പ്രവാചകവിരുദ്ധ പരാമര്‍ശം: കര്‍ശന നടപടി സ്വീകരിക്കണം

രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ബി ജെ പി നേതാവിന്റെ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗ്യാന്‍വാപി മസ്ജിദ് പ്രശ്നത്തെക്കുറിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബി ജെ പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നും നുപുര്‍ ആരോപിച്ചു. സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത്, ഒമാന്‍, ഇറാന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങളും റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയ്യയും ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്വറും കുവൈത്തും ഇറാനും ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. ഒമാനിലെ ഫോറിന്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തിയാണ് ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്‌മദ് അല്‍ ഖലീലിയും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമര്‍ശം ലോകത്തെ ഓരോ മുസ്ലിമിനുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നാണ് അദ്ദേഹം കുറിച്ചത്. ഇതിനെതിരെ ലോക മുസ്ലിംകള്‍ ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധം കനത്തതോടെ ബി ജെ പി നേതൃത്വം നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നവീന്‍ കുമാര്‍ ജിന്‍ഡലിനെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ ഖേദപ്രകടനം നടത്തുകയുമുണ്ടായി. തന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നുമാണ് ഖേദപ്രകടനത്തില്‍ പറയുന്നത്. എങ്കിലും ഇതുകൊണ്ടൊന്നും പ്രതിഷേധം അണഞ്ഞിട്ടില്ല, ഇപ്പോഴും ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അസഹനീയമാണ് പ്രവാചക നിന്ദ. സ്വന്തത്തെയോ പിതാവിനെയോ കുടുംബത്തെയോ അപവാദം പറഞ്ഞാല്‍ ഒരു പക്ഷേ അവര്‍ സഹിച്ചെന്നിരിക്കും. പ്രവാചകനെ ആക്ഷേപിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്താല്‍ അവര്‍ക്ക് സഹിക്കാനായെന്നു വരില്ല.

കേവലം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവല്ല, മറിച്ച് ലോക ജനത ഒന്നടങ്കം ആദരിക്കുന്ന നേതാവാണ് മുഹമ്മദ് നബി(സ). സത്യസന്ധവും വസ്തുനിഷ്ഠവുമായ വിലയിരുത്തലിലൂടെ നബിക്കു തുല്യം മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും സാധിക്കില്ല. ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താവും മാനവികതയുടെ വഴികാട്ടിയുമാണ് അവിടുന്ന്. തുല്യതയില്ലാത്തതും തെളിവാര്‍ന്നതുമായിരുന്നു നബിയുടെ വ്യക്തിത്വവും ജീവിതവും. വിമര്‍ശിക്കപ്പെടാവുന്ന എന്തെങ്കിലും ന്യൂനതകള്‍ ആ ജീവിതത്തിലോ വിശുദ്ധ ഖുര്‍ആനിലോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. വിമര്‍ശിക്കാന്‍ വേണ്ടി നബി ജീവിതം പഠിച്ചവര്‍ പോലും അവസാനം ആ അതുല്യ വ്യക്തിത്വത്തിനു മുമ്പില്‍ തലകുമ്പിടുകയാണുണ്ടായത്. എന്നിട്ടും ചിലര്‍ നബിയെ വിമര്‍ശിക്കുന്നുവെങ്കില്‍ കഴമ്പില്ലാത്ത കേവലം ജല്‍പ്പനങ്ങള്‍ എന്നതിലപ്പുറം അതിനു സ്ഥാനമില്ല.

മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനമാണ് അടുത്ത കാലം വരെ രാജ്യത്ത് നിലനിന്നിരുന്നത്. ഓരോരുത്തരുടെയും ബോധ്യം തന്റെ മതം ശരിയാണെന്നായിരിക്കാം. എന്നാലും മറ്റു മതങ്ങളെയോ മതനേതാവിനെയോ നിന്ദിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതും ശരിയല്ല. ഒരു മതവും അത് അനുവദിക്കുന്നുമില്ല. പരമതത്തെ നിന്ദിക്കാതിരിക്കുകയാണ് സംസ്‌കൃത ചിത്തരുടെ സ്വഭാവം. അഥവാ മതങ്ങള്‍ തമ്മില്‍ സംവദിക്കേണ്ടി വന്നാല്‍ അത് തികച്ചും സൗഹൃദപൂര്‍ണമായ ആശയസംവാദങ്ങളിലൂടെയും ആദര്‍ശക്കൈമാറ്റങ്ങളിലൂടെയുമാകണം. വിദ്വേഷ പ്രചാരണവും പരമത നിന്ദയും അന്ധമായ എതിര്‍പ്പുകളും അജ്ഞതയില്‍ നിന്നും കേവല വൈരത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. ഓരോ മതക്കാരും ഓരോ സമൂഹമാണെങ്കിലും വ്യവഹാരങ്ങള്‍ പങ്കുവെച്ചും മറ്റു പല വിധേനയും സഹകരിച്ചും അടുത്തിടപഴകിയുമാണ് രാജ്യത്ത് കഴിഞ്ഞു വരുന്നത്. ഈ യോജിപ്പും സൗഹൃദവുമാണ് ഇന്ത്യക്ക് ആഗോളതലത്തില്‍ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കൊടുത്തത്. അത് തകര്‍ക്കാനുള്ള ഒരു നീക്കവും ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുത്. ഏതെങ്കിലും അവിവേകി അങ്ങനെ ചെയ്താല്‍ അതിനെ അതീവ ഗൗരവത്തോടെ കാണുകയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുകയും വേണം.

ജനങ്ങളെ ആര്‍ക്കു മുന്നിലും ലജ്ജിച്ച് തലകുനിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് അടുത്തിടെയാണ് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നുപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തോടെ ആഗോളതലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ തകരുകയും രാജ്യം നാണം കെടുകയും ചെയ്തിരിക്കുകയാണ്. ഇതുവഴി രാജ്യത്തിനു നേരിട്ട അപമാനവും നാണക്കേടും പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകത്തിലൂടെ പരിഹരിക്കാനാകില്ല. നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതു കൊണ്ടായില്ല, അറസ്റ്റ് ചെയ്ത് കടുത്ത നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. മുസ്ലിം സംഘടനയായ റസാ അക്കാദമിയുടെ പരാതിയില്‍ സൗത്ത് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ഒതുങ്ങുന്നു നുപുറിനെതിരായ അധികൃതരുടെ നിലവിലെ നടപടി. വിമര്‍ശങ്ങളെ അതിജീവിക്കാനുള്ള ഒത്തുകളിയെന്നതിലപ്പുറം പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള നടപടിയല്ല ഇതെന്നു വ്യക്തം.

 



source https://www.sirajlive.com/anti-prophetic-reference-strict-action-must-be-taken.html

Post a Comment

أحدث أقدم