന്ന് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി. ചരിത്രത്തിലാദ്യമായി ദളിത് വിഭാഗക്കാരനായ ഒരാള്‍ പോളിറ്റ്ബ്യൂറോയിലെത്തി. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ദൃഢനിശ്ചയം പുതുക്കി പിരിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നതാണ് സി പി എമ്മിന് സ്വാധീനമുള്ളതോ ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളിലെ നയ – നിലപാടുകളേക്കാള്‍ പ്രധാനം. അതിലൊരു വ്യക്തത വരുത്താന്‍ സാധിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ആ നിലക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സൊരു പരാജയമാണെന്ന് പറയാം.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കണമെന്ന് നിശ്ചയിച്ച് ആര്‍ എസ് എസും വേഗം കൂട്ടുന്നതിന് പാകത്തിലുള്ള നയസമീപനങ്ങളെടുത്ത് നരേന്ദ്ര മോദി സര്‍ക്കാറും മുന്നോട്ടുപോകുന്നു. ബഹുസ്വരത നിലനില്‍ക്കണമെന്നോ രാജ്യത്തെ പൗരന്മാര്‍ക്ക് മത-ജാതി പരിഗണന കൂടാതെ തുല്യ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നോ അങ്ങനെ ഉറപ്പാക്കുന്നതിന് സഹായകമാകും വിധത്തില്‍ ദളിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ പൊതുധാരയിലും അധികാരത്തിന്റെ ഇടനാഴികളിലും അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നോ ആഗ്രഹിക്കാത്ത, സവര്‍ണ മേധാവിത്വത്തില്‍ അധിഷ്ഠിതമായ സാമൂഹിക ഘടന സൃഷ്ടിക്കുക എന്നതാണ് വേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്ന ആര്‍ എസ് എസ്, പ്രതിപക്ഷമുക്ത ഭാരതമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതിലേക്ക് അതിവേഗം ചലിക്കുകയാണ്. പൗരാവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍ ഒക്കെ ഇല്ലാതാക്കുകയോ നിയമപരമായി നിലനില്‍ക്കുമ്പോള്‍ തന്നെ പരോക്ഷമായി റദ്ദ് ചെയ്യുകയോ ചെയ്യുന്ന ഭരണകൂടം, അധികാരമുറപ്പിക്കാനായി വര്‍ഗീയ വിഭജനത്തിന്റെ ആഴം കൂട്ടിക്കൊണ്ടേയിരിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍, ഇതിനകം നടന്ന ശ്രമങ്ങള്‍ വലിയ വിജയം കാണാതെ പോയി. ഓരോ തവണ ഈ ശ്രമം പരാജയപ്പെടുമ്പോഴും പ്രതിപക്ഷ നിരയിലെ അനൈക്യം അതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
അതുകൊണ്ടുതന്നെ 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ യോജിച്ചൊരു ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും അതിലേക്ക് ക്രിയാത്മക സംഭാവന ചെയ്യാന്‍ സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് തയ്യാറെടുക്കുമെന്നുമായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് അവസാനിക്കുമ്പോഴത്തെ ചിത്രം. തിരഞ്ഞെടുപ്പിന് മുമ്പൊരു സഖ്യമെന്നത് സി പി എം തള്ളിക്കളയുന്നു. തിരഞ്ഞെടുപ്പിന് ശേഷം സഖ്യങ്ങളാകാം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലൊരു സംഘ്പരിവാര്‍ വിരുദ്ധ മുന്നണിയോ പ്രാദേശിക കക്ഷികള്‍ ചേരുന്ന മുന്നണിയോ ആയിരുന്നു ബദല്‍ സാധ്യത. അതൊന്നും സ്വീകരിക്കാന്‍ തത്കാലം നിര്‍വാഹമില്ല. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷമെന്നത്, നിലവില്‍ സി പി എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിര്‍ണായകമായ കേരള ഘടകത്തിന് സ്വീകാര്യമല്ല. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമെന്നത് ബി ജെ പിയെപ്പോലെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും എതിര്‍ക്കണമെന്ന് വാദിക്കുന്ന പശ്ചിമ ബംഗാള്‍ ഘടകത്തിനും സ്വീകാര്യമല്ല. അപ്പോള്‍ പിന്നെ തിരഞ്ഞെടുപ്പിന് മുമ്പൊരു സഖ്യമെന്നത് സി പി എമ്മിന് ആലോചിക്കാന്‍ സാധിക്കില്ല. എങ്കിലും പ്രാദേശിക നീക്കുപോക്കുകളാകാമെന്ന പഴയ സിദ്ധാന്തം നിലനില്‍ക്കുന്നു. അതുകൊണ്ട് ബംഗാള്‍ ഘടകത്തിന് വേണമെങ്കില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാം. തമിഴ്നാട്ടിലെ ഡി എം കെ മുന്നണി മാതൃക ഇതര സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്ക് സ്വീകരിക്കുകയുമാകാം.
പാര്‍ട്ടി എന്ന നിലക്ക് സ്വയം ശക്തിപ്പെടുക എന്നതിന് ആലോചിച്ച തന്ത്രങ്ങളോ? അതും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പറഞ്ഞതിന് അപ്പുറത്തേക്ക് കടന്നിട്ടില്ല. കേരളത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടായതിന് ശേഷം പുതിയ വികസന പന്ഥാവ് വെട്ടിത്തുറക്കാന്‍ ശ്രമമുണ്ട്. പശ്ചിമ ബംഗാളില്‍ പല തോല്‍വികള്‍ക്ക് ശേഷം, ജനപിന്തുണ തിരിച്ചെടുക്കാന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇവ രണ്ടും യോജിപ്പിച്ച്, പുതിയ തലമുറയെ പാര്‍ട്ടിയിലേക്കും അതിന്റെ നയസമീപനങ്ങളിലേക്കും ആകര്‍ഷിക്കാനുള്ള പരിപാടിയോ? അതുമുണ്ടെന്ന് കരുതാനാകില്ല, പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമാപന വേളയില്‍. തത്്സ്ഥിതി തുടരുക, ശക്തിക്ഷയമുണ്ടായ ബംഗാളിലും ത്രുപരയിലും തിരിച്ചുവരാന്‍ ശ്രമിക്കുക, ഒപ്പം ദേശീയതലത്തില്‍ ഹിന്ദുത്വ വര്‍ഗീയതക്കെതിരായ ആശയപ്രചാരണം തുടരുക. ഇതിനപ്പുറത്തേക്ക് ഒരടി നീങ്ങുന്നില്ല ഈ പാര്‍ട്ടി കോണ്‍ഗ്രസ്സും.
തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേണ്ടെന്ന തീരുമാനത്തിനും രാഷ്ട്രീയമായ പ്രാധാന്യമുണ്ടെന്ന് കാണാതിരുന്നുകൂടാ. ബി ജെ പിയെയും സംഘ്പരിവാരത്തെയും അതിനാകെ നായകനായ നരേന്ദ്ര മോദിയെയും യോജിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അത് വിപരീത ഫലമുണ്ടാക്കാനുള്ള സാധ്യത സി പി എം മുന്നില്‍ കാണുന്നുണ്ടാകാം. യോജിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ട സ്ഥിതിവിവരമാണ് കൂടുതല്‍. ബിഹാറിലും (പിന്നീട് തകര്‍ന്നു) മഹാരാഷ്ട്രയിലും മാത്രമാണ് അത് ഫലം കണ്ടത്. അപ്പോള്‍ പ്രാദേശികമായി ബി ജെ പിയെ എതിര്‍ക്കുന്നവര്‍ ശക്തമായി എതിര്‍ക്കുകയും തിരഞ്ഞെടുപ്പ് മത്സരത്തില്‍ പരാജയപ്പെടുത്തുകയും ചെയ്താല്‍, കേന്ദ്രാധികാരം കൈയാളാന്‍ ബി ജെ പിക്ക് കഴിയാതെ വരും. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി ജെ പിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ശേഷിയുള്ളവയാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ അംഗബലം കുറക്കാനും ഇപ്പോഴത്തെ സാഹചര്യത്തിലാകും. അവ്വിധമൊരു പരാജയത്തിലേക്ക് നയിക്കാനായാല്‍, അപ്പോഴത്തെ സാഹചര്യമനുസരിച്ച് ബദലുണ്ടാക്കാമെന്നതാകും സി പി എം പ്രതീക്ഷ. അത് യുക്തിരഹിതമായ കണക്കുകൂട്ടലാണെന്ന് പറയുക വയ്യ. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കേന്ദ്രാധികാരം ഉറപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ, ഹിന്ദി നിര്‍ബന്ധമാക്കി, ഒരൊറ്റ രാജ്യം, ഒരൊറ്റ രീതിയെന്നത് പല മേഖലകളിലും നടപ്പാക്കാന്‍ നീക്കം നടത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനില്‍ തുടങ്ങി പിണറായി വിജയനിലൂടെ പ്രതിധ്വനിച്ച രോഷം പ്രാദേശികമായ ചെറുത്തുനില്‍പ്പുകളുടെ പ്രാധാന്യം സൂചിപ്പിക്കുകയാണ്. അത്തരം ചെറുത്തുനില്‍പ്പുകളെ ശക്തിപ്പെടുത്താന്‍ പരോക്ഷമായെങ്കിലും സി പി എം വരും നാളുകളില്‍ ശ്രമിച്ചേക്കാം. അതായിരിക്കും, ഒരുപക്ഷേ സി പി എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിലൂടെ ലക്ഷ്യമിടുന്നത്.
source https://www.sirajlive.com/there-are-expectations-and-disappointments.html
إرسال تعليق