മഹാരാഷ്ട്ര ബി ജെ പി കൈകളിലേക്ക്‌: പുതിയ സര്‍ക്കാര്‍ ഉടന്‍

മുംബൈ | മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ച സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണ നടപടികള്‍ക്ക് വേഗതകൂട്ടി ബി ജെ പി. പുതിയ സര്‍ക്കാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബി ജെ പി കോര്‍ കമ്മിറ്റി യോഗം ചേരും. രാവിലെ 11ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ വീട്ടിലാണ് യോഗം.

തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഫഡ്‌നവസിന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മുംബൈയില്‍ തിരിച്ചെത്തി പുതിയ സര്‍ക്കാറിനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനാണ് തീരുമാനം. ശിവസേന വിമതരടക്കമുള്ള എം എല്‍ എമാരുടെ പിന്തുണടങ്ങിയ കത്ത് ഫഡ്‌നവസിന് ഗവര്‍ണര്‍ക്ക് കൈമാറും. നാളെത്തന്നെ ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെയായിരുന്നു രാജി. അവസാന നിമിഷംവരെ മഹാവികാസ് അഘാഡി സര്‍ക്കാറിനെ പിടിച്ചുനിര്‍ത്താന്‍ ഉദ്ദവ് ശ്രമിച്ചെങ്കിലും വിമതര്‍ അനുനയത്തിന് തയ്യാറാകാത്തതിനാല്‍ എല്ലാം പാളുകയായിരുന്നു. എന്‍ സി പി, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി ജെ പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്ക്കരിക്കണമെന്നായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതരുടെ ആവശ്യം.

അതിനിടെ ഗോവയില്‍ നിന്ന് ശിവസേന വിമതര്‍ ഇന്ന് മഹാരാഷ്ട്രയില്‍ എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതിന് ദേവേന്ദ്ര ഫഡ്‌നവിസിന് ഇവര്‍ പിന്തുണ കത്ത് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നാളെ എത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് വിമതര്‍.



source https://www.sirajlive.com/maharashtra-now-in-bjp-hands-new-government-soon.html

Post a Comment

Previous Post Next Post