കൊച്ചി | നഗരത്തില്‍ വ്യാപക എ ടി എം കൊള്ള. സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ വിവിധയിടങ്ങളിലുള്ള 11 എ ടി എമ്മുകളില്‍ നിന്നായി കവര്‍ന്നത് ലക്ഷങ്ങള്‍. കളമശ്ശേരിയിലെ ഒരു എ ടി എമ്മില്‍ നിന്നായി 16, 19 തീയതികളില്‍ മാത്രം 25000 രൂപ കവര്‍ന്നു. തൃപ്പുണിത്തുറ, പാലാരിവട്ടം എന്നിവിടങ്ങളിലെ എ ടി എമ്മിലാണ് തട്ടിപ്പ് നടന്നത്. മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം അടച്ചുവെച്ചാണ് തട്ടിപ്പ് നടന്നത്.
ഇത് സംബന്ധിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. എ ടി എമ്മില്‍ നിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗം മോഷ്ടാവ് അടച്ചുവെക്കും. ഉപഭോക്താക്കള്‍ എത്തി പണം പിന്‍വലിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഏറെ നേരം കാത്തുനിന്ന ശേഷം ഉപഭോക്താവ് മടങ്ങിയ ഉടന്‍ എ ടി എമ്മില്‍ കയറുന്ന മോഷ്ടാവ് ഒട്ടിച്ചുവെച്ച സ്ഥലത്ത് നിന്നും പണം എടുത്തുമടങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എ ടി എമ്മില്‍ നിന്ന് പണം തട്ടുന്ന മോഷ്ടാവിന്റെ സി സി ടി വി ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നഗരത്തിലെ പല ഭാഗങ്ങളിലും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. മെഷീന്‍ തകരാറാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ബേങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടക്കുന്നതായി ബോധ്യമാകുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കുമോയെന്നതില്‍ ബേങ്ക് അധികൃതര്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ല.
source https://www.sirajlive.com/widespread-atm-fraud-in-kochi-lakhs-lost.html
إرسال تعليق