ആലപ്പുഴ | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ, നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ ജില്ലാ കലക്ടറായി ചുമതലയേറ്റെങ്കിലും ജനങ്ങളിൽ നിന്ന് അകന്നുകഴിയേണ്ട സ്ഥിതിയിൽ. കലക്ടറേറ്റിലും ക്യാമ്പ് ഓഫീസുൾക്കൊള്ളുന്ന വസതിയിലും പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. കലക്ടറുടെ യാത്രക്ക് ഗൺമാന് പുറമെ പ്രത്യേക പോലീസ് വാഹന അകമ്പടി എർപ്പെടുത്തിയിട്ടുണ്ട്.
വിവിധ പരാതികളുമായി കലക്ടറെ നേരിൽ കാണാൻ കലക്ടറേറ്റിലും ക്യാമ്പ് ഓഫീസിലും സാധാരണ നിലയിൽ വൻ തിരക്കാണുണ്ടായിരുന്നത്. എന്നാൽ ശ്രീറാം ചുമതലയേറ്റതോടെ പരാതികളുമായി ആരും തന്നെ എത്തുന്നില്ലെന്ന് കലക്ടറേറ്റിലെയും ക്യാമ്പ് ഓഫീസിലെയും ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കലക്ടറേറ്റ് അങ്കണത്തിൽ കലക്ടറുടെ വാഹനത്തിനോട് ചേർന്ന് നിറയെ പോലീസുകാരുമായി പോലീസ് വാഹനം നിലയുറപ്പിച്ചിരിക്കുകയാണ്. ക്യാമ്പ് ഓഫീസിലും ഇതേ അവസ്ഥയാണുള്ളത്. ഇതിനു പുറമെയാണ് കലക്ടറുടെ യാത്രക്കും പോലീസ് അകമ്പടി സേവിക്കുന്നത്.
ജില്ലയിലുടനീളം ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, യു ഡി എഫിലെ ഇതര പാർട്ടികളും പ്രക്ഷോഭ രംഗത്തുണ്ട്. വിവിധ സുന്നി സംഘടനകളും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുണ്ട്.
കമന്റ് ബോക്സ് ഇനിയും തുറന്നില്ല
ശ്രീറാം വെങ്കിട്ടരാമൻ കലക്ടറായി ചുമതലയേറ്റെങ്കിലും ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് ഇനിയും തുറന്നില്ല. ശ്രീറാമിനെ കലക്ടറായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നത് മുതൽ ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക പേജിൽ കടുത്ത വിമർശവുമായി നൂറുകണക്കിനാളുകളാണ് കമന്റുകൾ ഇട്ടത്. ഈ സമയം ശ്രീറാമിന്റെ ഭാര്യ ഡോ. രേണുരാജായിരുന്നു കലക്ടർ.
കമന്റുകളുടെ കുത്തൊഴുക്കായതോടെ കലക്ടർ ഫേസ്ബുക്കിലെ കമന്റ് ബോക്സ് പൂട്ടി. സർക്കാറിന്റെ ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിടുന്നതിനായി കമന്റ് ബോക്സ് തുറന്നയുടനെ നൂറുകണക്കിനാളുകൾ ശ്രീറാമിനെതിരെ പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തി. ഇതോടെ വീണ്ടും പൂട്ടി.
പിന്നീട് ശ്രീറാമിന് ചുമതല കൈമാറി നാട്ടുകാർക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിടാനായി വീണ്ടും ഡോ. രേണുരാജ് കമന്റ് ബോക്സ് തുറന്നപ്പോഴും പ്രതിഷേധ കമന്റുകളാണ് എത്തിയത്. നിമിഷങ്ങൾക്കകം വീണ്ടും പൂട്ടിയെങ്കിലും ഇന്നലെ ഉച്ചയോടെ ഫേസ്ബുക്കിലെ രേണുരാജിന്റെ പ്രൊഫൈൽ ചിത്രം നീക്കി ശ്രീറാമിന്റേത് ചേർക്കാനായി തുറന്നപ്പോഴും കമന്റ് ബോക്സിൽ പ്രതിഷേധം ഒഴുകി. വൈകാതെ കമന്റുകളെല്ലാം നീക്കം ചെയ്ത് കമന്റ് ബോക്സ് പൂട്ടുകയായിരുന്നു.
source https://www.sirajlive.com/fear-of-protest-in-sriram-police-circle.html
إرسال تعليق