1945ല്‍ രണ്ടാം സാമ്രാജ്യത്വ ഭീകര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളെയും നാഗരികതകളുടെ മറ്റു അവശിഷ്ടങ്ങളെയും മണ്ണില്‍ നിന്ന് പൊക്കിയെടുക്കാന്‍, നാഗരികതയെ നിറപ്പകിട്ടുള്ളതാക്കാന്‍ നിര്‍മിക്കപ്പെട്ട ഒരു യന്ത്രമാണ് ജെ സി ബി. ജോസഫ് സിരില്‍ ബാംഫോഡ് എന്ന ഒരു യുവ എന്‍ജിനീയറാണ് അത് രൂപപ്പെടുത്തിയത്. നാഗരികതകള്‍ തകര്‍ന്നടിഞ്ഞ ആ കാലത്തിന്റെ ആവശ്യമായിരുന്നു ആ കണ്ടുപിടിത്തം. ആ അര്‍ഥത്തില്‍ ജെ സി ബി ചരിത്രപരമായി വലിയൊരു നിര്‍മാണാത്മാകമായ പങ്കിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നവ ഫാസിസ്റ്റ് രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴില്‍ അതേ യന്ത്രം നാഗരികതയുടെയും മാനവികതയുടെയും തകര്‍ച്ചക്ക് നേതൃത്വം കൈയാളുന്ന വിചിത്രമായ വിപര്യയത്തിലൂടെയാണ് ഇന്ത്യയിന്ന് കടന്നുപോകുന്നത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ ബാബ എന്ന പേരില്‍ അഭിരമിക്കുന്നു. ജോസഫ് സിരില്‍ ബാംഫോഡ് നാഗരികതയുടെ നിര്‍മിതിക്ക് നേതൃത്വം നല്‍കിയപ്പോള്‍ യോഗി നാഗരികതയുടെ കുളംതോണ്ടലിന് നേതൃത്വം നല്‍കുന്നു. യോഗിയുടെ മാതൃഭാഷ പലരും തെറ്റിദ്ധരിക്കുന്നത് പോലെ ഹിന്ദിയോ സംസ്‌കൃതമോ അല്ല, വെറുപ്പും വിദ്വേഷവുമാണ്. വെറുപ്പ് മാതൃഭാഷയാക്കി മാറ്റിയ യോഗി ജെ സി ബിയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപകരണമാക്കി മാറ്റിയിരിക്കുന്നു. വെറുപ്പിന്റെ പുതിയ രാഷ്ട്രീയ എന്‍ജിനായി അതിനെ പരുവപ്പെടുത്തിയിരിക്കുന്നു.
മനുഷ്യര്‍ മനുഷ്യരെ സ്നേഹിക്കുകയും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കെ സംവാദങ്ങളിലൂടെ സ്വയം സംസ്‌കാര സമ്പന്നമാകുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് ജനാധിപത്യവും മാനവികതയും മുന്നോട്ടുവെക്കുന്നത്. അവിടെ സ്വന്തം ഭാഷ ഉച്ചത്തില്‍ സംസാരിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടായിരിക്കണം. അതേസമയം മറ്റുള്ളവരുടെ ഭാഷ ശ്രദ്ധാപൂര്‍വം കേള്‍ക്കാനുള്ള ധീരതയും കരുത്തും കാണിക്കണം. സ്വന്തം ഭാഷ ഉച്ചത്തില്‍ സംസാരിക്കാന്‍ സാധിക്കുകയെന്നത് ജനാധിപത്യത്തിലെ ഒരു പ്രാഥമിക കാര്യമാണ്. എന്നാല്‍ മറ്റുള്ളവരുടെ ഭാഷ, പ്രത്യേകിച്ചും അന്യവത്കരിക്കപ്പെട്ട, പുറമ്പോക്കുവത്കരിക്കപ്പെട്ട, ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെ ഭാഷ കേള്‍ക്കാനുള്ള കഴിവുണ്ടാകുകയെന്നത് ധീരമായ വിനയത്തിന്റെ ഭാഗമാണ്. ഒരു മനുഷ്യനെ സംസ്‌കാര സമ്പന്നമാക്കുന്നത് മറ്റുള്ളവരുടെ ഭാഷ കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള അയാളുടെ കഴിവിനെ ആശ്രയിച്ചാണ്. എന്നാല്‍ ഒരാള്‍ ഔന്നത്യത്തിലേക്ക് കുതിക്കുന്നത് ഉച്ചരിക്കപ്പെടാതെ പോകുന്ന ഒരാളുടെ സങ്കടത്തിന്റെ ഭാഷ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ്. ഫാസിസത്തിന് ഇതരരുടെ ഭാഷകള്‍ കേള്‍ക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, ഇതര ഭാഷകളെയൊക്കെ ഇടിച്ചുനിരത്താന്‍ മടിയേതും കാണിക്കുകയുമില്ല.
എത്രയോ കാലത്തെ ഒരു മനുഷ്യന്റെ സ്വപ്നത്തിന്റെ സാക്ഷാത്കരമാണ് അവന്റെ വീട്. അത് ഒരു കെട്ടിടമല്ല. അത് ഇടിച്ചുപൊളിക്കുകയാണ്. എന്തിന് വേണ്ടി? ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്ന പേരില്‍. ലോകത്തെ വ്യത്യസ്ത രാജ്യങ്ങളിലെ ഭരണാധികാരികളും ജനങ്ങളും ഈ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അവരുടേതായ രീതിയില്‍ പങ്കെടുത്തിട്ടുണ്ട്. അവിടേക്കൊക്കെ യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ അയക്കുമോ? അയാള്‍ മുഖ്യമന്ത്രിയായ ഒരു പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത് എന്ന ഒറ്റക്കാരണത്താല്‍ അവരുടെ വീടുകള്‍ ഇടിച്ചുപൊളിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.
ബുള്‍ഡോസര്‍ ഒരു രാഷ്ട്രീയ ആയുധമായി ലോകത്ത് ഏറ്റവും ഭീകരമായി ഉപയോഗിച്ചത് സയണിസ്റ്റുകളാണ്. ഫലസ്തീന്‍ വിമോചന പോരാട്ടത്തെ പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ചരിത്രത്തിലുണ്ട്. ഇപ്പോഴും അതൊക്കെ നിര്‍ബാധം തുടരുകയും ചെയ്യുന്നു. അതിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അമേരിക്കയിലെ 22 വയസ്സുള്ള ഒരു സര്‍വകലാശാല വിദ്യാര്‍ഥി രക്തസാക്ഷിയാകുന്നത്. അതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാന്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ശ്രമിക്കുമ്പോള്‍ ആ രാജ്യത്തെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഏറ്റവും വലിയ പാതകമാണ്.
ഇന്ത്യന്‍ ഫാസിസവും ഇന്ത്യയിലെ മുസ്‌ലിംകളും തമ്മിലുള്ള ഒരു സ്വകാര്യ പ്രശ്നമല്ല ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. മറിച്ച് ഇന്ത്യന്‍ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരെ ഇന്ത്യന്‍ ഫാസിസം നടത്തുന്ന കടന്നാക്രമണമാണിത്. ഇപ്പോള്‍ ഇതിന്റെ ഇരകള്‍ മുസ്‌ലിംകള്‍ ആണെന്നത് സത്യമാണ്. എന്നാല്‍ ഇത് ഇവിടെ തുടങ്ങി ഇവിടെത്തന്നെ അവസാനിക്കുമെന്നതിന് ഒരുറപ്പുമില്ല. ഇന്ത്യയില്‍ പല ഭാഗത്തും നടക്കുന്ന ദളിത് വേട്ടകള്‍, ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍, മതനിരപേക്ഷ വാദികള്‍ക്കെതിരെ നടക്കുന്ന വേട്ടകളുടെയൊക്കെ തുടര്‍ച്ചയിലാണ്, കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ക്രൂരമായി ഇല്ലാതാക്കിയ ഫാസിസ്റ്റ് തേര്‍വാഴ്ചയുടെയും തുടര്‍ച്ചയിലാണ് ഇതിനെ കാണേണ്ടത്.
ഈ തേര്‍വാഴ്ചയില്‍ ആഹ്ലാദിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന ഒരു പുതിയ പ്രവണത ഇന്ത്യയില്‍ വികസിച്ചുവന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രതികളെ വിചാരണ ചെയ്യുന്നതിന് പകരം ഇരകളെ പ്രതികളാക്കുന്ന ഒരു പ്രതിലോമ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് യഥാര്‍ഥ പ്രതികള്‍ക്കെതിരെയുള്ള അറസ്റ്റിന്റെ മൂല്യം തന്നെ തകര്‍ക്കുന്നു.
യോഗി ആദിത്യനാഥ്, തേജസ്വി സൂര്യ, അമിത് ഷാ, സ്വാധി പ്രാചി, സ്വാധി താക്കൂര്‍, സൂര്യനാരായണ്‍ റെഡ്ഢി തുടങ്ങിയവരൊക്കെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രസിദ്ധരായവരാണ്. യഥാര്‍ഥത്തില്‍ ഈ വ്യക്തികള്‍ക്കപ്പുറത്താണ് കാര്യങ്ങള്‍ നിലനില്‍ക്കുന്നത്. 60 ലക്ഷം രൂപക്ക് കലാപങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കപ്പെടും എന്നു പറഞ്ഞ കര്‍ണാടകയിലെ പ്രമോദ് മുത്തലിക്കിന്റെ വാക്കുകളിലെ അപകടവും ഭീകരതയും നാം തിരിച്ചറിയും. എന്നാല്‍ പ്രമോദ് മുത്തലിക്കും താക്കൂറുമാരുമൊക്കെ അടങ്ങുന്ന സംഘ്പരിവാറിന്റെ വിദ്വേഷ പ്രസംഗകര്‍ക്ക് ഇതിന് ഊര്‍ജം പകരുന്നത് എന്താണ്? സംഘ്പരിവാര്‍ പ്രത്യയശാസ്ത്രമാണ് സത്യത്തില്‍ അവരുടെ ഊര്‍ജം. സംഘ്പരിവാറിന്റെ തത്വചിന്തകരില്‍ പ്രമുഖനായ സവര്‍ക്കര്‍ മുസ്‌ലിംകളെ യവനര്‍ എന്ന് വിളിക്കുന്നത് തന്നെ തെറ്റായി കാണുന്ന ആളാണ്. അതിന് കാരണമായി സവര്‍ക്കര്‍ പറയുന്നത്, യവനര്‍ ആക്രമികളാണ്, പക്ഷേ അവര്‍ സംസ്‌കാരമുള്ളവരും വൈജ്ഞാനിക നിലവാരമുള്ളവരുമാണ്. എന്നാല്‍ അക്രമികളായ മുസ്‌ലിംകള്‍ക്ക് സംസ്‌കാരവും വൈജ്ഞാനിക നിലാവരവും ഇല്ലാത്തത് കൊണ്ട് അവരെ യവനര്‍ എന്ന് വിളിക്കാതെ മുസ്‌ലിംകള്‍ എന്ന് മാത്രം വിളിക്കണമെന്ന് സവര്‍ക്കര്‍ പറയുന്നു. അതായത് ലോകം അംഗീകരിച്ച ഒരു സാധാരണ ഭാഷാ പ്രയോഗത്തെ പോലും സഹിക്കാത്ത, അത്രയും വിദ്വേഷം വെച്ചുപുലര്‍ത്തുന്ന പ്രത്യയശാസ്ത്രമാണ് സവര്‍ക്കറിലൂടെയും ഗോള്‍വാള്‍ക്കറിലൂടെയും വികസിച്ചുവന്നത്. ജാതിമേല്‍ക്കോയ്മയുടെ ആ പ്രത്യയശാസ്ത്രത്തിലാണ് സംഘ്പരിവാര്‍ വേരാഴ്ത്തി നില്‍ക്കുന്നത്. മുളപൊട്ടാന്‍ മഴയെ കാത്തുനില്‍ക്കുന്ന വിത്തുകളെ പോലെ സംഘ്പരിവാര്‍ വിദ്വേഷ മഴയില്‍ നിന്ന് അനുകൂല സാഹചര്യത്തില്‍ മുളച്ചുവരുന്ന ചില തലപ്പുകള്‍ മാത്രമാണ് പേരെടുത്ത് പറഞ്ഞ വിദ്വേഷ പ്രഭാഷകര്‍. അതുകൊണ്ട് ജനാധിപത്യ ശക്തികള്‍ വിദ്വേഷ പ്രസംഗം നടത്തുന്ന വ്യക്തികള്‍ക്ക് ചുറ്റും വട്ടംകറങ്ങിയത് കൊണ്ട് കാര്യമില്ല. നിയമ നടപടി സ്വീകരിക്കണം. പക്ഷേ സൈദ്ധാന്തിക സമരം നടത്തേണ്ടത് അവര്‍ക്ക് ഈ ഊര്‍ജം പകര്‍ന്നുനല്‍കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയാണ്.
ഉത്തര്‍ പ്രദേശില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് കെട്ടിടം പൊളിക്കലോ വീട് തകര്‍ക്കലോ മാത്രമല്ല. സജീവമായ സമരം കൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഒന്നാണ് പൗരത്വ നിയമം. സജീവമായ സമരം കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്ന ഒന്നാണ് കര്‍ഷക സമരം. ഇവിടെ നടക്കുന്ന ജനാധിപത്യ സമരങ്ങള്‍ നേടിയ വിജയം നവ ഫാസിസ്റ്റുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ പരിഭ്രാന്തി സൃഷ്ടിച്ച ജനങ്ങള്‍ക്കെതിരെയുള്ള ഒരു പ്രതികാര നടപടിയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ ഇടിച്ചുനിരത്തല്‍. ജനാധിപത്യ വിരുദ്ധമായ പൗരത്വ നിയമം നടപ്പാക്കാനുള്ള ഒരു അനുകൂല പരിസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഉത്തര്‍ പ്രദേശിലെ ഈ ബുള്‍ഡോസര്‍ ആക്രമണങ്ങളെ കാണേണ്ടത്. പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധത്തിനെതിരെയാണ് ബാഹ്യമായി ഈ ആക്രമണങ്ങള്‍. എന്നാല്‍ സൂക്ഷ്മമായ തലത്തില്‍ പൗരത്വ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് നിയമങ്ങള്‍ നടപ്പാക്കാനുള്ള അരങ്ങൊരുക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്താല്‍, ഫാസിസത്തിനെതിരെയുള്ള ഏത് തരം പ്രതിഷേധമാകട്ടെ, അതില്‍ അണിനിരന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ബുള്‍ഡോസറാണ്, തടവറയിലെ കടുത്ത പീഡനങ്ങളാണ് എന്ന മുന്നറിയിപ്പുകളാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഇതിലൂടെ കൈമാറുന്നത്.
അറസ്റ്റ് ചെയ്തുകൊണ്ടുപോയ നിരപരാധികളായ ഇരകളെ പോലീസ് സ്റ്റേഷനുകള്‍ക്കകത്ത് വെച്ച് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു. എന്നിട്ട് ആ മര്‍ദനത്തെ പ്രസ്താവനയിലൂടെ, ട്വീറ്റിലൂടെ ബി ജെ പി നേതാക്കള്‍ ആദര്‍ശവത്കരിക്കുന്നു, ഇതാണ് പ്രതിഷേധിക്കുന്നവര്‍ക്കുള്ള സമ്മാനമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അതും പുതിയ പ്രവണതയാണ്.
തൊണ്ണൂറുകളില്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കളമൊരുക്കിയത് രഥയാത്രകളായിരുന്നു. യഥാര്‍ഥത്തില്‍ അത് രക്തയാത്രകളായിരുന്നു. മ്യൂസിയത്തില്‍ അന്ത്യവിശ്രമം കൊണ്ടിരുന്ന രഥത്തെ ആധുനിക രൂപത്തില്‍ ഡെക്കറേറ്റ് ചെയ്ത് അഡ്വാനി കൊണ്ടുവന്നത് രഥം കാണാത്തവര്‍ക്ക് മുമ്പില്‍ രഥം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നില്ല. കാലപ്രവാഹത്തില്‍ മ്യൂസിയത്തിലെ കൗതുക കാഴ്ചകളായി മാറിയ രഥത്തെ കലാപത്തിന്റെ അടയാളമാക്കി മാറ്റി, ആധുനിക ലോകത്തെ മൂല്യബോധത്തെ തകര്‍ക്കുന്ന പ്രതീകമാക്കി മാറ്റി അഡ്വാനി. ആ അഡ്വാനിയെ പിറകിലാക്കും വിധത്തിലാണ് യോഗി ആദിത്യനാഥ് ബുള്‍ഡോസറിനെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. നേരത്തേ ജഹാംഗീര്‍പുരിയില്‍ ഇതേ ബുള്‍ഡോസറുകള്‍ കോടതി വിധികളെ പോലും വെല്ലുവിളിച്ചുകൊണ്ട് ഇടിച്ചുനിരപ്പാക്കലിന് മുന്നിട്ടുവന്നപ്പോഴാണ് തൊട്ടുപോകരുതെന്ന മുന്നറിയിപ്പുമായി ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ഉണ്ടായത്. അന്ന് ഷെഡിലേക്ക് പോയ വിദ്വേഷത്തിന്റെ അതേ ബുള്‍ഡോസറുകളാണ് പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ തിരിച്ചുവന്നിരിക്കുന്നത്. അത് ഇന്ത്യന്‍ ജനതക്ക് വലിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്- ഏതെങ്കിലും വിധേന സംഘ്പരിവാറിന്റെ തെറ്റായ കാഴ്ചപ്പാടിനെ പിന്തിരിപ്പിക്കാന്‍ സാധിച്ചാലും ഏത് നിമിഷത്തിലും അത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന മുന്നറിയിപ്പ്. അതുകൊണ്ട് ജനാധിപത്യ ശക്തികളുടെ സമരങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും വിശ്രമമുണ്ടാകാന്‍ പാടില്ല. അങ്ങനെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും രക്ഷപ്പെടാന്‍ കഴിയൂ. ഫാസിസ്റ്റുകള്‍ക്ക് എത്ര വേണമെങ്കിലും വിശ്രമിക്കാം. പക്ഷേ ജനാധിപത്യ വിശ്വാസികള്‍ക്ക് വിശ്രമിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ വിട്ടെറിഞ്ഞ് ഐക്യപ്പെടണം. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് ഉത്തര്‍ പ്രദേശിലെ ഈ ജനാധിപത്യ വിരുദ്ധ കാഴ്ചപ്പാടിനെ വലിച്ചെറിയാന്‍ രംഗത്തെത്തണം. ഇന്ത്യന്‍ ജനത അനുഭവിക്കുന്ന ഈ ഭീകരതക്കെതിരെ ജനാധിപത്യവാദികളാകെ ഐക്യപ്പെടണം.
source https://www.sirajlive.com/when-the-bulldozers-of-hatred-return.html
إرسال تعليق