ഇറാഖ് പാര്‍ലിമെന്റ് മന്ദിരം പ്രക്ഷോഭകര്‍ കീഴടക്കി

ബഗ്ദാദ് | നൂറുകണക്കിന് പ്രക്ഷോഭകര്‍ ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കുന്നതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് പാർലിമെൻ്റ് കീഴടക്കലിൽ എത്തിയത്. ഇറാഖില്‍ ഏറെ സ്വാധീനമുള്ള ഷിയ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പ്രക്ഷോഭകരില്‍ ഭൂരിപക്ഷവും.

പ്രക്ഷോഭകര്‍ രാത്രി പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് കടക്കുമ്പോള്‍ എം പിമാര്‍ അവിടെയുണ്ടായിരുന്നില്ല. തലസ്ഥാനമായ ബഗ്ദാദിലെ ഉയര്‍ന്ന സുരക്ഷയുള്ള ഗ്രീന്‍ സോണിലാണ് പ്രക്ഷോഭകര്‍ ഇരച്ചുകയറിയത്. സര്‍ക്കാര്‍ കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും ഇവിടെയാണുള്ളത്.

കെട്ടിടത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. മുന്‍ മന്ത്രിയും പ്രവിശ്യാ ഗവര്‍ണറുമായ മുഹമ്മദ് ഷിയ അല്‍ സുദാനിയുടെ സ്ഥാനാര്‍ഥിത്വമാണ് പ്രധാനമായും പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ 73 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു അല്‍ സദ്‌റിന്റെ പാര്‍ട്ടി. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ അലസുകയായിരുന്നു.

 



source https://www.sirajlive.com/iraqi-parliament-building-occupied-by-protesters.html

Post a Comment

أحدث أقدم