പമ്പുകളിൽ നിരക്കു കൊള്ള; അളവിൽ കൃത്രിമം

കോഴിക്കോട് സ്വദേശി ആശിസ് കഴിഞ്ഞ ദിവസം ഒരു പെട്രോൾ പമ്പിൽ നിന്നു 1,600 രൂപയുടെ പെട്രോൾ അടിച്ചപ്പോൾ കാറിന്റെ ടാങ്കിലെത്തിയത് ഏതാണ്ട് 700 രൂപയുടെ പെട്രോൾ മാത്രം. സാധാരണ ഗതിയിൽ 1,600 രൂപക്ക് ഇന്ധനം നിറച്ചാൽ ചുരുങ്ങിയത് 200 കി. മീറ്ററെങ്കിലും ഓടാറുണ്ട് അദ്ദേഹത്തിന്റെ വാഹനം. ഇത്തവണ 84 കി. മീറ്റർ ഓടിയപ്പോൾ ഇന്ധനം തീർന്നു, വാഹനം ഓഫായി. പെട്രോൾ പമ്പുകളിലെ കൃത്രിമം സംബന്ധിച്ചു ആശിസ് തന്റെ അനുഭവം നാല് ദിവസം മുമ്പ് ഫേസ്ബുക്കിൽ പങ്ക് വെച്ചപ്പോൾ, അതിനു പിന്നാലെ ഈ പമ്പിൽ നിന്നു ഇന്ധനം നിറച്ചപ്പോൾ നേരിട്ട തട്ടിപ്പിന്റെ കഥകൾ മറ്റു പലരും വെളിപ്പെടുത്തുകയുണ്ടായി.

ഒരു മാസം മുമ്പ് കൊല്ലത്തുകാരൻ ശിഹാബുദ്ദീൻ തന്റെ ബൈക്കിൽ പെട്രോ ൾ അടിക്കാൻ പള്ളിമുക്കിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിൽ ചെന്നു. 200 രൂപയുടെ പെട്രോൾ ആണ് ആവശ്യപ്പെട്ടത്. പമ്പ് ജീവനക്കാരൻ 200 രൂപക്ക് സെറ്റ് ചെയ്തു ഇന്ധനം നിറക്കാൻ ഒരുങ്ങുമ്പോൾ, ശിഹാബുദ്ദീൻ 850 മില്ലിഗ്രാം കൊള്ളുന്ന ഒരു ബോട്ടിൽ കാണിച്ചു ആദ്യം കുപ്പി നിറയെ അടിച്ചു ബാക്കി വണ്ടിയിലടിച്ചാൽ മതിയെന്ന് പറഞ്ഞു. അതുപ്രകാരം ജീവനക്കാരൻ കുപ്പിയിൽ 850 മില്ലിഗ്രാം അടിച്ചപ്പോഴേക്കും മീറ്ററിൽ 153 രൂപ നിരക്ക് രേഖപ്പെടുത്തിയിരുന്നു. അന്ന് പെട്രോൾ ലിറ്ററിന് വില 104 രൂപ. 850 മില്ലിഗ്രാം ആയപ്പോഴേക്കും മീറ്ററിൽ 153 രൂപ കാണിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മെഷീൻ തകരാറെന്നു പറഞ്ഞു ഒഴിഞ്ഞുമാറി ജീവനക്കാരൻ. ഈ പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയ പലരും ഈ വിധത്തിൽ കബളിക്കപ്പെട്ട വിവരം പിന്നീട് പുറത്തു വന്നു.

പമ്പുകളിൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന ഇത്തരം അനുഭവ കഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മാധ്യമങ്ങൾ വഴി അടിക്കടി പുറത്തു വരാറുണ്ട്. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് പല പമ്പുകളിലും പെട്രോൾ ഡീസൽ അളവിൽ കൃത്രിമം കാണിക്കുന്നത്. 2020 സെപ്തംബറിൽ തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ പോലീസും മെട്രോളജി വിഭാഗവും നടത്തിയ പരിശോധനകളിൽ ചിപ്പ് ഉപയോഗിച്ചുള്ള കൃത്രിമം കണ്ടെത്തുകയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 17ഉം ഭാരത് പെട്രോളിയം കോർപറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെയും എസാറിന്റെയും രണ്ട് വീതവും പമ്പുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഉത്തർ പ്രദേശിൽ നടന്ന പരിശോധനയിൽ സംസ്ഥാനത്തെ 80 ശതമാനം പമ്പുകളിലും റിമോട്ട് കൺട്രോൾ ചിപ്പ് ഉപയോഗിച്ചു ഇന്ധന തട്ടിപ്പ് നടത്തുന്നതായി യു പി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് കണ്ടെത്തി. പെട്രോൾ പമ്പിലെ ഇന്ധനം നിറക്കുന്ന യന്ത്രത്തിൽ ഇലക്ട്രീഷ്യന്റെ സഹായത്തോടെ ചിപ്പ് ഘടിപ്പിക്കുകയും വാഹനങ്ങളിൽ ഇന്ധനം നിറക്കുമ്പോൾ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി ഒരു പെട്രോൾ പമ്പ് ശരാശരി മാസത്തിൽ 12-15 ലക്ഷം രൂപ വരെ കൂടുതലായി സമ്പാദിക്കുന്നുണ്ടത്രേ. മൂന്ന് വർഷം മുമ്പ് പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനകളിൽ പമ്പുകളിലെ ഇത്തരം കൃത്രിമവും ലൂബ്രിക്കന്റ് ഓയിലിനു എം ആർ പിയേക്കാൾ കൂടുതൽ വില ഈടാക്കുന്നതായും കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിൽ പമ്പുകൾ അളവിൽ കൃത്രിമം കാണിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്നു ലീഗൽ മെട്രോളജി വിഭാഗം അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞു ഒരേ സമയം നാല് ജില്ലകളിൽ പരിശോധന നടത്തിയത്.

കൃത്രിമം കാണിക്കുന്ന പമ്പുകൾക്കെതിരെ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ നിയമ നടപടികളുണ്ടാകുന്നില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനും വ്യാപകമാകാനും കാരണം. നടേ പറഞ്ഞ കൊല്ലം പള്ളിമുക്ക് സംഭവത്തിൽ ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും ലീഗൽ മെട്രോളജി വിഭാഗവുമെല്ലാം പരിശോധന നടത്തിയെങ്കിലും പമ്പിനെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നു പറയപ്പെടുന്നു. അതേസമയം മറ്റു പല രാജ്യങ്ങളും കടുത്ത ശിക്ഷ പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നത് കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾ കുറവാണ്.

സഊദി അറേബ്യയിൽ പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും പ്രഖ്യാപിച്ചിട്ടുണ്ട് വാണിജ്യ മന്ത്രാലയം. നിയമ ലംഘകൻ വിദേശിയാണെങ്കിൽ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. കൂടാതെ സ്ഥാപനത്തിന്റെ വാണിജ്യ രജിസ്‌ട്രേഷൻ റദ്ദാക്കൽ, നിയമ ലംഘകരുടെ പേരു വിവരങ്ങളും അവർ ചെയ്ത ലംഘനങ്ങളും ലഭിച്ച ശിക്ഷയും സ്വന്തം ചെലവിൽ പരസ്യം ചെയ്യൽ തുടങ്ങിയ നടപടികളുമുണ്ട്.

മൈക്രോചിപ്പുകൾ ഘടിപ്പിച്ചു ഇന്ധനത്തിന്റെ അളവിൽ കുറവ് വരുത്തി തട്ടിപ്പ് നടത്തുന്ന പമ്പുകൾക്കെതിരേ നടപടി വേണമെന്ന് 2019 ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷകനായ അമിത് സാഹ്നി സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേ ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിനും പെട്രോളിയം മന്ത്രാലയത്തിനും ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പെട്രോൾ പമ്പുകളിൽ നിലവിൽ ഉപയോഗിക്കുന്ന കറുത്ത പൈപ്പിനു പകരം ടാങ്കിൽ നിന്നു വാഹനത്തിലേക്ക് ഇന്ധനം കടന്നു പോകുന്നത് കാണാൻ ഉപഭോക്താവിനു കാണാൻ സാധിക്കുന്ന സുതാര്യമായ പൈപ്പ് ഉപയോഗിക്കുക, നിശ്ചിത അളവിലുള്ള ഇന്ധനം ആദ്യം സുതാര്യമായ പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിൽ നിന്ന് വാഹനത്തിലേക്ക് ഒഴിക്കുക തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ പമ്പുകളിലെ കൃത്രിമം ഇല്ലാതാക്കാനാകുമെന്നു ഹരജിയിൽ അമിത് സാഹ്നി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും സർക്കാർ ഭാഗത്തു നിന്ന് ഒരു ഉത്തരവോ, തട്ടിപ്പ് തടയാൻ സഹായകമായ നടപടികളോ ഉണ്ടായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കു ഇന്ധനത്തിൽ നിന്നുള്ള ഭീമമായ നികുതി വരുമാനം കിട്ടണമെന്നതിലപ്പുറം ഉപഭോക്താവിന്റെ കാര്യമെന്തെങ്കിലുമാകട്ടെ എന്ന നിലപാടാണോ?



source https://www.sirajlive.com/rate-robbery-at-pumps-quantitatively-artificial.html

Post a Comment

Previous Post Next Post