ആദ്യഘട്ടത്തില്‍ കേരളത്തിലെ ഒരു നഗരത്തിലും 5ജിയില്ല

ന്യൂഡല്‍ഹി | അടുത്തമാസം അവസാനത്തോടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ 5ജി സേവനം ലഭ്യമായിത്തുടങ്ങും. ഇതിനുള്ള വിവിധ സേവനദാതാക്കളുടെ നടപടികള്‍ അവസാനഘട്ടത്തില്‍. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാം നഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് 5ജി ലഭിക്കുക. കേരളത്തില്‍ നിന്ന് ഒരു നഗരവും ആദ്യഘട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് വര്‍ഷത്തിനകം രാജ്യത്ത് എല്ലായിടത്തും സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമെന്ന നിലയിലാണ് സെപ്റ്റംബര്‍ 29ന് 5ജി സാങ്കേതികവിദ്യ ചില നഗരങ്ങളില്‍ ലഭ്യമായിത്തുടങ്ങുക. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC) ഉദ്ഘാടനവും അന്ന് തന്നെയാണ്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ് വര്‍ക്ക്, വോഡഫോണ്‍-ഐഡിയ തുടങ്ങിയ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നായി 17,876 കോടി രൂപയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് 5ജി ലേലത്തില്‍ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്‌പെക്ട്രം ലേലത്തില്‍ 1,50,173 കോടി രൂപയുടെ സ്‌പെക്ട്രം വിറ്റഴിച്ചു. ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്.



source https://www.sirajlive.com/13-cities-to-get-5g-in-first-phase.html

Post a Comment

أحدث أقدم