കൊവിഡ് കേസുകൾ ഉയർന്നുതന്നെ; പ്രതിദിന കേസുകൾ 13,000 കടന്നു

ന്യൂഡൽഹി | രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,216 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തേതിനേക്കാൾ 2.9 ശതമാനം കൂടുതലാണ് ഇന്നത്തെ രോഗികളുടെ എണ്ണം. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,32,83,793 ആയി. രാജ്യത്തുടനീളം 23 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ മരണം 5,24,840.

മഹാരാഷ്ട്ര (4,165 കേസുകൾ), കേരളം (3,162), ഡൽഹി (1,797), ഹരിയാന (689), കർണാടക (634) എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. മൊത്തം പുതിയ കേസുകളുടെ 79.05 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31.51 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്.

ഇന്ത്യയുടെ രോഗമുക്തി നിരക്ക് ഇപ്പോൾ 98.63 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,148 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് മൊത്തം രോഗമുക്തരുടെ എണ്ണം 4,26,90,845 ആയി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 68,108 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സജീവ കേസുകളുടെ എണ്ണം 5,045 വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,19,903 സാമ്പിളുകൾ പരിശോധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 14,99,824 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ആകെ 1,96,00,42,768 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ കുത്തിവെച്ചത്.



source https://www.sirajlive.com/covid-cases-are-high-the-daily-number-of-cases-crossed-13000.html

Post a Comment

Previous Post Next Post