പരസ്പര സ്നേഹവും സൗഹാര്‍ദവും ബഹുമാനവും കൊണ്ട് പേരുകേട്ട രാജ്യമാണ് നമ്മുടേത്. കാലങ്ങളായി വിവിധ മത, സാമൂഹിക സമൂഹങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ കഴിയുകയും തങ്ങളുടെ മത വിശ്വാസമനുസരിച്ച് ജീവിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാമൂഹിക സ്ഥിതി മനോഹരവും മാതൃകാപരവുമാണ്. ഒരു വിഭാഗത്തിന്റെ ആശയങ്ങള്‍ മറ്റൊരു വിഭാഗത്തെ അടിച്ചേല്‍പ്പിക്കുകയും വിശ്വാസത്തെയും മത ചിഹ്നങ്ങളെയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് നമ്മുടെ സാമൂഹിക പരിസരത്തിന് അന്യവും സൗഹാര്‍ദ ജീവിതത്തിന് ഭംഗം വരുത്തുന്നതുമാണ്. ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ദിശാബോധം നല്‍കുകയും ചെയ്തവരാണ് പ്രവാചകന്മാര്‍. വിവിധ സമൂഹങ്ങളിലേക്കായി ലക്ഷത്തില്‍ പരം പ്രവാചകരെ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അധാര്‍മിക വഴി തിരഞ്ഞെടുത്തവരെ ധാര്‍മിക വഴിയില്‍ തെളിക്കാന്‍ ശ്രമിച്ച പ്രവാചകര്‍ക്കൊക്കെ സ്വന്തം സമൂഹത്തില്‍ നിന്ന് തന്നെ ആക്ഷേപങ്ങളും പരിഹാസങ്ങളും എന്തിനേറെ ക്രൂരമായ പീഡനങ്ങള്‍ വരെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, തന്റെ ജനങ്ങളോട് അനുഭാവപൂര്‍വം വര്‍ത്തിക്കുകയും അവരുടെ ക്രൂരമായ സമീപനങ്ങളോട് ക്ഷമിക്കുകയും ചെയ്ത ചരിത്രമാണ് പ്രവാചകനുള്ളത്. മക്കയുടെ അടുത്ത പട്ടണമായ ത്വാഇഫിലേക്ക് തന്റെ പ്രബോധന ദൗത്യവുമായി കടന്നു ചെന്ന തിരുനബി (സ)യെ ക്രൂരമായ പീഡനങ്ങള്‍ കൊണ്ടായിരുന്നു ത്വാഇഫിലെ ജനങ്ങള്‍ സ്വീകരിച്ചത്. പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച പ്രവാചകനെ ധിക്കരിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജനങ്ങളെ തലകീഴായി മറിച്ച് പകരം വീട്ടട്ടെ എന്ന് ചോദിച്ച ജിബ്രീല്‍ മാലാഖയോട് അവിടുന്ന് ഞാന്‍ എന്റെ ജനങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണ് മറുപടി നല്‍കിയത്. കൊടിയ പീഡനങ്ങളും ഉപരോധങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ട് പോലും സഹനത്തിന്റെ ദൈവിക മാതൃകയാണ് അവര്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കൊടുത്തത്. മുഹമ്മദ് നബി (സ)ക്ക് മുന്നേ വന്ന ഈസാ നബിയുടെയും ജനങ്ങള്‍ പീഡന മുറകള്‍ കൊണ്ട് തന്നെയാണ് തങ്ങളുടെ പ്രവാചകനെ സ്വീകരിച്ചത്. അവസാനം ശത്രുക്കള്‍ക്ക് മുന്നില്‍ ഒറ്റുകൊടുക്കുകയും നിഷ്ഠൂരം കൊന്നുകളയാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഈസാ നബിയെ അല്ലാഹു വാനലോകത്തേക്കുയര്‍ത്തി രക്ഷപ്പെടുത്തി. ലോകാവസാന നാളുകളില്‍ ഈസാ നബി (അ) ഇറങ്ങിവരികയും മുഹമ്മദ് നബി(സ)യുടെ ആശയപ്രചാരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യും.
അവസാന പ്രവാചകനായ മുഹമ്മദ് നബി (സ)യുടെ സമൂഹം അവിടുത്തെ വിയോഗത്തിനു ശേഷം അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും പ്രതിനിധാനം ചെയ്യുകയും വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുകയും ചെയ്ത പ്രവാചാകാധ്യാപനങ്ങള്‍ പാശ്ചാത്യ നാടുകളിലെ പേരുകേട്ട ബുദ്ധിജീവികളടക്കം പഠന വിധേയമാക്കുകയും കാലാനുവര്‍ത്തിയായ ആ ദര്‍ശനങ്ങള്‍ പുല്‍കുകയും ചെയ്തതിന് ലോകം സാക്ഷിയാണ്. എന്നാല്‍, ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ ഈ ജീവിത പദ്ധതിയോട് സമരസപ്പെടാനും ഉള്‍ക്കൊള്ളാനും വിസമ്മതിച്ച ചില തത്പര കക്ഷികളും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതത്തെ ദുരുപയോഗം ചെയ്ത ചില അവാന്തര വിഭാഗങ്ങളും പ്രവാചകാധ്യാപനങ്ങളെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയത് മുതലാണ് പ്രവാചകനെതിരായ എഴുത്തുകളും പരാമര്‍ശങ്ങളും കലാ രൂപങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. വസ്തുനിഷ്ഠമായ പഠനങ്ങളുടെ പിന്‍ബലമില്ലാതെ പ്രവാചകാധ്യാപനങ്ങളുടെ ആധികാരിക സ്രോതസ്സായ ഹദീസുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ചരിത്ര പശ്ചാത്താലത്തിന്റെയും പണ്ഡിത ഗവേഷണങ്ങളുടെയും പിന്‍ബലമില്ലാതെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ഈ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. യഥാര്‍ഥത്തില്‍ മുസ്ലിംകളുടെ ജീവിത രീതിയും സാമൂഹിക ഇടപെടലുകളില്‍ നിന്ന് തന്നെ അനുഭവവേദ്യമായ ഇസ്ലാമിക ജീവിത പദ്ധതി ഇത്തരം സ്രോതസ്സുകളില്‍ നിന്ന് തെറ്റായി മനസ്സിലാക്കാന്‍ തുടങ്ങിയതും ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കി. തെറ്റിദ്ധാരണകള്‍ വെറുപ്പിനും വിദ്വേഷത്തിനും വഴിമാറുകയും ജനങ്ങളെ പരസ്പര വൈര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ് ലോകമെമ്പാടുമുള്ള ഇത്തരം മാനവിക വിരുദ്ധര്‍ ചെയ്തു വരുന്നത്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി ചിലര്‍ ചെയ്തു കൂട്ടുന്നതിനെ പ്രവാചക സ്നേഹികള്‍ നേരിടേണ്ടത് പ്രത്യാക്രമണങ്ങളും പരിഹാസങ്ങളും കൊണ്ടല്ല, മറിച്ച് യഥാര്‍ഥ പഠനോപാധികള്‍ കാണിച്ചു കൊടുത്തും സൗഹൃദത്തിന്റെ ഭാഷയിലുമാണ്. നൂറ്റാണ്ടുകളായി കണ്ടുവരുന്ന ഇത്തരം സാമൂഹിക വിപത്തുകളെ പണ്ഡിതരും സാമൂഹിക നേതാക്കളും നേരിട്ട രീതിയും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ ആളുകള്‍ വീണ്ടും ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും പ്രവാചകാധ്യാപനങ്ങള്‍ അടുത്തറിയാനും ശ്രമിച്ചത്. ലോകാവസാനം വരെയുള്ള സമൂഹങ്ങളിലെ സാമൂഹിക വിരുദ്ധരില്‍ നിന്ന് വിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ പ്രതീക്ഷിക്കപ്പെടുന്നത് കൊണ്ട് തന്നെ അതിനെതിരെയൊക്കെ ഒരേ നാണയത്തില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് അവിവേകവും ഇസ്ലാമിന്റെ മാനുഷിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമാണ്.
ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ട് സംവദിക്കാന്‍ കഴിയാതെ വരുമ്പോള്‍ സാമൂഹിക ഛിദ്രതയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കൊണ്ട് നേരിടുന്നത് ഒരു സമൂഹത്തിനും ചേര്‍ന്നതല്ല. ബി ജെ പി വക്താക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശം അതുകൊണ്ട് തന്നെ തികച്ചും അപലപനീയവുമാണ്. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനും നാടിന്റെ സമാധാനം ഇല്ലാതാക്കാനുമേ അത് വഴിയൊരുക്കുകയുള്ളു. എല്ലാ മത വിഭാഗങ്ങളെയും അവരുടെ ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴിയാണ് സമാധാനപൂര്‍വമായ ജീവിതം സാധ്യമാക്കേണ്ടത്. അതിനെതിരെയുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സമാധാനാന്തരീക്ഷം കെടുത്തുകയും രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം തന്നെ ഇല്ലാതാക്കുകയും ചെയ്യും. വിവരസാങ്കേതിക വിദ്യയുടെ ആഗോള പരിസരത്താണ് നാം ജീവിക്കുന്നത്. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങളും വികാരങ്ങളും രൂപാന്തരപ്പെടുത്തുന്നു. ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും, രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും സഹവര്‍ത്തിത്വത്തെയും നമ്മുടെ മഹത്തായ നേതാക്കള്‍ ഈ രാജ്യത്തിന് അടിത്തറയിട്ടതും പൗരന്മാരെന്ന നിലയില്‍ പതിറ്റാണ്ടുകളായി നാം മുറുകെപ്പിടിച്ചതുമായ മതേതര മൂല്യങ്ങളെയും നശിപ്പിക്കുന്നു. ബോധപൂര്‍വം സാമുദായിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുണ്ടാക്കുന്ന വ്യക്തികളെ തടയിടാനും ഭാവിയില്‍ അത്തരം പ്രവണതകള്‍ ഇല്ലാതാക്കാനും ജാതി മത ഭേദമന്യേ ജനങ്ങള്‍ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി നിയമം ശക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ അതിവേഗം സ്വീകരിക്കാന്‍ സര്‍ക്കാറും തയ്യാറാകണം. ആഗോള പൗര സമൂഹത്തില്‍ ഉണ്ടാകുന്ന ചലനങ്ങളും സാമൂഹിക വിഷയങ്ങളും എല്ലാ രാജ്യങ്ങളിലും ചര്‍ച്ച ചെയ്യുകയും വിഷയീഭവിക്കുകയും ചെയ്യുന്ന കാലത്ത് ഇത്തരം പ്രവണതകളുണ്ടാകുന്നത് ആഗോള സമൂഹം എന്ന നിലക്ക് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതാണ്. മുസ്ലിം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവരക്തത്തിലലിഞ്ഞു ചേര്‍ന്നതാണ് പ്രവാചക സ്നേഹം. ഒരു നേതാവിനോടുള്ള അണികളുടെ സ്നേഹാദരവുകള്‍ക്കപ്പുറം വിശ്വാസികള്‍ക്ക് എല്ലാമെല്ലാമാണ് പ്രവാചകര്‍. അതുകൊണ്ട് തന്നെ ജനമനസ്സുകളില്‍ ജീവിക്കുന്ന പ്രവാചകനെ ഏതെങ്കിലും നിന്ദാ വചനങ്ങള്‍ കൊണ്ടോ എഴുത്തുകള്‍ കൊണ്ടോ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. എന്നാല്‍, ജനങ്ങളെ തെരുവിലിറക്കി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കാവുന്നതുമല്ല. നിയമത്തിന്റെയും ജനാധിപത്യ വ്യവസ്ഥകളുടെയും ചട്ടക്കൂട്ടില്‍ നിന്ന് ഇത്തരം നീക്കങ്ങളെ ചെറുക്കാനാണ് മതേതര സമൂഹം മുന്നോട്ട് വരേണ്ടത്. അതിന് വിഘാതമായ നടപടികള്‍ക്കെതിരെ ഇന്ത്യയിലെ സാമുദായിക നേതൃത്വം ബദ്ധ ശ്രദ്ധരാണ്.
മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള കടന്നു കയറ്റം അന്താരാഷ്ട്ര സമൂഹം പോലും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടെന്നതാണ് പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെയുണ്ടായ അറബ് രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോളവത്കൃത ലോകത്ത് വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ നീങ്ങുന്നതാണ് സാമൂഹികവും സാമ്പത്തികവുമായ രാജ്യത്തിന്റെ വളര്‍ച്ചക്ക് ഹേതുവാകുന്നത്. ലക്ഷക്കണക്കിന് പ്രവാസികളുടെ വിയര്‍പ്പും ചോരയും കൂടിയാണ് നമ്മുടെ രാജ്യം വരിച്ച പുരോഗതിക്ക് നിദാനമായത്. പ്രവാസികളെ ഇരുകൈ നീട്ടി സ്വീകരിക്കുകയും തൊഴില്‍ നല്‍കുകയും ചെയ്ത രാഷ്ട്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ ചില വര്‍ഗീയ കക്ഷികളുടെ തെറ്റായ നയങ്ങള്‍ കാരണം പ്രയാസമുണ്ടാകുകയും സൗഹൃദത്തിന് വിള്ളലേല്‍ക്കുകയും ചെയ്യുന്നത് ദുഃഖകരമാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യം കാലങ്ങളായി സൂക്ഷിച്ചു പോരുന്ന ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയും അതിനനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യേണ്ടത് എല്ലാ വിഭാഗങ്ങള്‍ക്കും അനിവാര്യമാണ്. അതിനെതിരെ ഉണ്ടാകുന്ന നീക്കങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമേല്‍പ്പിക്കുന്നു. ഇനിയും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള വിവേകപൂര്‍ണമായ ജാഗ്രത ജനാധിപത്യ സമൂഹം കൈക്കൊള്ളണം. പുരോഗതിയുടെ അനേകം മേഖലകള്‍ ഇനിയും തുറക്കാനിരിക്കെ ഇത്തരം വിഷലിപ്തമായ പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് ജനങ്ങളുടെ ക്രിയാത്മകത നശിപ്പിക്കാതെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്താനുള്ള ചിന്തകളും പദ്ധതികളും ആവിഷ്‌കരിച്ച് എല്ലാ ജന വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിയുള്ള ഭരണം കാഴ്ചവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
source https://www.sirajlive.com/secularism-should-not-be-tarnished.html
إرسال تعليق