ഇ ഡി = പ്രതികാര രാഷ്ട്രീയം?

“നമ്മുടെ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് മാത്രമാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഇത് ആശയങ്ങളുടെ സംഘട്ടനമാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളോടും നമ്മള്‍ പൊരുതേണ്ട സ്ഥിതിയാണിപ്പോള്‍. നമ്മുടെ പോരാട്ടം ഇവിടുത്തെ ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്കും എതിരെയാണ്. എനിക്കെന്റെ സഹപ്രവര്‍ത്തകരോട് പറയാനുള്ളത്, നിങ്ങളാരും പേടിക്കേണ്ടതില്ലെന്നാണ്. നമ്മള്‍ തെരുവിലിറങ്ങും. ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരെ നമുക്കാവുന്നത്രയും നമ്മള്‍ പൊരുതും.’ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്റെ സമാപന സംഗമത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. ബി ജെ പിയും ആര്‍ എസ് എസും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ അവര്‍ക്കിഷ്ടത്തിന് തുള്ളുന്ന പാവകളാക്കി മാറ്റിയിരിക്കുകയാണെന്ന വിമര്‍ശം രാഹുല്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ഇവിടെ. ഭരണപക്ഷ പാര്‍ട്ടിയും അവരുടെ ആശയ സംഹിതയും പോരാടാനുള്ള ശത്രുവിന്റെ ഒരു ഭാഗം മാത്രമാണെന്നും പോരാട്ടം ഇക്കാലമത്രയുമില്ലാത്തവിധം സങ്കീര്‍ണമായിരിക്കുന്നുവെന്നും രാഹുല്‍ പറയുന്നത് ഇന്ത്യയിലെ ഒരുവിധമെല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലവിലെ സ്ഥിതി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഗൗരവതരമായ രാഷ്ട്രീയ വിമര്‍ശത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ്സ് മാത്രമല്ല, എല്ലാ ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും പരാതിയാണിത്.

ഇന്ത്യയിലെ ജനാധിപത്യത്തെ ബി ജെ പിയും ആര്‍ എസ് എസും പുനരവതരിപ്പിക്കുന്നത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യം അധികനാള്‍ പുലരില്ലെന്ന അപകടമണി ആഞ്ഞുമുഴക്കിക്കൊണ്ടാണ്. സംഘ്പരിവാര്‍ ഇച്ഛിക്കുന്ന മതരാഷ്ട്രം എങ്ങനെയും സ്ഥാപിച്ചെടുക്കാന്‍ തിരഞ്ഞെടുപ്പുകളും ഭരണഘടനാ സ്ഥാപനങ്ങളും വേണ്ടിവന്നാല്‍ നീതിന്യായ വ്യവസ്ഥകളെ തന്നെയും തങ്ങള്‍ക്കൊപ്പം “നിലക്കുനിര്‍ത്താന്‍’ അവര്‍ തയ്യാറാകും എന്നതാണ് രാജ്യമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങള്‍ ബി ജെ പി അവര്‍ക്കിഷ്ടമുള്ള അച്ചിലിട്ട് നിര്‍വചിക്കുകയാണ്.
2019 ഒക്ടോബറില്‍ നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ഗുരുതരമായ ഒരു പ്രസ്താവനയുണ്ട്. “മനുഷ്യാവകാശത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ പാശ്ചാത്യ നിര്‍മിത മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ മറന്നേക്കൂ. ഇന്ത്യയില്‍ അത് നടപ്പില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മനുഷ്യാവകാശം, മൗലികാവകാശം എന്നിവക്കൊക്കെ ആര്‍ എസ് എസ് താത്പര്യപ്പെടുന്ന തലത്തിനപ്പുറത്തേക്ക് ഒരു സാധ്യതയുമില്ലെന്ന പ്രഖ്യാപനം. പാശ്ചാത്യ നാടുകളിലെ പ്രശ്‌നങ്ങളും ഇന്ത്യയിലെ പ്രശ്‌നങ്ങളും രണ്ട് സ്വഭാവത്തിലുള്ളതാണെന്ന യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തി പലരും ഈ പ്രസ്താവനയെ ലഘൂകരിക്കുന്നതും കണ്ടു. എന്നാല്‍ ഇന്ത്യയില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുസ്‌ലിം വേട്ട, വ്യാജ എന്‍കൗണ്ടറുകള്‍, കിരാത നിയമങ്ങളുടെ ദുരുപയോഗം, ബുള്‍ഡോസര്‍ രാജ് തുടങ്ങി ഇപ്പോഴുള്ളതും ഇനി അവതരിക്കാനുള്ളതുമായ എല്ലാ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും “ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യം’ എന്ന ധാര്‍ഷ്ട്യത്തിനുള്ള നിലമൊരുക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇന്ത്യയില്‍ എത്ര ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായാലും വിദേശ രാജ്യങ്ങളോ ഏജന്‍സികളോ ഇവിടെ ഇടപെടാതിരിക്കലാണ് അവരുടെ ലക്ഷ്യം.

അകത്തും പുറത്തും സംഘ്പരിവാര്‍ താത്പര്യങ്ങള്‍ക്ക് വിഘാതമാകുന്ന ഒന്നും തന്നെയുണ്ടാകരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന കമ്മീഷന്‍ മുതല്‍, സി ബി ഐ, ഇ ഡി, ഇന്‍കം ടാക്‌സ്, കേന്ദ്ര പോലീസ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ബി ജെ പിയുടെ ഉത്തരവുകള്‍ക്ക് അനുസരിച്ച് കുരയ്ക്കുന്ന അനുസരണയുള്ള വേട്ടനായകളാണ്. മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും പലവിധത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി ആരോപണങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് കാലത്ത് മമതാ ബാനര്‍ജി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറെ ഗുരുതരമായിരുന്നു. ബി ജെ പിയുടെ ഘടക കക്ഷിയെ പോലെ പ്രവര്‍ത്തിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാണ് മമത അന്ന് പറഞ്ഞത്. ബി ജെ പിയോടും പ്രതിപക്ഷ കക്ഷികളോടും തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നയമാണ് എന്ന ആരോപണം എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തിട്ട് കിട്ടാതെ പോകുന്ന കാര്യങ്ങള്‍ പിന്നെ സംഘ്പരിവാര്‍ സാധിച്ചെടുക്കുന്നത് ഇ ഡി, ഇന്‍കം ടാക്‌സ്, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ്. ഇല്ലാത്ത കേസുകളും ആരോപണങ്ങളും ഉയര്‍ത്തിയും ഭീഷണിപ്പെടുത്തിയും എം എല്‍ എമാരെ വിലക്കെടുത്തും ഒതുക്കിയുമാണ് പല സംസ്ഥാനങ്ങളിലും ബി ജെ പി ഭരണം പിടിക്കുന്നത്. മടിയില്‍ കനമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ജീവനും സ്വത്തും അധികാരവും തുലാസില്‍ വെച്ച് ബി ജെ പിക്ക് വേണ്ടി രാഷ്ട്രീയ കോക്കസ് പയറ്റുന്ന ഇടനിലക്കാരോ ബ്രോക്കര്‍മാരോ ആയി ഇത്തരം ഏജന്‍സികള്‍ തരംതാഴുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തന്നെ. ചില പ്രാദേശിക പാര്‍ട്ടികളെ മൊത്തമായി തന്നെ ബി ജെ പി ഒപ്പം നിര്‍ത്തിയിരിക്കുന്നത് ഇ ഡിയെയും മറ്റും കളത്തിലിറക്കിയിട്ടാണത്രെ.

ഇപ്പോള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും ഇ ഡി ലക്ഷ്യം വെക്കുന്നത് ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് എന്ന് കോണ്‍ഗ്രസ്സ് നിസ്സംശയം പറയുന്നു. കൊവിഡ് ബാധിതയായി ആശുപത്രിയില്‍ കഴിയുന്ന സോണിയാ ഗാന്ധി ഇതുവരെ ഇ ഡിക്ക് മുന്നില്‍ ഹാജരായിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസം ഏകദേശം മുപ്പത് മണിക്കൂറില്‍ താഴെ ഇ ഡി ചോദ്യം ചെയ്തു. ഇനി ഇന്നും ഒരു പക്ഷേ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ഈ ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കും. രാഹുല്‍ ഗാന്ധിയുടെ ഇ ഡിക്ക് മുന്നിലുള്ള ഹാജരാകല്‍ തലസ്ഥാനത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടത്. “രാഹുല്‍ ഗാന്ധിയുടെ സത്യഗ്രഹം’ എന്ന ലേബലില്‍ പാര്‍ട്ടി ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എം പിമാരെയും ജനപ്രതിനിധികളെയും എ ഐ സി സി നേതാക്കളെയും പാര്‍ട്ടി തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. യൂത്ത് കോണ്‍ഗ്രസ്സ്, എന്‍ എസ് യു ഐ, മഹിളാ കോണ്‍ഗ്രസ്സ് തുടങ്ങിയ പോഷക സംഘടനകളും പ്രവര്‍ത്തകരെ ഇ ഡി ആസ്ഥാനത്തേക്ക് നയിച്ചു.
പ്രതികാര രാഷ്ട്രീയത്തിന് മുന്നിലോ ബി ജെ പിയുടെ ഭീഷണിക്ക് മുന്നിലോ തലകുനിക്കാത്ത രാഹുല്‍ എന്ന പ്രതിച്ഛായയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിനെ തരംകിട്ടുമ്പോഴെല്ലാം പരിഹസിക്കുന്ന, അയാള്‍ തങ്ങള്‍ക്കൊരു പ്രതിപക്ഷമേയല്ല എന്നുപറയുന്ന ബി ജെ പി എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ ഇങ്ങനെ ലക്ഷ്യം വെക്കുന്നത് എന്ന് കോണ്‍ഗ്രസ്സ് ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സത്യസന്ധതയിലും ആത്മാര്‍ഥതയിലും ധീരതയിലും ബി ജെ പിക്ക് ഭയമുണ്ട് എന്ന സന്ദേശം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല ബി ജെ പി വിരുദ്ധ ചേരികളിലും പൊതുജനങ്ങള്‍ക്കിടയിലും എത്തിക്കുക എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ്സ് ആസ്ഥാനത്തും എ പി ജെ അബ്ദുല്‍ കലാം റോഡിലെ ഇ ഡി ആസ്ഥാനത്തിന് മുന്നിലും കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്കകത്ത് വലിയ ഉത്തേജനം ഉണ്ടാക്കിയിട്ടുണ്ട്. ഇ ഡിയുടെ ഇപ്പോഴത്തെ ഈ നടപടികള്‍ തന്നെ രാഹുലിന്റെ നിരന്തരമായ ഇ ഡി വിമര്‍ശത്തിന്റെ തുടര്‍ച്ചയാണ് എന്ന് കരുതുന്നവരുമുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രവും അതിന്റെ പ്രസാധകരായ അസ്സോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡും യംഗ് ഇന്ത്യ ലിമിറ്റഡ് (വൈ ഐ എല്‍) എന്ന കമ്പനി ഏറ്റെടുത്തത് സംബന്ധിച്ചാണ് നിലവിലുള്ള കേസ്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രധാന ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള വൈ ഐ എല്‍ ഒരു നോണ്‍-പ്രോഫിറ്റബിള്‍ സ്ഥാപനമാണ് എന്നതുകൊണ്ടുതന്നെ ഓഹരി ഉടമകള്‍ക്ക് പ്രത്യേകിച്ച് ലാഭമൊന്നും ഈ ഇടപാടില്‍ ഇല്ലെന്നും ഇങ്ങനെയൊരു ഏറ്റെടുക്കല്‍ യംഗ് ഇന്ത്യ നടത്തിയത് പത്രത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനാണെന്നും കോണ്‍ഗ്രസ്സ് വിശദീകരിക്കുന്നു. എന്നാല്‍ ഈ ഇടപാടില്‍ വലിയ നികുതി വെട്ടിപ്പ് നടന്നെന്നും എ ജെ എല്ലിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഗാന്ധി കുടുംബം നടത്തിയ ക്രമക്കേടാണ് ഇതെന്നും പരാതിക്കാരനായ സുബ്രഹ്‌മണ്യം സ്വാമി ആരോപിച്ചിരുന്നു. 2012ലാണ് ഈ കേസ് ആരംഭിക്കുന്നത്. 2014ല്‍ ഇത് കോടതിയിലെത്തുകയും 2015ല്‍ ആരോപണ വിധേയരായവര്‍ക്ക് കോടതി ജാമ്യവും അനുവദിച്ചു. എന്നാല്‍ ഇ ഡിയുടെ അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. അതിന് ശേഷം 2018ല്‍ എ ജെ എല്ലിന്റെ ഓഫീസും മറ്റും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയോടെയാണ് വീണ്ടും ഈ വിഷയം ചര്‍ച്ചയാകുന്നത്. അന്ന് കേന്ദ്ര നടപടിയെ കോടതി തടയുകയും ചെയ്തു. പിന്നീട് ഇപ്പോഴാണ് ഇ ഡി ഈ വിഷയം പൊക്കിക്കൊണ്ടുവരുന്നത്. 2012ല്‍ ആരംഭിച്ച കേസില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ 2014 മുതല്‍ ഇക്കഴിഞ്ഞ എട്ട് വര്‍ഷം മോദി സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു എന്നാണ് പ്രധാനമായും ഉയരുന്ന സാമാന്യ ചോദ്യം. ഈ ചോദ്യം തന്നെയാണ് ഇതെല്ലാം ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതും.

ഇ ഡി കോണ്‍ഗ്രസ്സ് നേതാക്കളെ ഉന്നം വെക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ കരുത്ത് പകരും. കാരണം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇ ഡി ഇതിനകം വലിയ ശത്രുവിന്റെ അനുസരണയുള്ള “വേട്ട നായ’ പരിവേഷത്തിലായിക്കഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഇ ഡി ഏറ്റവും കൂടുതല്‍ “പണി’യെടുക്കുന്നത്. ബി ജെ പിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സ്-എന്‍ സി പി സഖ്യത്തില്‍ ചേര്‍ന്ന ശിവസേനയുടെ നേതാക്കളായ സഞ്ജയ് റൗത്, അനില്‍ പരബ്, എന്‍ സി പിയുടെ നവാബ് മാലിക്, അജിത് പവാര്‍, കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അനില്‍ ദേശ്മുഖ് തുടങ്ങിയവരെ ഇ ഡി പിന്തുടരുകയാണ്, ഇതില്‍ മഹാരാഷ്ട്ര സര്‍ക്കാറിലെ പ്രധാനപ്പെട്ട മന്ത്രിയായ നവാബ് മാലിക് ജയിലിലുമാണ്. ശിവസേനയുടെ മന്ത്രി അനില്‍ പരബ് ഇ ഡി ഭീഷണിയുടെ നിഴലില്‍ തന്നെയാണ് ഇപ്പോഴും. കോണ്‍ഗ്രസ്സിന്റെ പി ചിദംബരം, ഡി കെ ശിവകുമാര്‍, അനില്‍ ദേശ്മുഖ്, കീര്‍ത്തി ചിദംബരം, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അഭിഷേക് ബാനര്‍ജി, എ എ പിയുടെ സത്യേന്ദ്ര ജയിന്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങി ഇ ഡി പിന്നാലെയുള്ള പ്രതിപക്ഷ നേതാക്കളുടെ ലിസ്റ്റ് നീളമുള്ളതാണ്. കേരളത്തില്‍ ഇ ഡി ബി ജെ പിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് സ്വര്‍ണക്കടത്ത് വിവാദം കൊഴുപ്പിക്കുന്നതെന്ന് സി പി എമ്മും ആരോപിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോഴെല്ലാം പ്രതിപക്ഷ നേതാക്കള്‍ ഇ ഡിയുടെ പരീക്ഷ പാസ്സാകേണ്ട ഗതികേടിലാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇ ഡി എന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നതുമാറ്റി എക്‌സാം ഇന്‍ ഡെമോക്രസി എന്നാക്കണമല്ലോ എന്നാണ് ഉത്തര്‍ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അഖിലേഷ് യാദവ് ചോദിക്കുന്നത്. ഏറിയും കുറഞ്ഞുമൊക്കെയുള്ള നിയന്ത്രണങ്ങള്‍ എല്ലാ കാലത്തും സര്‍ക്കാറുകള്‍ അവരുടെ കീഴിലുള്ള ഏജന്‍സികളുടെ മേല്‍ ചുമത്താറുണ്ട്. എന്നാല്‍ അത്തരം സമ്മര്‍ദ രീതികളില്‍ നിന്നൊക്കെ വിട്ടുമാറി ഏജന്‍സികളുടെ എല്ലാ സ്വാതന്ത്ര്യവും എടുത്തുമാറ്റിയിരിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് ഉയര്‍ന്നുവന്ന കോഴ വിവാദങ്ങളോ പണമിടപാടുകളോ ഇതുവരെ ഒന്നെത്തി നോക്കാന്‍ പോലും ഇ ഡി തയ്യാറായിട്ടില്ല. അഖിലേഷ് പറയുന്നതു പോലെ പ്രതിപക്ഷം നേരിടുന്ന പരീക്ഷണപര്‍വമായി ഇന്ത്യയില്‍ ഭരണഘടനാ സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളും മാറിയിട്ടുണ്ട്. ഇതൊക്കെ അതിജീവിച്ചുവേണം പ്രതിപക്ഷത്തിന് ബി ജെ പി-ആര്‍ എസ് എസ് രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍. കണിശതയുള്ള സംഘടനാ സംവിധാനവും സാമ്പത്തിക ശേഷിയും നേതൃ-പ്രവര്‍ത്തക ശക്തിയും മൂല്യങ്ങളുമുള്ള കക്ഷികള്‍ക്ക് മാത്രമേ അങ്ങനെയൊരു അതിജീവനം ഉണ്ടാകുകയുമുള്ളൂ. ഇന്ത്യയുടെ വര്‍ത്തമാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു സന്ധിയിലാണെന്നു തന്നെയാണ് പറയുന്നത്.



source https://www.sirajlive.com/ed-politics-of-revenge.html

Post a Comment

Previous Post Next Post