സിബലുമാരെ പിടിച്ചുനിര്‍ത്താന്‍ ഈ കോണ്‍ഗ്രസ്സിനാകില്ല

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സി (ഇന്ദിര)ല്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞുപോകുന്നതോ അടുത്ത ബസുപിടിച്ച് ബി ജെ പി ഓഫീസിലെത്തി കാവിത്തുണി പുതക്കുന്നതോ ഇക്കാലത്ത് വാര്‍ത്തയല്ല. 2014ലെ പൊതു തിരഞ്ഞെടുപ്പിലേറ്റ വലിയ പരാജയവും തുടര്‍ന്നങ്ങോട്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും താത്കാലിക തിരിച്ചടിയായി കാണുകയും ഭരണവിരുദ്ധ വികാരമുണരുമ്പോള്‍ ജനങ്ങളുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സാകുമെന്നും രാജ്യത്തെല്ലായിടത്തും പാദമുദ്ര ശേഷിക്കുന്ന ഏക പാര്‍ട്ടിയെന്ന നിലക്ക് ബി ജെ പിക്കും സംഘ്പരിവാറിനുമെതിരായ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ്സല്ലാതെ മറ്റാര്‍ക്കുമിരിക്കാന്‍ സാധിക്കില്ലെന്നും ചിന്തിച്ച് കാലം കഴിച്ച നേതൃത്വം പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് വേഗം കൂട്ടി. ലഭിക്കാമായിരുന്ന അധികാരം കൃത്യസമയത്ത് കൃത്യമായ കരുനീക്കം നടത്താതെ നഷ്ടപ്പെടുത്തിയും ലഭിച്ച അധികാരം പടലപ്പിണക്കത്തിനൊടുവില്‍ ബി ജെ പിക്ക് സമ്മാനിച്ചും മൂപ്പിളമത്തര്‍ക്കം പൊലിപ്പിച്ച് ഉറപ്പുള്ള വിജയം പോലും ഇല്ലാതാക്കിയും ശേഷിച്ച സംഘടനാ സംവിധാനം കൂടുതല്‍ ദുര്‍ബലമാക്കാന്‍ മടിക്കാത്ത നേതാക്കളിലും അത്തരം നേതാക്കളെ വരുതിക്കുനിര്‍ത്തി, സംഘടനയെ നിലനിര്‍ത്താന്‍ ശേഷിയുള്ളവരല്ല തങ്ങളെന്ന് വെളിവാക്കുന്ന നേതൃത്വത്തിലും എത്രകാലം വിശ്വാസമര്‍പ്പിക്കുമെന്ന ചോദ്യം ഓരോ കോണ്‍ഗ്രസ്സുകാരനും സ്വയം ചോദിക്കുന്നുണ്ടാകണം.

ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ വരികയും കാവിത്തുണിയുടെ തണലില്‍ മാത്രമേ അധികാരത്തിന് സാധ്യതയുള്ളൂവെന്ന് കരുതുകയും അധികാരമില്ലാതെ നിലനില്‍ക്കുന്നത് മൃതിയേക്കാള്‍ ഭയാനകമെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നേതാക്കളും അണികളുമാണ് മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ച് തലേന്ന് വരെ പറഞ്ഞത് വിഴുങ്ങി ബി ജെ പി ഓഫീസുകളുടെ തിണ്ണയില്‍ ഊഴം കാത്തിരിക്കുന്നത്. മൃദുഹിന്ദുത്വ നിലപാടില്‍ നിന്ന് തീവ്ര ഹിന്ദുത്വയിലേക്ക് മാറുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന വസ്തുത അവിടെയുണ്ടെന്നത് കാണാതിരിക്കുന്നില്ല. സാമ്പത്തികം, വിദേശകാര്യം, സബ്സിഡി, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ സ്വീകരിക്കുകയും അത് കൂടുതല്‍ വേഗം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി ജെ പി, കൈപ്പത്തി നീട്ടുന്നവര്‍ക്ക് താമരത്തണ്ട് പിടിക്കുക എന്നത് എളുപ്പത്തിലാക്കുകയും ചെയ്യുന്നു. അധികാരത്തിനൊപ്പം ലോഭമില്ലാതെ ഒഴുകുന്ന പണവും പ്രലോഭനമായി മുന്നിലുണ്ട്. ഡല്‍ഹി മുതല്‍ തൃശൂര്‍ വരെ കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയില്‍ ചേക്കേറുന്നവരുടെ കാര്യത്തിലുള്ള പൊതു സംഗതികള്‍ ഇതൊക്കെയാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സ് വിട്ട്, സി പി എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളുടെയും ഭാഗമാകാന്‍ ശ്രമിക്കുന്നവരുടെ കാര്യത്തിലും അധികാരം, പദവി, പണം ഒക്കെ ഘടകമായുണ്ട്.

ഇത്തരക്കാരെ അധികാരാവസരങ്ങള്‍ മുന്നില്‍ക്കണ്ട് ചേരിമാറുന്നവരെന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സി(ഇന്ദിര)ന്റെ പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് തങ്ങളെന്ന് മേനിനടിക്കാന്‍ അവിടെ ശേഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. കൊഴിഞ്ഞുപോക്ക് സംഘടനയുടെ കാതലിനുണ്ടാക്കുന്ന കേട് തിരിച്ചറിയുന്നതിന് പകരം, വിട്ടുപോയവരെ അധിക്ഷേപിച്ച് തൃപ്തിയടയുന്ന കോണ്‍ഗ്രസ്സ് നേതാക്കളെയാണ് പതിവായി കാണുന്നത്. ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്ന കെ വി തോമസ്, അക്കരപ്പച്ച കണ്ടാണെങ്കില്‍പ്പോലും, പാര്‍ട്ടി വിട്ടപ്പോള്‍ ഇത്രയും കാലം അദ്ദേഹത്തെ സഹിച്ചതിന്റെ വേദന പങ്കുവെക്കാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരളത്തിലില്ല.

മേല്‍പ്പറഞ്ഞ പട്ടികയില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നുണ്ട് കപില്‍ സിബലെന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ കോണ്‍ഗ്രസ്സില്‍ നിന്നുള്ള പടിയിറക്കം. കോണ്‍ഗ്രസ്സിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി, അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച്, ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പാകത്തിലുള്ള ഇടപെടലുകള്‍ നടത്തി നേതാവായ ആളല്ല കപില്‍ സിബല്‍. അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്സിന്റെ ഭാഗമായയാളാണ്. കാലാകാലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിയവരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തി പാര്‍ലിമെന്ററി സ്ഥാനങ്ങളും കേന്ദ്ര മന്ത്രി സ്ഥാനവും നേടിയെടുത്തയാളാണ്. പി വി നരസിംഹ റാവു എ ഐ സി സി പ്രസിഡന്റും പ്രധാനമന്ത്രിയുമായിരിക്കെ കോണ്‍ഗ്രസ്സിന്റെ ഭാഗമാകുകയും പിന്നീട് സോണിയാ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷയായപ്പോള്‍ അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്ത് സ്ഥാനമാനങ്ങള്‍ നേടിയയാള്‍. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെന്ന സ്ഥാനം, പാര്‍ട്ടിയിലും പാര്‍ലിമെന്ററി രംഗത്തും സിബലിനെ സഹായിച്ചിട്ടുമുണ്ട്. അത്തരമൊരാള്‍ കോണ്‍ഗ്രസ്സ് മെലിഞ്ഞപ്പോള്‍ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവരുന്നതില്‍ അപാകം കാണുന്നവരുണ്ട്. അതില്‍ ശരിയുണ്ട് താനും.

നരേന്ദ്ര മോദിയുടെ ശബ്ദഘോഷങ്ങളിലും സംഘ്പരിവാരത്തിന്റെ സംഘടനാ ശേഷിയിലും വ്യാജ പ്രചാരണത്തിലുള്ള മിടുക്കിലും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധങ്ങള്‍ കൃത്യമായി വിന്യസിച്ച് ഉപയോഗിക്കുന്നതിലുള്ള മിടുക്കിലും രാഷ്ട്രീയവും അധികാരവും നിര്‍ണയിക്കപ്പെടുമ്പോള്‍ നിശ്ശബ്ദമായിരിക്കുന്നതിലെ അതൃപ്തിയാണ് സിബലുള്‍പ്പെടെ, ജി – 23 എന്ന പേരില്‍ അറിയപ്പെട്ട കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചത്. ജനത്തിന് അനുഭവവേദ്യമാകുന്ന നേതൃത്വമില്ലാതെ, നടപ്പാക്കപ്പെടുന്ന വിഭജനാധിഷ്ഠിത നയങ്ങള്‍ക്ക് കൃത്യമായ ബദലില്ലാതെ, ആ ബദല്‍ ജനമനസ്സിലെത്തിക്കാനുള്ള സംഘടനാ സംവിധാനമില്ലാതെ പഴയ കാലത്തെ പ്രൗഢിയുടെ സ്മരണയില്‍ ലയിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അവര്‍ തുറന്നുപറഞ്ഞു. 2004ല്‍ അരങ്ങേറിയ കാലം മുതലിതുവരെയുള്ള പ്രവര്‍ത്തനം പരിശോധിച്ചാല്‍ പരാജയത്തിന്റെ കണക്കുകള്‍ മാത്രമുള്ള രാഹുല്‍ ഗാന്ധിയെ (എത്രത്തോളം ആത്മാര്‍ഥമായി സംഘ്പരിവാരത്തെ ചെറുത്താലും) മുന്നില്‍ നിര്‍ത്തി സംഘടനയെ ഉത്തേജിപ്പിക്കാനാകില്ലെന്ന തിരിച്ചറിവില്‍ നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാവിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. നെഹ്റു കുടുംബാംഗം നേതൃത്വത്തിലില്ലെങ്കില്‍ പാര്‍ട്ടിയിലെ ഐക്യം തകരുമെന്ന യാഥാസ്ഥിതികരുടെ ഭയത്തേക്കാള്‍ ഇതിനകം തകര്‍ന്നതിനപ്പുറമൊന്നും ഇനി തകരാനില്ലെന്ന തിരിച്ചറിവും പുതിയൊരാള്‍ നേതൃസ്ഥാനത്തെത്തിയാല്‍ സൃഷ്ടിക്കപ്പെടാനിടയുള്ള ഊര്‍ജത്തെക്കുറിച്ചുള്ള സിബലിന്റെ പ്രതീക്ഷയുമായിരുന്നു പുതിയ കാലത്ത് പ്രായോഗിക രാഷ്ട്രീയം. ആ ചിന്ത, ജി 23 ആയി കൂടെ നിന്നവര്‍ പോലും കൈയൊഴിയുന്നുവെന്ന് മനസ്സിലാക്കിയപ്പോഴാകണം കോണ്‍ഗ്രസ്സ് വിട്ടൊരു പരീക്ഷണത്തിന് സിബല്‍ തയ്യാറായത്.

അമിത് ഷായെ കണ്ട് ചര്‍ച്ചനടത്തി, കാവിത്തുണി കഴുത്തിലണിഞ്ഞിരുന്നുവെങ്കില്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ഉറപ്പിക്കാമായിരുന്നു സിബലിന്. അതിനപ്പുറത്ത്, ഭീഷണമായ ഇക്കാലത്ത് പാര്‍ലിമെന്റിനുള്ളില്‍ കഴിയാവുന്ന പ്രതിരോധം തീര്‍ക്കുക എന്നതാണ് തനിക്ക് ചെയ്യാവുന്നതെന്ന വ്യക്തമായ ബോധ്യത്തോടെ എസ് പിയുടെ പിന്തുണ തേടി രാജ്യസഭയിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഒപ്പം അധികാരം ബുള്‍ഡോസറിന്റെ രൂപത്തിലെത്തുമ്പോള്‍ അതിനെ കോടതി വഴി ചോദ്യം ചെയ്യാനും.

പദവികള്‍ക്കായി ചേരിമാറിയ നേതാക്കളെ തള്ളിപ്പറയുകയോ ഇകഴ്ത്തുകയോ ചെയ്തത് പോലെ കപില്‍ സിബലിനോട് പെരുമാറാന്‍ സാധിക്കില്ല എന്നതാണ് കോണ്‍ഗ്രസ്സ് നേരിടുന്ന വെല്ലുവിളി. തീവ്ര ഹിന്ദുത്വം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് മാറുമ്പോള്‍ യോജിച്ചുനിന്ന് പൊരുതുക എന്ന ആശയത്തില്‍ ഊന്നി നിന്നാണ് സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തീരുമാനിക്കുമ്പോള്‍ ആ പോരാട്ടത്തിന് ബലമേകാന്‍ തങ്ങളുണ്ടാകുമെന്ന സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. അത്തരമൊരു സന്ദേശം ഇക്കാലത്തിനിടെ കോണ്‍ഗ്രസ്സ് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യമാണ് സിബല്‍ യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത്. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചേര്‍ന്ന ചിന്തന്‍ ശിബിരത്തിന് ശേഷം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബി ജെ പിയെ തടയാനുള്ള കരുത്തില്ല എന്ന് എ ഐ സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമ്പോള്‍, പാര്‍ട്ടിയിലെ നവീകരണം ആവശ്യപ്പെട്ട് കപില്‍ സിബലിനൊപ്പം നിന്നവര്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായി വീണ്ടും ജ്ഞാനസ്നാനം ചെയ്ത് പുതിയ പദവികള്‍ക്കായി വരിനില്‍ക്കുമ്പോള്‍, മതനിരപേക്ഷ ജനാധിപത്യമെന്ന ആശയത്തിന് പിന്നില്‍ സ്ഥിരതയോടെ നിലകൊണ്ട നേതാവായി കപില്‍ സിബല്‍ രേഖപ്പെടുത്തപ്പെടും. രാജ്യം ഭരിക്കേണ്ടത് ഹിന്ദുക്കളാണ്, ഹിന്ദുത്വ വാദികളല്ലെന്ന് പ്രഖ്യാപിച്ച് മൃദുഹിന്ദുത്വം തന്നെയാണ് അധികാരത്തിലേക്കുള്ള വഴിയെന്ന് തിട്ടപ്പെടുത്തുന്നവര്‍ക്ക് സിബലുമാരെ നിലനിര്‍ത്താനാകില്ല. തീവ്ര ഹിന്ദുത്വം എല്ലാ ആയുധങ്ങളും പ്രയോഗിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ മാര്‍ഗമെന്തെന്ന് ആലോചിക്കൂ എന്നാണ് ബി ജെ പി ഇത്രത്തോളം കരുത്താര്‍ജിക്കാതിരുന്ന രണ്ടായിരത്തിലും ഈ 2022ലും കപില്‍ സിബല്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെടുന്നത്. രാജിവെച്ചിറങ്ങി സ്വതന്ത്ര പാര്‍ലിമെന്റേറിയനാകാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം ആവശ്യപ്പെടുന്നത് മറ്റൊന്നല്ല. നെഹ്റു കുടുംബത്തോടുള്ള കൂറിനേക്കാള്‍ വലുതാണ് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സി (ഇന്ദിര)ന് രാജ്യത്തോടുള്ള ഉത്തരവാദിത്വമെന്ന് ഓര്‍മിപ്പിക്കാനുള്ള ചെറിയ ശ്രമമാണ് കപില്‍ സിബല്‍ നടത്തുന്നത് എന്ന് തന്നെ കരുതണം.

 



source https://www.sirajlive.com/this-congress-will-not-be-able-to-hold-back-the-sibals.html

Post a Comment

Previous Post Next Post