ന്യൂഡല്‍ഹി | സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യാനിരിക്കുന്നതടക്കം നിരവധി വിഷയങ്ങള്‍ നിറഞ്ഞുനില്‍ക്കെ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍. ഉച്ചക്ക് ശേഷം എ ഐ സി സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. പാര്‍ട്ടിയെ സംബന്ധിച്ച് നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം നടക്കുമ്പോള്‍ രാഹുല്‍ വിദേശ പര്യടനത്തിന് പോയത് യോഗത്തില്‍ ചര്‍ച്ചയായേക്കും. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടന തിരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലനമെന്റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സമരങ്ങള്‍ക്കും യോഗം ആസൂത്രണം ചെയ്യും.
ജൂലായ് 18ന് പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളെ ബി ജെ പി നിരന്തരം വിമര്‍ശിച്ചിരുന്നു.
source https://www.sirajlive.com/congress-39-s-crucial-leadership-meeting-in-delhi-today.html
إرسال تعليق