നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പത്തനംതിട്ട  |  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കന്യാകോണില്‍ തുണ്ടിയില്‍ വീട്ടില്‍ മനോജ് ജോര്‍ജ്ജിന്റെ മകന്‍ അലക്‌സ് എം ജോര്‍ജ്ജി(21) നെയാണ് തിരുവല്ല പോലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചത്. തിരുവല്ല, കോട്ടയം ജില്ലയിലെ വൈക്കം, ഗാന്ധിനഗര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. അടിപിടി, വീടുകയറി ആക്രമണം, വാഹനങ്ങള്‍ നശിപ്പിക്കല്‍, കൊലപാതകശ്രമം,മുളക് സ്‌പ്രേ ഉപയോഗിച്ചുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെടുത്ത ഈ കേസുകളില്‍ എട്ടെണ്ണത്തിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട കുറ്റവാളിയാണ്. ഇയാളെ ജില്ലയില്‍ നിന്നും പുറത്താക്കാന്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഇയാളെ വിളിപ്പിച്ച് ശക്തമായ താക്കീത് നല്‍കിയിരുന്നു . എന്നാല്‍ തുടര്‍ന്നും ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെതുടര്‍ന്നാണ് കാപ്പ വകുപ്പ് 3 പ്രകാരമുള്ള ഉത്തരവിനായി ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാപ്പ നിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം കരുതല്‍ തടങ്കലില്‍ ജയിലില്‍ അയക്കുന്നത് കൂടാതെ, ജില്ലയില്‍ നിന്നും നിശ്ചിത കാലത്തേക്ക് പുറത്താക്കുന്ന നടപടികളും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 



source https://www.sirajlive.com/the-accused-in-several-criminal-cases-was-charged-with-kappa-and-sent-to-jail.html

Post a Comment

Previous Post Next Post