വിവേക ശൂന്യമായ നടപടിയായിപ്പോയി മോദി സര്‍ക്കാറിന്റെ നോട്ട് നിരോധമെന്ന പ്രതിപക്ഷാരോപണത്തിന് കൂടുതല്‍ ബലമേകുന്നതാണ് റിസര്‍വ് ബേങ്കിന്റെ പുതിയ വാര്‍ഷിക റിപോര്‍ട്ട്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് പുതിയ റിപോര്‍ട്ടില്‍ പറയുന്നത്. 500 രൂപയുടെയും 2,000 രൂപയുടെയും കള്ളനോട്ടുകളിലാണ് കൂടുതല്‍ വര്‍ധന. 500ന്റെ കള്ളനോട്ടില്‍ 101.9 ശതമാനത്തിന്റെയും 2,000ത്തിന്റെ കള്ളനോട്ടില്‍ 54.16 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.
കള്ളപ്പണത്തിന്റെ ഒഴുക്കും കള്ളനോട്ട് തടയാനുമെന്ന പേരിലാണ് 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ 500ന്റെയും 1,000ത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ച് നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. പകര്‍ത്താന്‍ സാധിക്കാത്ത രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് പുതിയ 500, 2,000 രൂപാ നോട്ടുകളിലെന്നതിനാല്‍ കള്ളനോട്ടുകള്‍ തടയാനാകുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, പുതിയ നോട്ടുകള്‍ അച്ചടിച്ചു കൊണ്ടിരിക്കെ തന്നെ, 2,000ത്തിന്റെ നോട്ട് ജനങ്ങളില്‍ എത്തുന്നതിന് മുമ്പേ കള്ളനോട്ടാണ് എത്തിയത്. 2016 നവംബര്‍ 12ന് പഞ്ചാബില്‍ 2,000ത്തിന്റെ കള്ളനോട്ടടിക്കുന്നതിനിടെ ഒരു സംഘത്തെ പിടികൂടി. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരന്തരം 500ന്റെയും 2,000ത്തിന്റെയും കള്ളനോട്ടുകള്‍ കണ്ടെടുത്തുവരുന്നു. ഇവയില്‍ മിക്കതും ഒറിജിനലിനെ വെല്ലുന്നതാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ(എന്‍ സി ആര്‍ ബി) കണക്ക് പ്രകാരം ബി ജെ പി ഭരണ സംസ്ഥാനവും മോദിയുടെ തട്ടകവുമായ ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ ഇറങ്ങുന്നത്.
കള്ളനോട്ട് ഇല്ലാതാക്കല്‍ മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചതല്ലാതെ അതിനുളള ഒരു ശ്രമവും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായില്ല. പോളിമര്‍ കറന്‍സിയിലേക്ക് മാറുകയാണ് വ്യാജനോട്ടുകള്‍ തടയാന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന പ്രായോഗിക മാര്‍ഗം. പരമ്പരാഗത കടലാസുകളില്‍ സാധ്യമാകാത്ത അനവധി സുരക്ഷാ ക്രമീകരണങ്ങള്‍ അടങ്ങിയതും കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതുമാണ് പോളിമര്‍ കറന്‍സികള്‍. ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. യു എ ഇ പുതുതായി പുറത്തിറക്കിയ അമ്പത് ദിര്‍ഹം നോട്ട് പോളിമറാണ്. പോളിമര്‍ കറന്‍സിയിലേക്ക് മാറാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. 500ന്റെയും 2000ത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ച് പുതിയവ അച്ചടിക്കുന്ന സമയമായിരുന്നു ഈ മാറ്റത്തിന് ഏറ്റവും അനുയോജ്യമായത്. സര്‍ക്കാര്‍ അതിന് സന്നദ്ധമായില്ല. ഇത് നോട്ട് നിരോധത്തിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു.
കള്ളപ്പണം ബഹുഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നതിനാല്‍ നോട്ട് നിരോധം കള്ളപ്പണത്തെയും കള്ളനോട്ടിനെയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടിയല്ലെന്ന് നവംബര്‍ എട്ടിന് നിരോധന പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ചേര്‍ന്ന ആര്‍ ബി ഐയുടെ 561ാം ബോര്‍ഡ് മീറ്റിംഗില്‍ ആര്‍ ബി ഐ വൃത്തങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചതാണ്. നോട്ട് നിരോധം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കുമെന്നും ആര്‍ ബി ഐ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതെല്ലാം അവഗണിച്ചാണ് അന്ന് രാത്രി നരേന്ദ്ര മോദി നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. റിസര്‍വ് ബേങ്ക് മുന്‍ഗവര്‍ണറും ഇന്ത്യന്‍ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന രഘുറാം രാജന്‍ തന്റെ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തില്‍ നോട്ട് നിരോധത്തെ പരമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നാണദ്ദേഹം സമര്‍ഥിക്കുന്നത്. പ്രത്യാഘാതങ്ങള്‍ നേട്ടങ്ങളേക്കാള്‍ കൂടുതലാണ്. ബദല്‍ മാര്‍ഗങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘തീവ്രവാദ പ്രവര്‍ത്തകരാണ് കള്ളനോട്ടിന്റെ മുഖ്യ പ്രചാരകര്‍. പാക്കിസ്ഥാനില്‍ നിന്ന് കണ്ടെയ്നര്‍ കണക്കിന് നോട്ടുകളാണ് വന്നിറങ്ങുന്നത്. തീവ്രവാദികളുടെ ധന സ്രോതസ്സുകള്‍ തകര്‍ക്കുക വഴി രാജ്യത്ത് തീവ്രവാദം തടയാനാകുമെന്നതായിരുന്നു നോട്ട് നിരോധത്തിന് സര്‍ക്കാര്‍ വെച്ച മറ്റൊരു ന്യായീകരണം. ഇതും നടന്നില്ലെന്ന് മാത്രമല്ല, ആഗോള തീവ്രവാദ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ ആദ്യ പത്തിലാണ് ഇന്ത്യ. ആഗോള ഭീകരവാദ ഡാറ്റാബേസ് അനുസരിച്ച് നോട്ട് നിരോധം നടപ്പാക്കുന്നതിന് മുമ്പ് 2015ല്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 387 പേരായിരുന്നു. നോട്ട് നിരോധം നടപ്പാക്കിയ 2016ല്‍ 467 പേരും നോട്ടുനിരോധത്തിന്റെ ഫലം പ്രതിഫലിച്ച് തുടങ്ങേണ്ട തൊട്ടടുത്ത വര്‍ഷം, അഥവാ 2017ല്‍ 465 പേരും കൊല്ലപ്പെടുകയുണ്ടായി. സൗത്ത് ഏഷ്യാ ടെററിസം പോര്‍ട്ടലിന്റെ (എസ് എ ടി പി) റിപോര്‍ട്ടനുസരിച്ച് 2018ല്‍ കശ്മീരില്‍ മാത്രം 451 പേര്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 72 പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു.
നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി എന്തോ മഹത്തായ കാര്യം ചെയ്തു എന്ന മട്ടിലാണ് സര്‍ക്കാര്‍ വൃത്തങ്ങളും സംഘ്പരിവാര്‍ കേന്ദ്രങ്ങളും നോട്ട് നിരോധത്തെക്കുറിച്ച് പ്രചരിപ്പിച്ചിരുന്നത്. അത് ശുദ്ധ അസംബന്ധമാണെന്നാണ് ആര്‍ ബി ഐ അടക്കമുള്ള ഔദ്യോഗിക കേന്ദ്രങ്ങള്‍ പുറത്തുകൊണ്ടുവരുന്ന, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെയും കാര്‍ഷിക മേഖലയെയും തകര്‍ക്കുകയും പുതിയ നോട്ടുകളടിക്കാന്‍ 21,000 കോടി രൂപ ചെലവിടുക വഴി രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കൂടുതല്‍ പരുക്കേല്‍പ്പിക്കുകയും ചെയ്ത നോട്ട് നിരോധം ആര്‍ക്കെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ബി ജെ പിക്കും അവരെ സാമ്പത്തികമായി സഹായിക്കുന്ന കോര്‍പറേറ്റുകള്‍ക്കും മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
source https://www.sirajlive.com/the-unfortunate-consequence-of-the-note-ban.html
إرسال تعليق