കോട്ടയം | കനത്ത മഴ പെയ്യുന്ന കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. മീനച്ചിൽ താലൂക്കിൽ മൂന്നിലവിലാണ് ഉരുൾപൊട്ടിയത്. നഗരത്തിൽ വെള്ളം കയറിയ നിലയിലാണ്. ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. മേച്ചാൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നുണ്ട്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും. കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.
source https://www.sirajlive.com/kottayam-erupted-again-rivers-are-rising.html
Post a Comment