വ്യാജ വാര്‍ത്തകളുടെ രാജ്യത്തെ മാധ്യമ പ്രവര്‍ത്തനം

ല്‍ഹിയില്‍ നിന്നിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ ചൊവ്വാഴ്ച രസകരമായ രണ്ട് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രണ്ട് വാര്‍ത്തകളും തൊട്ടടുത്ത് ദേശീയ പേജില്‍. ഒന്ന്, ഓണ്‍ലൈനിലും ഓഫ് ലൈനിലും സ്വതന്ത്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവകാശത്തിന് വേണ്ടി ജി7 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പിടുന്ന ന്യൂസാണ്. ഈ വാര്‍ത്തയോടൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഹസ്തദാനം ചെയ്യുന്ന പടവുമുണ്ട്. രണ്ടാമത്തേത്, ദേശീയതലത്തില്‍ വ്യാജവാര്‍ത്തകളെ ഫലപ്രദമായി ചെറുക്കുകയും മികവുറ്റ റിപോര്‍ട്ടുകള്‍ക്ക് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ആള്‍ട്ട് ന്യൂസ് ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടല്‍ സഹസ്ഥാപകന്‍ സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സ്‌റ്റോറിയാണ്. 2018ല്‍ അദ്ദേഹം ചെയ്ത ഒരു ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ്.

വസ്തുനിഷ്ഠമായ മാധ്യമ പ്രവര്‍ത്തനം നമ്മുടെ രാജ്യത്ത് എത്രമേല്‍ വലിയ കുറ്റകരമാണെന്നും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും സംഘ്പരിവാര്‍ സര്‍ക്കുലേറ്റ് ചെയ്യുന്ന വ്യാജ വാര്‍ത്തകള്‍ തുറന്നുകാട്ടുന്നതും എത്രമേല്‍ വലിയ അപകടകരമാണെന്നും വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സുബൈറിന്റെ അറസ്റ്റ്. അന്തര്‍ദേശീയ തലത്തില്‍ വേള്‍ഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സില്‍ നമ്മുടെ രാജ്യം ഇപ്പോഴും 142ാം സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടാണ് എന്നതിന്റെ ഉത്തരം കൂടിയാണ് ഈ സംഭവം. മാധ്യമ പ്രവര്‍ത്തകനായ പ്രതിക് സിന്‍ഹയും സുബൈറും ചേര്‍ന്ന് 2017ലാണ് ആള്‍ട്ട് ന്യൂസിന് തുടക്കമിടുന്നത്. പ്രാദേശിക, ദേശീയ രംഗത്ത് സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന വ്യാജ വാര്‍ത്തകളെ തിരിച്ചറിയുകയും തുറന്നുകാണിക്കുകയും ചെയ്താണ് ഈ ഓണ്‍ലൈന്‍ സംരംഭം ശ്രദ്ധപിടിച്ചു പറ്റിയത്. ഇന്ത്യയിലെ സമാന്തര മാധ്യമ രംഗത്തെ ഏറ്റവും മികച്ച സംരംഭമായി മാറാന്‍ ആള്‍ട്ട് ന്യൂസിന് സാധിച്ചു. രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും അന്തര്‍ദേശീയ മാധ്യമങ്ങളും വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്ന ആള്‍ട്ട് ന്യൂസിനെക്കുറിച്ചുള്ള മികച്ച പരാമര്‍ശങ്ങളും നടത്തുകയുണ്ടായി. വിദ്വേഷവും വെറുപ്പും പരത്തുന്ന വ്യാജ വാര്‍ത്തകളെയും പ്രചാരണങ്ങളെയും ഒന്നൊഴിയാതെ തുറന്നുകാട്ടി വാര്‍ത്താ മാധ്യമ രംഗത്ത് കണിശമായ ഫാക്‌ട് ചെക്കിംഗ് എന്ന രീതി ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഒരു തരംഗമാക്കി മാറ്റാനും ചുരുങ്ങിയ കാലയളവിനുള്ളില്‍ സുബൈറിനും ആള്‍ട്ട് ന്യൂസിനും കഴിഞ്ഞു. വ്യാജ വാര്‍ത്തയുടെ ലക്ഷണം മണത്താല്‍ ആളുകള്‍ ആള്‍ട്ട് ന്യൂസ് ചെക്ക് ചെയ്യുന്ന ഒരു രീതി വളര്‍ന്നുവന്നു. മുഖ്യധാരയിലെ സംഘ്പരിവാര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും സൃഷ്ടിച്ചുവിടുന്ന വ്യാജ വാര്‍ത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ആള്‍ട്ട് ന്യൂസ് മുന്‍നിരയില്‍ നിന്നു. സ്വാഭാവികമായും ആള്‍ട്ട് ന്യൂസിന് ലഭിച്ച ഈ സ്വീകാര്യത ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കിയത് കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാര്‍ പാര്‍ട്ടികള്‍ക്കുമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം രാജ്യത്തെ മാധ്യമരംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഇപ്പോള്‍ നടന്ന അറസ്റ്റില്‍ അസ്വാഭാവികമായി യാതൊന്നും കാണാന്‍ കഴിയില്ല. അത്രമേല്‍ അപകടകരമാംവിധം നമ്മുടെ മാധ്യമ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ക്കും വിമര്‍ശങ്ങള്‍ക്കും ഇടമില്ലാത്ത വിധം ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം നാമാവശേഷമായിരിക്കുന്നു.

കേന്ദ്ര സര്‍ക്കാറിനെ വെള്ളപൂശി മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിച്ച നൂറുകണക്കിന് പ്രധാന വാര്‍ത്തകളാണ് തീര്‍ത്തും വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് തെളിവ് സഹിതം തുറന്നുകാണിച്ചത്. വ്യാജ വാര്‍ത്തകളുടെ പെരുമഴക്കാലത്ത് ഈ ചെറിയ ഓണ്‍ലൈന്‍ മാധ്യമം ചെയ്യുന്ന സേവനം വളരെ വലുതായിരുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ വ്യാജ വാര്‍ത്തകളെ ശാസ്ത്രീയമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നെല്ലും പതിരും വേര്‍തിരിച്ചായിരുന്നു ആള്‍ട്ട് ന്യൂസിന്റെ മീഡിയ ആക്ടിവിസം പ്രവര്‍ത്തിച്ചത്. ഒരു വാര്‍ത്ത റിപോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയും വസ്തുനിഷ്ഠതയും ദേശീയതലത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും കൈയൊഴിഞ്ഞ സമയത്താണ് ആള്‍ട്ട് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുത്ത അഞ്ച് ഘട്ടങ്ങളിലൂടെ വ്യാജ വാര്‍ത്തകളെ വെളിച്ചത്ത് കൊണ്ടുവരുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന ഓരോ വാര്‍ത്തയും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ഒന്നാം ഘട്ടം. രാഷ്ട്രീയക്കാരുടെ പ്രഭാഷണങ്ങളും ട്വീറ്റുകളും ഉള്‍പ്പെടെ എല്ലാം ആള്‍ട്ട് ന്യൂസ് തങ്ങളുടെ സ്‌കാനറിലാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും അവകാശവാദങ്ങള്‍, പ്രഖ്യാപനങ്ങള്‍, പ്രകോപനപരമായ ഹാഷ്ടാഗുകള്‍, വിവിധ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകള്‍, വിവാദമായേക്കാവുന്ന ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ തുടങ്ങി മുഴുവന്‍ ഡാറ്റകളും ശേഖരിച്ച് മോണിറ്റര്‍ ചെയ്യുന്നതാണ് ഒന്നാം ഘട്ടത്തിലെ പ്രധാന പരിപാടി. പിന്നീട് വ്യാജ വാര്‍ത്തയാണെന്ന് സംശയിക്കുന്നവയുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു കൂട്ടം ഗവേഷകര്‍ സമയമെടുത്ത് നടത്തുന്ന നിലവാരമുള്ള പഠനത്തിന്റെ റിസല്‍ട്ടാണ് രണ്ടാം ഘട്ടത്തില്‍ ആള്‍ട്ട് ന്യൂസ് പരിഗണിക്കുന്നത്. ഇത്തരം ഗവേഷണങ്ങളുടെ ഫലമായി ലഭിക്കുന്ന റിപോര്‍ട്ടുകള്‍ മൂന്നാം ഘട്ടത്തില്‍ വിലയിരുത്തുകയും വ്യാജമാണെന്നതിന് വ്യക്തമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഫാക്ട്-ചെക്ക് വിശദമായി എഴുതുന്നതാണ് നാലാം ഘട്ടം. ഇങ്ങനെ ആഴത്തിലുള്ള ഗൃഹപാഠത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നതോടെ ആള്‍ട്ട് ന്യൂസ് തങ്ങളുടെ അടുത്ത മിഷന്‍ ആരംഭിക്കുകയായി. രാജ്യത്ത് നിലവിലുള്ള മാധ്യമ സാഹചര്യത്തില്‍ സാമാന്യം നല്ല ധൈര്യം ആവശ്യമുള്ള ഒരു പ്രൊസസാണ് ആള്‍ട്ട് ന്യൂസ് പിന്തുടരുന്നത്.

സ്വാഭാവികമായും ഇത്തരമൊരു സംവിധാനത്തെ നേരിടേണ്ടത് സുബൈറിനെ അറസ്റ്റ് ചെയ്തവര്‍ക്ക്, അത് ആസൂത്രണം ചെയ്തവര്‍ക്ക് വളരെ അത്യാവശ്യമായിരുന്നു. കേന്ദ്ര സര്‍ക്കാറിനെ ചോദ്യം ചെയ്ത ദേശീയ രംഗത്തെ പല പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍, ആള്‍ട്ട് ന്യൂസില്‍ നിന്ന് ഒരാളെ പൊക്കുക എന്നത് തുലോം ചെറിയ കാര്യമാണല്ലോ. 1983ല്‍ ഇറങ്ങിയ ഋഷികേശ് മുഖര്‍ജിയുടെ സിനിമയില്‍ നിന്നുള്ള ഒരു ഹോട്ടലിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോഴത്തെ കേസിന് ആധാരം.

‘ഹണിമൂണ്‍ ഹോട്ടല്‍’ എന്ന പേര് ‘ഹനുമാന്‍ ഹോട്ടല്‍’ എന്നായി മാറിയത് നായിക നായകന് അത്ഭുതത്തോടെ കാണിച്ചുകൊടുക്കുന്ന രംഗം ആ സിനിമയിലുണ്ട്. അതിന്റെ സ്‌ക്രീന്‍ഷോട്ട് സുബൈര്‍ ട്വീറ്റ് ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ച കാരണം. അതും മൂന്ന് ഫോളോവേഴ്‌സും ഒരു പോസ്റ്റും മാത്രമുള്ള ഒരു വ്യാജ അക്കൗണ്ട് ട്വിറ്ററിന് നല്‍കിയ പരാതിയുടെ പേരില്‍. ഈ അറസ്റ്റ് നടന്ന അതേദിവസം തന്നെയാണ് ജി7 രാജ്യങ്ങളുമായി അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രധാനമന്ത്രി ജര്‍മനിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്നത് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വൈരുധ്യാത്മക പ്രതിസന്ധികളെ അക്ഷരാര്‍ഥത്തില്‍ തുറന്നുകാട്ടുന്നതായി.

ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നുകൊണ്ടിരിക്കുന്ന കണക്കുകള്‍ 2020 ഒക്ടോബര്‍ 21ന് ദി ഇന്‍സൈഡര്‍ പുറത്തുവിട്ട റിപോര്‍ട്ടിലുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രസ്സ് മാര്‍ക്കറ്റായ ഇന്ത്യയില്‍ 1500ലധികം ടെലിവിഷന്‍ ചാനലുകളുണ്ടെങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന മാധ്യമങ്ങള്‍ വിരലിലെണ്ണാവുന്നവയാണെന്ന് ഈ റിപോര്‍ട്ടില്‍ കാണാം. 250ലധികം വാര്‍ത്താ ചാനലുകളും ഹിന്ദിയില്‍ മാത്രം 24,927 പത്രങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഇംഗ്ലീഷില്‍ പത്രങ്ങളും മാഗസിനുകളുമായി 9,064 എണ്ണമുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വേറെയും. ഇത്രമേല്‍ ബൃഹത്തായ മാധ്യമ ലോകത്ത് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ എണ്ണം അതിഭീകരമാണ്. ഈ പശ്ചാത്തലത്തില്‍ വസ്തുതകള്‍ അന്യംനില്‍ക്കുന്ന ഒരു കാലത്ത് വ്യാജവാര്‍ത്തകളെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ആള്‍ട്ട് ന്യൂസ് പോലുള്ള സമാന്തര മാധ്യമ പ്രവര്‍ത്തനങ്ങള്‍ പോലും ഭീഷണി നേരിടുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്.



source https://www.sirajlive.com/country-media-activity-of-fake-news.html

Post a Comment

Previous Post Next Post