ദുബൈ | ദുബൈ മീഡിയ കൗണ്‍സില്‍ അധ്യക്ഷനായി ശൈഖ് അഹ്‌മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിച്ചു. ദുബൈ മീഡിയ കൗണ്‍സില്‍ സ്ഥാപിക്കുമെന്ന 2022 ലെ നിയമം നമ്പര്‍ 5 പ്രകാരമാണിത്. ദുബൈയുടെ മാധ്യമ മേഖല വികസിപ്പിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ മാധ്യമ കേന്ദ്രമായി ദുബൈയെ മാറ്റാനുമാണിത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കൗണ്‍സില്‍ രൂപവത്ക്കരിച്ചിട്ടുമുണ്ട്. ബോര്‍ഡ് ഓഫ് ദുബൈ മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായി മുന അല്‍ മാരി പ്രവര്‍ത്തിക്കും. ഹാല യൂസഫ് ബദ്രി, മാലിക് സുല്‍ത്താന്‍ അല്‍ മാലിക്, അബ്ദുല്ല ഹുമൈദ് ബെല്‍ഹൂള്‍, യൂനുസ് അല്‍ നാസര്‍, അമല്‍ അഹമ്മദ് ബിന്‍ ശബീബ്, ഇസ്സാം കാസിം, മുഹമ്മദ് സുലൈമാന്‍ അല്‍ മുല്ല എന്നിവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. പുതുക്കാവുന്ന മൂന്ന് വര്‍ഷത്തെ കാലാവധിയാണ് നല്‍കുന്നത്.
ഇതിനിടെ, ദുബൈ മീഡിയ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി നിഹാല്‍ ബദ്രിയെ നിയമിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. മീഡിയ ഹബ്ബായി ദുബൈയെ വളര്‍ത്തുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായി, ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മേഖലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ദുബൈ മീഡിയ കൗണ്‍സിലിന് താത്പര്യമുണ്ടെന്ന് ശൈഖ് അഹ്‌മദ് പറഞ്ഞു. രാജ്യത്തിന്റെ വികസന യാത്രയില്‍ മാധ്യമങ്ങളെ ഒരു പ്രധാന പങ്കാളിയാക്കാനും വിവിധ മേഖലകളില്‍ നേട്ടങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനം ഉയര്‍ത്താനും ശൈഖ് മുഹമ്മദ് എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ശൈഖ് അഹ്‌മദ് പറഞ്ഞു.
source https://www.sirajlive.com/dubai-media-council-formed-sheikh-ahmed-president.html
إرسال تعليق