ലോഹത്തോട്ടി ഉപയോഗത്തിനിടെയുണ്ടാകുന്ന വൈദ്യുതാഘാത മരണങ്ങള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യുകയാണ് സംസ്ഥാനത്ത്. വെള്ളിയാഴ്ച വിഴിഞ്ഞം ചൊവ്വരയില്‍ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി അച്ഛനും മകനും മരണപ്പെടുകയുണ്ടായി. ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ റെനിലിന് വൈദ്യുതാഘാതമേറ്റത്. ഇരുവരും തത്്ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രവാഹത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തിക്കരിഞ്ഞു. പാലക്കാട് ജില്ലയിലെ കോങ്ങാട്ട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നിതുമോള്‍ ഇരുമ്പുതോട്ടി ഉപയോഗിച്ച് വിറക് ശേഖരിക്കുന്നതിനിടെയാണ് കഴിഞ്ഞ നവംബറില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി മരണപ്പെട്ടത്.
അടുത്ത കാലയളവില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ ഗണ്യഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ്, അലൂമിനിയം തുടങ്ങിയ ലോഹത്തോട്ടി ഉപയോഗിക്കുമ്പോഴാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിരവധി പേര്‍ക്കാണ് ഇതുവഴി വൈദ്യുതാഘാതമേറ്റ് ജീവഹാനി സംഭവിച്ചത്. ഗുരുതരമായ പരുക്കേറ്റവരും നിരവധി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021ല്‍ 41 പേര്‍ക്കാണ് ലോഹത്തോട്ടി ഉപയോഗത്തിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ഇവരില്‍ 21 പേരും തത്്ക്ഷണം മരണമടഞ്ഞു. 20 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 2017 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെയുള്ള കണക്കെടുത്താല്‍ ലോഹത്തോട്ടി ഉപയോഗം മൂലമുള്ള അപകടങ്ങളുടെ എണ്ണം 250ഉം വൈദ്യുതാഘാത മരണങ്ങളുടെ എണ്ണം 132ഉം വരും. വൈദ്യുതി ലൈനിനു സമീപത്തെ തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ നിന്ന് ഫലവര്‍ഗങ്ങള്‍ ശേഖരിക്കുമ്പോഴാണ് ഇവയില്‍ ഭൂരിഭാഗവും സംഭവിക്കുന്നത്.
ഉണങ്ങിയ മുളയും ഓടയും മരക്കൊമ്പുകളുമായിരുന്നു മുന്‍കാലങ്ങളില്‍ കായ്ഫലങ്ങളും പഴങ്ങളും പറിക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് അവയുടെ സ്ഥാനം ലോഹനിര്‍മിത തോട്ടികള്‍ കൈയടക്കി. മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ സുലഭമാണ് ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലൂമിനിയം തോട്ടികള്‍. വണ്ണം കുറഞ്ഞ ഇരുമ്പുപൈപ്പുകള്‍ വാങ്ങി അറ്റത്ത് വളഞ്ഞ കത്തികള്‍ വെല്‍ഡ് ചെയ്തു ചേര്‍ത്ത് തോട്ടിയായി ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം ലോഹനിര്‍മിത വസ്തുക്കള്‍ വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ ഷോക്കേല്‍ക്കുമെന്ന് അറിയാത്തവരില്ല.
ഇത്തരം തോട്ടികള്‍ ഉപയോഗിച്ച് വൈദ്യുതി ലൈനുകള്‍ക്കു സമീപം ഒരു ജോലിയും ചെയ്യരുതെന്ന് കെ എസ് ഇ ബി അധികൃതര്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കാറുമുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജാഗ്രതക്കുറവും അശ്രദ്ധയും കാരണം വൈദ്യുതി ലൈനുകള്‍ക്കു സമീപവും അതിന്റെ ഉപയോഗം യഥേഷ്ടം നടക്കുന്നു.
വര്‍ഷക്കാലമാണ് ഇപ്പോള്‍ സംസ്ഥാനത്ത്. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാനും ഇടിമിന്നലില്‍ വീടുകളിലെയടക്കം വൈദ്യുതോപകരണങ്ങള്‍ നശിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ് ഈ ഘട്ടത്തില്‍. അതിരാവിലെയും രാത്രിയും യാത്ര ചെയ്യുമ്പോള്‍ വീണുകിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിച്ച് അപകടം സംഭവിക്കുന്നത് പതിവാണ് മഴക്കാലത്ത്. കമ്പിയുടെ കാലപ്പഴക്കമാണ് പൊട്ടിവീഴാന്‍ മിക്കപ്പോഴും കാരണം. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് ജനങ്ങളുടെ ജീവനോ സ്വത്തിനോ നഷ്ടം സംഭവിക്കാതിരിക്കാനാവശ്യമായ സുരക്ഷാ നടപടികളും മുന്‍കരുതലുകളും വൈദ്യുതി ബോര്‍ഡുകളും കമ്പനികളും സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വൈദ്യുതി നിയമം (1956) അനുശാസിക്കുന്നുണ്ട്. ഈ നിയമം അനുശാസിക്കുന്ന മുഴുവന്‍ സുരക്ഷാ നടപടികളും ആറ് മാസത്തിനകം കൈക്കൊള്ളുമെന്ന് ഒന്നര പതിറ്റാണ്ടു മുമ്പ് കെ എസ് ഇ ബി ഹൈക്കോടതിക്ക് ഉറപ്പു നല്‍കിയതുമാണ്. ഇക്കാര്യത്തില്‍ ബോര്‍ഡ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ജീവനക്കാരുടെ അശ്രദ്ധയും അനാസ്ഥയും മൂലമുള്ള അപകടങ്ങള്‍ പെരുകുമ്പോഴും കെ എസ് ഇ ബി പാഠം പഠിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. വലിയ നഗരങ്ങളിലെല്ലാം ഭൂഗര്‍ഭ കേബിള്‍ സംവിധാനം നടപ്പാക്കി വരുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ നടപ്പാക്കിയാല്‍ വഴിയില്‍ പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ തട്ടിയുള്ള അപകടങ്ങള്‍ ഗണ്യമായി കുറക്കാനാകും.
അശ്രദ്ധയും അലംഭാവവും അറിവില്ലായ്മയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. മിന്നലുള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യുക, വൈദ്യുതി വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പ് വരുത്താതെ സര്‍വീസ് ലൈനുകളിലോ എര്‍ത്ത് കമ്പികളിലോ സ്പര്‍ശിക്കുക, വയറിംഗിനു നിലവാരമില്ലാത്ത സാമഗ്രികളും ഉപകരണങ്ങളും ഉപയോഗിക്കുക, വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളേയോ അയയോ കെട്ടുക, ചെരിപ്പുകള്‍ ധരിക്കാതെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയെല്ലാം അപകടങ്ങള്‍ക്കു കാരണമാണ്. ഇക്കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിച്ചാല്‍ അപകടങ്ങള്‍ നല്ലൊരു പങ്ക് ഒഴിവാക്കാനാകും. കാലവര്‍ഷത്തിനു മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും അധികൃതര്‍ വെട്ടിമാറ്റുകയും വേണം.
ജോലിക്കിടെ കെ എസ് ഇ ബി ജീവനക്കാരും കരാര്‍ ജോലിക്കാരും ഷോക്കേറ്റു മരിക്കുന്ന സംഭവങ്ങളും ഇടക്കിടെ റിപോര്‍ട്ട് ചെയ്യാറുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി, സങ്കീര്‍ണമായ വിതരണ ശൃംഖല, മദ്യലഹരിയിലുള്ള വൈദ്യുതി ജോലി തുടങ്ങിയ പല കാരണങ്ങളാണ് ഇത്തരം മരണങ്ങള്‍ക്കു കാരണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ചൊല്ല് ഏറ്റവും അന്വര്‍ഥമാകുന്നത് വൈദ്യുതി മേഖലയിലാണ്. അത്രയും വേഗതയാര്‍ന്നതാണ് ഇതുമായി ബന്ധപ്പെട്ട ആഘാതങ്ങള്‍.
source https://www.sirajlive.com/dead-metal-pits.html
إرسال تعليق