രക്തക്കറ എല്ലാ കരങ്ങളിലും

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായ സ്‌ഫോടനവും ദുരന്തവും സംസ്ഥാനത്ത് ബോംബ് സംസ്‌കാരത്തിന് ആരാണ് തുടക്കം കുറിച്ചതെന്ന വിവാദത്തിനിടയാക്കിയിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍. ജില്ലയില്‍ ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആവര്‍ത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. സ്‌ഫോടനം നടന്നത് സി പി എം കേന്ദ്രത്തിലായതിനാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി പി എമ്മിന് ഒഴിഞ്ഞു മാറാനാകില്ലെന്നാണ് അടിയന്തര പ്രമേയത്തില്‍ സണ്ണി ജോസഫ് എം എല്‍ എ കുറ്റപ്പെടുത്തിയിരുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് നിയമസഭയിലും സി പി എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞു കൊലപ്പെടുത്തി കോണ്‍ഗ്രസ്സ് നേതാക്കളാണ് ജില്ലയില്‍ ബോംബാക്രമണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറയുന്നു. ഡി സി സി ഓഫീസില്‍ മൂന്ന് തരം ബോംബ് നിര്‍മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ ശക്തിയെക്കുറിച്ച് വിവരിക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്സുകാര്‍. 2020നു ശേഷം സംസ്ഥാനത്ത് ഒമ്പത് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ച് പേരെയും കൊന്നത് യു ഡി എഫുകാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ഒരു ശാപമാണ് ബോംബ് രാഷ്ട്രീയം. കണ്ണൂരിലാണ് ബോംബെറിഞ്ഞ് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന പ്രവണത കൂടുതല്‍. 1948 മെയ് 11ന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മൊയാരത്ത് ശങ്കരന്‍ കൊല്ലപ്പെട്ടതു മുതല്‍ തുടക്കം കുറിച്ച ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ഇതിനകം ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും ബോംബേറിലാണ് വധിക്കപ്പെട്ടത്. രാഷ്ട്രീയ മേധാവിത്വം തെളിയിക്കാനായി പാര്‍ട്ടികള്‍ കൊലക്കത്തിക്കും വടിവാളിനുമൊപ്പം ബോംബും ഉപയോഗിച്ചു തുടങ്ങിയതോടെ ബോംബ് നിര്‍മാണവും വ്യാപകമാണ് ജില്ലയില്‍. കുടില്‍ വ്യവസായം പോലെയാണിന്ന് കണ്ണൂരില്‍ ബോംബ് നിര്‍മാണമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടത്. സി പി എമ്മിനെ ലക്ഷ്യം വെച്ചാണ് അദ്ദേഹം പറഞ്ഞതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കും ജില്ലയില്‍ ബോംബ് രാഷ്ട്രീയം വളര്‍ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ ബോംബുകളായി രൂപം കൊള്ളുന്നത്.

ജില്ലയിലെ പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാമുണ്ട് ബോംബ് നിര്‍മാണ സംഘങ്ങള്‍. എല്ലാ പാര്‍ട്ടി ഓഫീസുകളില്‍ നിന്നും ഓഫീസ് പരിസരങ്ങളില്‍ നിന്നും പോലീസ് ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. ആരെയോ ലക്ഷ്യമിട്ട് ആര്‍ക്കോ വേണ്ടി ബോംബുകളുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധി. നഷ്ടപ്പെട്ട അവയവങ്ങളുടെ ശേഷിപ്പുമായി ജീവിതാവസാനം വരെ ദുരിതവും പേറി കഴിയാന്‍ വിധിക്കപ്പെട്ടപ്പെട്ടവരും നിരവധിയാണ്. ക്വാറികളുടെ ലൈസന്‍സ് ഉപയോഗിച്ച് വാങ്ങുന്ന അമോണിയം നൈട്രേറ്റും കോഡ് വയറുകളും ബാറ്ററിയും പെട്രോള്‍ തിരികളും ഉപയോഗിച്ചായിരുന്നു ആദ്യ കാലങ്ങളിലെ ബോംബ് നിര്‍മാണം. ഇന്ന് സ്ഥിതി മാറി. വിദേശ രാജ്യങ്ങളില്‍ തീവ്രവാദികള്‍ ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന നൈട്രോ മീഥെയ്ന്‍ ചേര്‍ത്ത വീര്യം കൂടിയ ബോംബുകള്‍ പോലും പരീക്ഷിക്കപ്പെടുന്നു കണ്ണൂരില്‍. സാങ്കേതിക തികവിലും സ്‌ഫോടന ശേഷിയിലും മാരകമാണ് അടുത്തിടെ കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ബോംബുകളില്‍ നല്ലൊരു പങ്കും.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍മാണത്തിനിടെ ഉപേക്ഷിച്ചു പോയതോ രഹസ്യമായി സൂക്ഷിച്ചു വെച്ചതോ ആയിരിക്കണം മട്ടന്നൂരില്‍ കഴിഞ്ഞ ദിവസം പൊട്ടിയ സ്റ്റീല്‍ ബോംബുകളെന്നാണ് കരുതപ്പെടുന്നത്. അസം സ്വദേശികളും ആക്രിക്കച്ചവടക്കാരുമായ ഫസല്‍ ഹഖ്, ശഹീദുല്‍ ഇസ്‌ലാം എന്നിവര്‍ താമസിക്കന്ന വാടക വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം നടന്നത്. ചാവശ്ശേരി ഭാഗത്ത് നിന്ന് ഇവര്‍ ശേഖരിച്ച ആക്രി സാധനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനത്തില്‍ ഫസല്‍ ഹഖും ശഹീദുല്‍ ഇസ്‌ലാമും മരണപ്പെട്ടു. രാഷ്ട്രീയക്കാര്‍ സൂക്ഷിച്ചുവെച്ചതോ ഇട്ടേച്ചു പോയതോ ആയ ബോംബുകള്‍ പൊട്ടി മുമ്പും നിരപരാധികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട് ജില്ലയില്‍. 2019 ഏപ്രിലില്‍ ഇരിട്ടി ഉളിയില്‍ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഉളിയില്‍ സ്വദേശി പി പി നാസറിന് കാലിനു പരുക്കേറ്റിരുന്നു. കശുവണ്ടി തോട്ടത്തില്‍ കണ്ട വസ്തു എന്തെന്നറിയാന്‍ അതെടുത്ത് പരിശോധിച്ച ശേഷം താഴെയിട്ടപ്പോഴാണ് പൊട്ടിയത്. 2016 സെപ്തംബറില്‍ കണ്ണൂര്‍ പേരാവൂരില്‍ മെഷീന്‍ ഉപയോഗിച്ച് കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ തലയിലും മുഖത്തും കാലുകളിലും ഗുരുതര പരുക്കേല്‍ക്കുകയുണ്ടായി.
ബോംബ് സ്‌ഫോടനങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ പ്രതിയോഗികളുടെ മേല്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പിന് അതെങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുന്നതിലപ്പുറം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ആത്മാര്‍ഥ ശ്രമം ഒരു ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. ഇടക്കിടെ സമാധാനയോഗങ്ങളും കൊലക്കത്തി രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കാറുണ്ടെങ്കിലും ഒരു കക്ഷിയില്‍ നിന്നുമുണ്ടാകുന്നില്ല മനസ്സറിഞ്ഞുള്ള അനുകൂല സമീപനം. സ്വന്തം പാര്‍ട്ടിയുടെ കൊടിയേന്തിയവരാണ് കുറ്റവാളികളെന്നതിനാല്‍ അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ വിമുഖത കാണിക്കുന്നു. ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന് അറുതിവരുത്താനാകാത്തതും ഇതുകൊണ്ട് തന്നെ. എന്ത് അനീതി ചെയ്താലും രക്ഷിക്കാന്‍ പാര്‍ട്ടിയുണ്ടാകുമെന്ന വിശ്വാസമാണ് യുവാക്കളെ ബോംബ് രാഷ്ട്രീയത്തിന്റെ വഴിയിലൂടെ നയിക്കുന്നത്.



source https://www.sirajlive.com/bloodstains-on-all-hands.html

Post a Comment

أحدث أقدم