സംസ്ഥാനത്തെ മെഡി. കോളജുകളിലെ തിരക്ക് കുറക്കാൻ റഫർ മാനദണ്ഡങ്ങൾ കർക്കശമാക്കാൻ തീരുമാനിച്ചിരിക്കയാണ് ആരോഗ്യവകുപ്പ്. നിലവിൽ താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി സേവനങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സ്‌പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണെന്നിരിക്കെ ഇവിടം കൊണ്ട് പരിഹരിക്കാത്ത കേസുകൾ മാത്രമേ മെഡി. കോളജുകളിലേക്ക് റഫർ ചെയ്യാകൂവെന്നാണ് തീരുമാനം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ചും ഐ സി യു, വെന്റിലേറ്റർ സൗകര്യങ്ങൾ ഉറപ്പാക്കിയും വേണം റഫർ ചെയ്യാൻ. എല്ലാ ആശുപത്രികളിലും റഫറൽ റജിസ്റ്റർ ഉണ്ടായിരിക്കണമെന്നും രോഗിയെ റഫർ ചെയ്താൽ അക്കാര്യം മെഡിക്കൽ കോളജ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശത്തിൽ പറയുന്നു. റഫർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് മാസത്തിലൊരിക്കൽ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരിശോധിക്കുകയും വേണം.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താഴേക്കിട ആശുപത്രികളിൽ നിന്ന് രോഗികളെ റഫർ ചെയ്യുന്നത്. ഇത് മെഡിക്കൽ കോളജുകളിൽ അനിയന്ത്രിതമായ തിരക്ക് സൃഷ്ടിക്കുകയും വിദഗ്ധ സേവനങ്ങൾ അനിവാര്യമായ രോഗികൾക്കു മതിയായ ചികിത്സയും പരിചരണവും നൽകാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
റഫറൽ സംവിധാനം ശക്തമാക്കുന്നതോടെ രോഗികൾക്ക് കാലതാമസം കൂടാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മെഡിക്കൽ കോളജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി പരിചരിക്കാനും സാധ്യമാകുമെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. മെഡി. കോളജുകൾക്ക് ഗവേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും.
എന്നാൽ റഫറൽ മാനദണ്ഡങ്ങൾ നടപ്പാക്കിയതു കൊണ്ടു മാത്രമായില്ല, ആവശ്യത്തിന് ഡോക്ടർമാർ ഇല്ലായ്മ, ലാബ് ടെക്‌നീഷ്യന്മാരുടെ കുറവ,് മരുന്ന് ക്ഷാമം തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രികൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളും ക്രമക്കേടുകളും പരിഹരിച്ചെങ്കിൽ മാത്രമേ രോഗികൾക്ക് മികച്ച സേവനം ലഭ്യമാവുകയുള്ളൂ. കോഴിക്കോട്, തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം, കോന്നി തുടങ്ങി സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജ് ആശുപത്രികളിലും മതിയായ ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ 30 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ഏറ്റവും പുതിയ റിപോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ അടുത്തിടെയായി 17 ഡോക്ടർമാർ വിരമിച്ചു. പ്രസ്തുത തസ്തികകളിലേക്ക് നിയമനമായിട്ടില്ല. വർഷങ്ങളായി തുടരുന്നതാണ് ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ക്ഷാമം. മെഡിക്കൽ കൗൺസിലിന്റെ പരിശോധനാ സംഘം എത്തുമ്പോൾ മറ്റു മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചാണ് ഇവയുടെ അംഗീകാരം നിലനിർത്തുന്നത്.
മെഡിക്കൽ കോളജുകളിലെ സ്റ്റാഫിന്റെ കുറവും രോഗികളുടെ എണ്ണക്കൂടുതലും കാരണം ഡോക്ടർമാർക്ക് രോഗികളോട് രോഗവിവരങ്ങൾ വേണ്ട വിധം ചോദിച്ചറിയാനോ വിശദമായ പരിശോധന നടത്താനോ സാധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോക്ടർ 20- 30 രോഗികളെ പരിശോധിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ അതിന്റെ രണ്ടും മൂന്നും മടങ്ങ് രോഗികളെ പരിശോധിക്കേണ്ടി വരുന്നുണ്ട്. ഇത് ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുകയും സർക്കാർ ആശുപത്രികളെക്കുറിച്ചു സമൂഹത്തിൽ മോശം അഭിപ്രായം വളരാനും ഇടയാക്കുന്നതായി ഡോക്ടർമാർ പരാതിപ്പെടുന്നു. ലാബ് ടെക്‌നീഷ്യന്മാരുടെ കുറവും മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചില മെഡി. കോളജുകളിൽ രാവിലെ പരിശോധനക്കെത്തുന്ന ഡോക്ടർമാർ എഴുതുന്ന രക്തപരിശോധനക്കുള്ള സാമ്പിൾ എടുക്കാൻ ലാബ്‌ടെക്‌നീഷ്യൻ എത്തുന്നത് വൈകുന്നേരമാണ്. ഇതുമൂലം പരിശോധനാ ഫലം യഥാസമയം ഡോക്ടറെ കാണിക്കാനാകുന്നില്ല. വൈറൽ പനിയും മറ്റു പകർച്ച വ്യാധികളും വ്യാപകമായിരിക്കെ ഡോക്ടർമാരുടെയും ടെക്‌നീഷ്യന്മാരുടെയും എണ്ണക്കുറവ് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്. ജീവിതശൈലി രോഗങ്ങൾക്ക് സ്ഥിരമായി കഴിക്കേണ്ട അവശ്യമരുന്നുകൾ അടക്കം ലഭ്യമല്ലെന്നാണ് റിപോർട്ട്. കുറിപ്പടി കൊടുത്ത് പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദേശിക്കുകയാണ് ഡോക്ടർമാർ. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാകുന്ന കാരുണ്യ ഫാർമസികളിലും മരുന്നു ക്ഷാമമുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്കും മരുന്ന് നൽകുന്നത്. സാധാരണഗതിയിൽ ഇതിനുള്ള ടെൻഡർ നടപടികൾ മാർച്ചിൽ തന്നെ പൂർത്തിയാകാറുണ്ട്. ഇത്തവണ ഇത് അനിശ്ചിതമായി നീളുകയായിരുന്നു.
പുറത്തെ ലാബുകളിലേക്ക് ടെസ്റ്റുകൾക്ക് എഴുതി കമ്മീഷൻ പറ്റുന്നത് ഉൾപ്പെടെ ഡോക്ടർമാർ നടത്തുന്ന അഴിമതികളാണ് മെഡിക്കൽ കോളജുകളിൽ ചികിത്സക്കെത്തുന്ന രോഗികൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. ടെസ്റ്റുകൾക്ക് കുറിച്ചുകൊടുക്കുമ്പോൾ ഇന്ന ലാബിൽ നിന്നായിരിക്കണം പരിശോധന നടത്തേണ്ടതെന്ന നിർദേശവും നൽകിയിരിക്കും.
വിദേശ യാത്രകൾ, വിനോദ യാത്രകൾ, വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ തുടങ്ങി ആകർഷണീയമായ ഓഫറുകളാണ് മരുന്നു കമ്പനികളും ലാബുകളും മുന്നോട്ട് വെക്കുന്നത്. അവർ ഈ തുക ഈടാക്കുന്നത് പാവപ്പെട്ട രോഗികളിൽ നിന്നും. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട് അടുത്തിടെ. അവർ ഇത്തരം ക്രമക്കേടുകൾ അവസാനിപ്പിക്കുന്ന കാര്യവും കൂടി പരിഗണിക്കേണ്ടതുണ്ട്.
source https://www.sirajlive.com/is-it-because-the-ref-standards-have-been-tightened.html
إرسال تعليق