ഗ്യാന്‍വാപി: കോടതി വ്യവഹാരങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്‌

1986ല്‍ ഫൈസാബാദ് ജില്ലാ കോടതി ബാബരി മസ്ജിദ് സംബന്ധമായി പുറപ്പെടുവിച്ച വിധിയാണ് പള്ളിയുടെ തകര്‍ച്ചയിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത് എന്നത് പില്‍ക്കാലത്തുണ്ടായ വലിയ തിരിച്ചറിവായിരുന്നു. ഭരണകൂടങ്ങള്‍ക്ക് വോട്ട് ബേങ്ക് സംരക്ഷിക്കേണ്ടത് പ്രധാനമായിരിക്കാം. അതേസമയം നീതിപീഠങ്ങള്‍ക്ക് നീതിയിലല്ലാതെ മറ്റെന്തിലാണ് താത്പര്യമുണ്ടാകേണ്ടത്. ബാബരിയില്‍ ദീര്‍ഘകാല രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചെത്തിയവര്‍ക്ക് മുമ്പില്‍ പള്ളിയുടെ ഗേറ്റുകള്‍ തുറന്നിടാനനുവദിച്ച പ്രസ്തുത വിധി ‘മന്ദിര്‍ വഹിന്‍ ബനേയെങ്കെ’ എന്ന പേരില്‍ സംഘ്പരിവാറിന് രാജ്യത്താകമാനം സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കാനും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുമുള്ള അവസരമൊരുക്കി.

ബാബരി മസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് ഫൈസാബാദ് ജില്ലാ ജഡ്ജി കെ എം പാണ്ഡെ പുറപ്പെടുവിച്ച വിധി പല നിലയില്‍ നീതിക്ക് നിരക്കാത്തതും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതുമായിരുന്നു. പ്രസ്തുത സിവില്‍ കേസിലെ കക്ഷി അല്ലാത്ത ഒരാളുടെ അപേക്ഷയിലാണ് എതിര്‍ കക്ഷിയെ കേള്‍ക്കാതെ ഏകപക്ഷീയ വിധി ഫൈസാബാദ് ജില്ലാ കോടതി പുറപ്പെടുവിച്ചത്. എല്ലാ നീതി സങ്കല്‍പ്പങ്ങളുടെയും അടിത്തറയാണ് സ്വാഭാവിക നീതി എന്നത്. മറുഭാഗത്തെക്കൂടെ കേള്‍ക്കുന്നതിലാണല്ലോ നീതിവിചാരം ആരംഭിക്കുന്നത് തന്നെ. അതിന് സന്നദ്ധമാകാതെ പക്ഷപാതിത്വം നിറഞ്ഞ വിധി പ്രഖ്യാപിക്കുമ്പോള്‍ നീതിപീഠമെന്ന വാക്ക് പോലും അര്‍ഥരഹിതമായിത്തീരുന്നു. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് ആദമിനും ഹവ്വക്കും ലഭിച്ച നീതിയാണ് സ്വാഭാവിക നീതി. അത് നിഷേധിക്കപ്പെട്ടാല്‍ പിന്നെയെവിടെയാണ് നീതിയെന്നാണ് കഴിഞ്ഞ വാരം ഒരു കേസ് പരിഗണിക്കവെ ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അലഹബാദ് ഹൈക്കോടതിയിലിരിക്കെയാണ് ഫൈസാബാദ് ജില്ലാ ജഡ്ജി ഹിന്ദു വിശ്വാസികള്‍ക്ക് ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ തുറന്നുകൊടുത്ത വിധി പുറപ്പെടുവിച്ചത്. യഥാര്‍ഥത്തില്‍ അത്തരമൊരു വിധി പ്രഖ്യാപിക്കാന്‍ ജില്ലാ കോടതിക്ക് കഴിയുമായിരുന്നില്ല. കേസില്‍ കക്ഷിയല്ലാത്ത മൂന്നാം കക്ഷിയുടെ ഹരജിയില്‍ പ്രത്യേകിച്ചും. നീതിബോധത്തെ മാറ്റിവെച്ചുകൊണ്ട് മാത്രം പുറപ്പെടുവിക്കാന്‍ സാധിച്ച വിധിയായിരുന്നു അത്. 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ക്ക് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്കുള്ള വഴിവെട്ടാന്‍ ബാബരിയുടെ കവാടങ്ങള്‍ തുറന്നുകൊടുത്ത നിയമവിരുദ്ധ നടപടി സഹായിച്ചു എന്ന് അയോധ്യ ഉടമസ്ഥാവകാശ കേസില്‍ 2010ല്‍ അലഹബാദ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ബാബരി ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി വരെ തുടര്‍ന്നും നീതിന്യായ സംവിധാനത്തിന്റെ ഒളിച്ചുകളിയും ഉദാസീന സമീപനങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. നിയമവിരുദ്ധമായ കൈയേറ്റങ്ങളോട് നിസ്സംഗ നിലപാട് സ്വീകരിച്ച നീതിപീഠങ്ങള്‍ അത് വഞ്ചനയായിപ്പോയെന്ന് പിന്നീട് ഏറ്റുപറയുകയായിരുന്നു.

ക്രമസമാധാന പ്രശ്നമുണ്ടാകില്ലെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ഉറപ്പ് കണ്ണുംപൂട്ടി സ്വീകരിച്ചായിരുന്നല്ലോ അയോധ്യയില്‍ പ്രതീകാത്മക കര്‍സേവക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. പക്ഷേ ഉറപ്പിന് വിരുദ്ധമായി ബാബരിയുടെ താഴികക്കുടങ്ങള്‍ നിലംപതിക്കുന്നതാണ് രാജ്യം നടുക്കത്തോടെ കണ്ടത്. അതേസമയം കര്‍സേവ നടക്കാനിരുന്ന ഭൂമിയുടെ റസീവറായി കേന്ദ്ര സര്‍ക്കാറിനെ പരിഗണിക്കണമെന്നും പള്ളി തകര്‍ക്കാന്‍ പദ്ധതി ഉണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടും സുപ്രീം കോടതി രണ്ടംഗ ബഞ്ചിന് മുമ്പില്‍ ആവര്‍ത്തിച്ചിരുന്നു അറ്റോര്‍ണി ജനറലായിരുന്ന മിലന്‍ ബാനര്‍ജി. അതംഗീകരിച്ചിരുന്നുവെങ്കില്‍ ബാബരി തകര്‍ക്കപ്പെടില്ലായിരുന്നെന്ന് പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍സേവയോട് സ്വീകരിച്ച നിലപാടിന്റെ വെളിച്ചത്തില്‍ തീര്‍ത്ത് പറയാവതല്ലെങ്കിലും കേന്ദ്ര ഭരണകൂടത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമായിരുന്നു. പള്ളി തകര്‍ക്കപ്പെട്ടാല്‍ മുഖ്യ പ്രതിസ്ഥാനത്ത് യു പിയിലെ കല്യാണ്‍ സിംഗിന്റെ ബി ജെ പി സര്‍ക്കാറിന് പകരം പരമോന്നത നീതിപീഠത്തിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാതെ പോയതിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വരുമായിരുന്നു. അത് ചെറുതല്ലാത്ത സമ്മര്‍ദമായിരുന്നു കോണ്‍ഗ്രസ്സിന് ഉണ്ടാക്കുക. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ സുപ്രീം കോടതി കര്‍സേവ അനുവദിക്കുകയും ഉത്തര്‍ പ്രദേശ് ഭരണകൂടത്തെ വിശ്വാസത്തിലെടുക്കുകയുമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന പ്രത്യേക സിറ്റിംഗില്‍ പരമോന്നത കോടതിയുടെ ചരിത്രത്തില്‍ ഇന്നോളം നടന്നിട്ടില്ലാത്ത ക്രൂരമായ കോടതിയലക്ഷ്യം എന്ന് പറഞ്ഞ സുപ്രീം കോടതി, പക്ഷേ അതിന് ഹേതുവായ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെതിരെ കാര്യമായ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതുമില്ല.

ബാബരിയിലെ തനിയാവര്‍ത്തനങ്ങള്‍ ഗ്യാന്‍വാപിയില്‍ ദൃശ്യമാകുന്ന വര്‍ത്തമാനകാല സാഹചര്യത്തിലാണ് ഇത്രയും കുറിച്ചത്. ഗ്യാന്‍വാപി മസ്ജിദിന് സമീപത്തെ ക്ഷേത്രത്തില്‍ പ്രാര്‍ഥന അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട അന്യായത്തിലെ നിയമ വ്യവഹാരമാണിപ്പോള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. 1991ലെ ആരാധനാ സ്ഥല നിയമം മുന്‍നിര്‍ത്തി മസ്ജിദ് കമ്മിറ്റി അന്യായത്തെ എതിര്‍ത്തെങ്കിലും വാരണാസിയിലെ സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ഗ്യാന്‍വാപി മസ്ജിദില്‍ അഡ്വക്കറ്റ് കമ്മീഷന്‍ സര്‍വേക്കും പരിശോധനക്കും ഉത്തരവിട്ടു. സര്‍വേ പൂര്‍ണമാകുകയോ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് മസ്ജിദിന്റെ വുളുഖാനയില്‍ അഡ്വക്കറ്റ് കമ്മീഷന്‍ ശിവലിംഗം കണ്ടെത്തിയെന്ന അന്യായക്കാരന്റെ വാദത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഇടം സീല്‍ ചെയ്യാന്‍ ഉത്തരവിറക്കുകയായിരുന്നു. മുഖ്യ അഡ്വക്കറ്റ് കമ്മീഷണര്‍ തത്സാഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടുവെങ്കിലും ശിവലിംഗം കണ്ടെത്തിയെന്ന വാദം അന്യായക്കാരന്‍ ഉയര്‍ത്തിയ അതേ ദിവസം തന്നെ വുളുഖാന സീല്‍ ചെയ്യാനുള്ള ഉത്തരവിറക്കി സിവില്‍ കോടതി. എതിര്‍കക്ഷിയുടെ നിലപാട് ആരായുകയോ തങ്ങളുടെ ആക്ഷേപം ഫയല്‍ ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കുകയോ ചെയ്യാതെയായിരുന്നു വാരാണസി സിവില്‍ കോടതി ജഡ്ജിയുടെ നടപടി. 1986ല്‍ ബാബരിയില്‍ ഫൈസാബാദ് ജില്ലാ കോടതി വരുത്തിയ പിഴവ് ഇതിന്റെ നേര്‍ പ്രാഗ് രൂപം എന്ന് മാത്രമേ കരുതേണ്ടതുള്ളൂ.

ഗ്യാന്‍വാപി മസ്ജിദിന് മേല്‍ 1991ല്‍ സമര്‍പ്പിക്കപ്പെട്ട ഉടമസ്ഥാവകാശ കേസില്‍ 2021 ഏപ്രിലില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ സര്‍വേക്ക് ഉത്തരവിട്ടിരുന്നു വാരാണസി സിവില്‍ കോടതി. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട സിവില്‍ അന്യായങ്ങള്‍ പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഒരുത്തരവില്‍ സ്റ്റേ ചെയ്ത കാര്യം മുഖവിലക്കെടുക്കാതെയായിരുന്നു എ എസ് ഐ സര്‍വേ നടത്താനുള്ള സിവില്‍ കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഹൈക്കോടതി റൂളിംഗ് മറികടന്ന സിവില്‍ കോടതി ജഡ്ജിയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച അലഹബാദ് ഹൈക്കോടതി എ എസ് ഐ സര്‍വേ സ്റ്റേ ചെയ്യുകയുണ്ടായി. ബാബരി മസ്ജിദിന്റെ ഗേറ്റുകള്‍ തുറന്നുകൊടുത്ത വിധി ഫൈസാബാദ് ജില്ലാ കോടതി 1986ല്‍ പ്രഖ്യാപിക്കുമ്പോഴും അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു കേസുമായി ബന്ധപ്പെട്ട ഫയലുകളൊക്കെയും. നിയമവും നീതിയും അകന്നുപോയതിന്റെ ചരിത്രം അതേപടി ആവര്‍ത്തിക്കുന്നതാണിവിടെ കാണുന്നത്.

ഗ്യാന്‍വാപി മസ്ജിദിലെ വുളുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കണമെന്ന വാരാണസി സിവില്‍ കോടതി ജഡ്ജിയുടെ ഉത്തരവ് ശരിവെച്ച സുപ്രീം കോടതി മുസ്ലിംകള്‍ക്ക് ആരാധന നടത്താനുള്ള അവസരം നിഷേധിക്കരുതെന്നും വിധി പുറപ്പെടുവിച്ചു. അതേസമയം വാരാണസി സിവില്‍ കോടതി ജഡ്ജിയുടെ പരിഗണനയില്‍ നിന്ന് ജില്ലാ ജഡ്ജിയിലേക്ക് നിയമ വ്യവഹാരം മാറ്റിയിട്ടുണ്ട് പരമോന്നത നീതിപീഠം. സീനിയോരിറ്റിയും പരിചയ സമ്പത്തുമുള്ള മേല്‍ കോടതി ജഡ്ജി പരിഗണിക്കുന്നതാകും അഭികാമ്യം എന്ന് സുപ്രീം കോടതി കരുതിയിരിക്കുകയാണ്. സെന്‍സിറ്റീവായ ഇത്തരം നിയമ വ്യവഹാരങ്ങള്‍ അവധാനതയോടെയും സംഘര്‍ഷങ്ങള്‍ക്ക് വിട്ടുകൊടുക്കാതെയും വേണം കൈകാര്യം ചെയ്യാനെന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. ബാബരി മസ്ജിദ് ധ്വംസനം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയപ്പോഴും ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതി വിധിയിലും 1991ലെ ആരാധനാലയ സ്ഥല നിയമത്തിന്റെ നിയമസാധുത ശരിവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിയമ തത്ത്വങ്ങള്‍ക്ക് യോജിക്കാത്തതും നടപടിക്രമങ്ങള്‍ പാലിക്കാത്തതുമായ കീഴ്കോടതി നടപടി തള്ളുകയായിരുന്നു പരമോന്നത നീതിപീഠം ചെയ്യേണ്ടിയിരുന്നത്. 1991ലെ പ്രസ്താവിത നിയമം ചൂണ്ടിക്കാട്ടി ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി ഖണ്ഡനം നടത്തിയ ഘട്ടത്തില്‍ വിശേഷിച്ചും. പക്ഷേ അതുണ്ടായില്ലെന്നതും വിവാദ നിയമ വ്യവഹാരങ്ങള്‍ക്ക് മറവില്‍ പതിയിരിക്കുന്ന ഭരണകൂട അജന്‍ഡകളോട് നിയമത്തിന്റെയും നീതിയുടെയും കര്‍ക്കശ ഭാഷയില്‍ സംസാരിക്കാന്‍ നീതിപീഠം വിമുഖത കാണിക്കുന്നതും ഗ്യാന്‍വാപിയില്‍ ബാബരിയുടെ പ്രതിബിംബത്തെയാണ് കുറച്ചെങ്കിലും പ്രതിഫലിപ്പിക്കുന്നത്.

 

 



source https://www.sirajlive.com/gyanwapi-hidden-in-court-proceedings.html

Post a Comment

أحدث أقدم