മതേതരത്വം ഇവിടെ മരീചികയാണ്

കര്‍ണാടകയില്‍ മതേതരത്വം മൃതപ്രായമായിരിക്കുന്നു. അത്രക്കും ഭയാനകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് അയല്‍പക്കമായ കര്‍ണാടക കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങളെ സാമുദായികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തെ തിരഞ്ഞുപിടിച്ച് അവരുടെ ജീവിതവും സംസ്‌കാരവും നിലനില്‍പ്പും അപകടത്തിലാക്കുന്ന നടപടികളുമായി ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ടുപോകുകയാണ്. യെദ്യൂരപ്പ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പ്രകടമായിരുന്നെങ്കിലും ഇത്രയും രൂക്ഷമായ കടന്നാക്രമണങ്ങളിലേക്ക് അത് എത്തിയിരുന്നില്ല. എന്നാല്‍ ബൊമ്മെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷ ഉന്മൂലനം അവരുടെ അജന്‍ഡയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഹീനമായ അതിക്രമങ്ങളാണ് മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. കര്‍ണാടകയില്‍ മുസ്ലിം പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരേ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബൊമ്മെ ഭരണത്തിലെത്തിയതോടെയാണ്. മസ്ജിദുകളും ചര്‍ച്ചുകളും തീയിട്ടും തകര്‍ത്തും സംസ്ഥാനത്ത് അശാന്തി പരത്തുന്ന സംഘ്പരിവാര്‍ സംഘടനകളെ ഉപയോഗിച്ച് കൂടുതല്‍ നശീകരണ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ബൊമ്മെ സര്‍ക്കാര്‍. മുസ്ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തതും ഹലാല്‍ ഭക്ഷണ വിവാദത്തിന് തിരികൊളുത്തി ഒരു വിഭാഗത്തിന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നല്‍കിയതും ഇതിന്റെ ഭാഗമാണ്. ഉത്സവങ്ങളിലും ഉറൂസുകളിലും കച്ചവടം നടത്തി ജീവിക്കുന്ന സാധാരണക്കാരായ ചെറുകിട വ്യാപാരികളെ രണ്ട് ചേരിയിലാക്കി അവരുടെ ഉപജീവനമാര്‍ഗത്തില്‍ മണ്ണുവാരിയിടുന്ന ക്രൂരത കാണിക്കാനും അത് ആസ്വദിക്കാനും ഫാസിസത്തിന് മാത്രമേ സാധിക്കൂ. ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മാത്രമല്ല മുസ്ലിം വ്യാപാരികളെ പൊതുവിപണന രംഗത്തുനിന്ന് തന്നെ മൊത്തത്തില്‍ ബഹിഷ്‌കരിക്കുന്നതിനുള്ള പദ്ധതികളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. കര്‍ണാടകയില്‍ മാംസ വ്യാപാര രംഗത്ത് കൂടുതലുമുള്ളത് മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ കര്‍ണാടകയില്‍ വ്യാപകമായി തീവ്ര ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുസ്ലിം വ്യാപാരികളില്‍ നിന്ന് ഇതര മതത്തില്‍ പെട്ടവര്‍ മാംസം വാങ്ങരുതെന്നാണ് ഇത്തരം ബോര്‍ഡുകളിലുള്ളത്. ഇത് മാംസ വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. മാത്രമല്ല, കന്നുകാലി, ആട്, കോഴി മുതലായവയെ മാംസത്തിനു വേണ്ടി വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരുടെ തൊഴിലിനെയും ഇത് പ്രതികൂലമായി ബാധിക്കും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ജാതി-മത ഭേദമന്യേ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന അതിരുവിട്ട ദുഷ്പ്രവൃത്തിയിലാണ് സംഘ്പരിവാര്‍ ഏര്‍പ്പെടുന്നത്. ഇപ്പോഴിതാ റമസാന്‍ വ്രത മാസത്തില്‍ മുസ്ലിംകളുടെ ആരാധനാ കര്‍മങ്ങളെയും ബാങ്ക് വിളിയെയും തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിരോധനം കൊണ്ടുവന്നിരിക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഭരണഘടനാ തത്വമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനു മേല്‍ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുക. ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടനത്തിന് മുസ്ലിം ഡ്രൈവര്‍മാരെയോ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളോ വിളിക്കരുതെന്ന ആഹ്വാനവും കര്‍ണാടകയിലെ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നല്‍കിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന മുസ്ലിം ശില്‍പ്പികളെ ബഹിഷ്‌കരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഹിന്ദു ജാഗൃതി സമിതിയുടെ പേരില്‍ ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സജീവമാണ്.

അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പിന്‍ബലത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് നേരേ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ നമ്മുടെ ഭരണഘടന ഉദ്‌ബോധനം ചെയ്യുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മൗലികാവകാശവും മനുഷ്യാവകാശവും എവിടെപ്പോയെന്ന് ഉറക്കെ ചോദിക്കാന്‍ പോലും സാധിക്കാത്ത വിധം പൊതുസമൂഹം നിഷ്‌ക്രിയമായി പോകുകയാണ്. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്ക് നേരേ നീതിപീഠം പോലും കണ്ണടക്കുകയാണ്. ഹിജാബ് വിലക്കിയ നടപടിയെ കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചതോടെ ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഹിജാബ് ധരിച്ച എത്രയോ പെണ്‍കുട്ടികളാണ് അവിടെ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായുള്ള ഹിജാബ് ഒഴിവാക്കാന്‍ മനസ്സ് വരാതിരുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പരീക്ഷ പോലും നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ദക്ഷിണ കന്നഡ-ഉഡുപ്പി ജില്ലകളിലായി പതിനായിരത്തോളം പെണ്‍കുട്ടികള്‍ സര്‍ക്കാര്‍ കോളജുകളിലെയും സ്‌കൂളുകളിലെയും പഠനം അവസാനിപ്പിച്ചു.

ഇക്കൂട്ടത്തില്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുണ്ട്. മതപരമായ ജീവിതചര്യകള്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും ജീവശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിലക്കുകളെ അംഗീകരിക്കാനാകില്ല. ഹിജാബ് ഉപേക്ഷിച്ചാല്‍ മാത്രമേ പഠിക്കാന്‍ അനുവദിക്കൂവെന്ന് പറയുമ്പോള്‍ പഠനത്തേക്കാള്‍ മുന്‍ഗണന ഈ പെണ്‍കുട്ടികള്‍ ഹിജാബിന് നല്‍കുന്നത് ആ വിശ്വാസം അത്രമേല്‍ ദൃഢവും ശക്തവുമായതുകൊണ്ടാണ്. അതുകൊണ്ട് വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വേണ്ടെന്ന് തീരുമാനിക്കുന്ന കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. അതേസമയം, ഹിജാബ് വിലക്കുള്ളിടത്തെ പഠനം ഉപേക്ഷിക്കുന്ന കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ പെട്ടവരുണ്ട്. ഇവര്‍ക്ക് ഭീമമായ ഫീസ് നല്‍കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കേണ്ടിവരുമെന്നത് വലിയ വെല്ലുവിളിയുമാണ്. ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് തള്ളിവിട്ട കര്‍ണാടക സര്‍ക്കാറാണ് ഇതിനെല്ലാം സമാധാനം പറയേണ്ടത്. സമീപകാലം വരെ കര്‍ണാടകയിലെ നിര്‍ണായക രാഷ്ട്രീയ ശക്തികളായിരുന്ന കോണ്‍ഗ്രസ്സും ജനതാദളും നാള്‍ക്കുനാള്‍ ക്ഷയിക്കുന്നു. ജാതിശക്തികള്‍ക്ക് മേല്‍ക്കൈയുള്ള കര്‍ണാടകയിലെ സാമൂഹികാന്തരീക്ഷത്തില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനം ഉറപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കാനുള്ള പ്രാപ്തി നിലവിലുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ മതേതര കക്ഷികള്‍ക്കില്ല. എങ്കിലും സകല ശക്തിയും സംഭരിച്ച് നിലനില്‍പ്പിനും അതിജീവനത്തിനും പോരാടാന്‍ മതേതരകക്ഷികളും ന്യൂനപക്ഷങ്ങളും കൈകോര്‍ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

 



source https://www.sirajlive.com/secularism-is-a-mirage-here.html

Post a Comment

Previous Post Next Post