തൃശൂര്‍ | അതിരപ്പിള്ളിയില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഊര്‍ജിത പ്രതിരോധ നടപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ തുറന്നു. 0487 2424223 ആണ് നമ്പര്‍. ആന്ത്രാക്‌സ് ബാധിച്ച പന്നികളെ മറവുചെയ്തവര്‍ക്ക് ചികിത്സ നല്‍കും. അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കും. പഞ്ചായത്തില്‍ ബോധവത്കരണം നടത്താനും തീരുമാനിച്ചു.
ചൊവ്വാഴ്ച പിള്ളപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മേഖലയിലെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴ് പന്നികള്‍ ചത്ത് കിടന്നിരുന്നു. പലതും അഴുകിയ നിലയിലായിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങള്‍ യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് വനപാലകര്‍ കുഴിച്ചിട്ടതെന്നും കഴിഞ്ഞ ദിവസം ചാട്ടുകല്ലുംതറ മേഖലയില്‍ ആടുകള്‍ ചത്തതായും നാട്ടുകാര്‍ പറഞ്ഞു. പന്നികളുടെ ജഡം കുഴിച്ചിടാന്‍ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
source https://www.sirajlive.com/anthracce-plague-in-athirappilly-control-room-opened.html
Post a Comment