പൗരത്വ സമരം: കേസുകള്‍ പിന്‍വലിക്കണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഇതിനകം 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പിന്‍വലിച്ചവയില്‍ 28 എണ്ണവും. ആറ് കേസുകള്‍ എറണാകുളം ജില്ലയിലേതും. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒന്നു പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഇവരിലേറെയും. അതേസമയം, തമിഴ്‌നാട്ടിലെ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അക്രമാസക്തമല്ലാത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുകയുണ്ടായി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍.

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സി എ എ) പാസ്സാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണ് കേരളത്തിലും അരങ്ങേറിയത്. ബി ജെ പി ഒഴിച്ചുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മഹല്ല് കമ്മിറ്റികളും പ്രാദേശിക ക്ലബുകളും പൊതുജന കൂട്ടായ്മകളുമെല്ലാം പ്രത്യേകമായും വേറിട്ടും സമരത്തില്‍ ഭാഗഭാക്കായി. വിഷയത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് എല്‍ ഡി എഫും യു ഡി എഫുമായിരുന്നു പല സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അപൂര്‍വം ചിലയിടങ്ങളിലൊഴികെ എവിടെയും പ്രതിഷേധം അക്രമാസക്തമോ സംഘര്‍ഷഭരിതമോ ആയില്ല. തീര്‍ത്തും സമാധാനപരമായിരുന്നു. എന്നിട്ടും പോലീസ് വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്.

തൃശൂരില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിനെതിരെയും ഹരിനാരായണനെതിരെയും കേസെടുത്തത് പൗരത്വ പ്രക്ഷോഭത്തിന് അനുകൂലമായ ഗാനങ്ങള്‍ ആലപിച്ചതിനായിരുന്നു. കോഴിക്കോട് ഡി സി സി സംഘടിപ്പിച്ച സമാധാനപരമായ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇങ്ങനെ കേസിനു വേണ്ടി കേസുണ്ടാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസിന്റെ നിര്‍ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സമരക്കാര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ഏതുവിധേനയെങ്കിലും പൗരത്വവിരുദ്ധ സമരങ്ങളെ പരാജയപ്പെടുത്തുകയായിരുന്നോ പോലീസ് ലക്ഷ്യമെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്ന് ഡി ജി പി വയര്‍ലസ് വഴി പോലീസിന് നിര്‍ദേശം നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതും ശ്രദ്ധേയമാണ്.

അതേസമയം, പൗരത്വ നിയമത്തെ അനുകൂലിച്ച് ബി ജെ പി നടത്തിയ ജനജാഗരണ സദസ്സുകളെ വിജയിപ്പിക്കാന്‍ പലയിടത്തും പോലീസ് രംഗത്തിറങ്ങി. തൊടുപുഴക്ക് സമീപം കരിമണ്ണൂരിലെ ജനജാഗരണ സദസ്സ് പരാജയപ്പെടുത്താനായി കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിക്കാന്‍ സ്ഥലത്തെ വ്യാപാരികള്‍ തീരുമാനിച്ചപ്പോള്‍, കടകളടച്ചാല്‍ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി. ബി ജെ പിയെ സഹായിക്കുന്നതിനായിരുന്നു ഇത്. നോട്ടീസ് വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വ്യാപാരികളില്‍ നിന്ന് പോലീസ് അത് തിരിച്ചുവാങ്ങുകയായിരുന്നു. കുറ്റ്യാടിയില്‍ ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി ബി ജെ പിക്കാര്‍ ഒഴിഞ്ഞ തെരുവില്‍ പ്രകോപനപരമായതും ‘ഗുജറാത്ത് മറക്കണ്ട’ തുടങ്ങി കലാപത്തിനു പ്രേരണ നല്‍കുന്നതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ കേരളമെമ്പാടും പ്രചരിച്ചതാണ്. ഇത്ര പരസ്യമായി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഒടുവില്‍ കേസെടുത്തത്. അതോടൊപ്പം കടയടച്ച വ്യാപാരികള്‍ക്കെതിരെയും പോലീസ് സ്വമേധയാ കേസെടുത്തു. മുഖ്യമന്ത്രി ഉദ്ഘാടകനായി കോഴിക്കോട്ട് നടന്ന പൗരത്വ വിരുദ്ധ റാലി പരാജയപ്പെടുത്താന്‍ റാലിയുടെ പ്രചാരണ വിഭാഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ പ്രതികരിച്ചവരോട് “പൗരത്വ നിയമം വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി ആരാ’ എന്നാണ് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ചോദിച്ചത്.

മുമ്പൊരിക്കലും കേരളം ദര്‍ശിച്ചിട്ടില്ലാത്ത അതിശക്തവും വ്യാപകവുമായ പ്രതിഷേധങ്ങളാണ് നാടിന്റെ മുക്കിലും മൂലയിലും പൗരത്വ വിഷയത്തില്‍ അരങ്ങേറിയത്. ഇന്ത്യന്‍ ജനതയെ മതകീയമായി ഭിന്നിപ്പിക്കുന്ന കാടന്‍ നിയമത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സാമുദായിക ഭേദമന്യേ ഒറ്റക്കെട്ടായി കേരള ജനത രംഗത്തിറങ്ങുകയായിരുന്നു. ഇത് മോദി സര്‍ക്കാറിനെയും സംഘ്പരിവാറിനെയും മാത്രമല്ല, കേരള പോലീസിലെ സംഘ്പരിവാര്‍ വിംഗിനെയും വിറളിപിടിപ്പിച്ചതിന്റെ അനന്തരഫലമാണ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറെയും. ഇവ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതുമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിലേറെ കടന്നു പോയിട്ടും പിന്‍വലിക്കാതെ നിരപരാധികളെ നിരന്തരം പോലീസ് സ്റ്റേഷനുകളും കോടതികളും കയറാന്‍ ഇടയാക്കുന്നത് അന്യായവും അനീതിയുമാണ്. ഇനിയെങ്കിലും കാലതാമസമന്യേ കേസുകള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.



source https://www.sirajlive.com/citizens-39-struggle-cases-should-be-withdrawn.html

Post a Comment

Previous Post Next Post