വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്‍പ്പനക്കാരനെ തല്ലിക്കൊന്നു

ജയ്പൂര്‍  | രാജസ്ഥാനിലെ ആല്‍വാറില്‍ മോഷണക്കുറ്റം ആരോപിച്ച് പച്ചക്കറി വില്പനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 50 വയസുകാരനായ ചിരഞ്ജി ലാല്‍ സൈനിയെയാണ് 25 പേരോളം അടങ്ങുന്ന സംഘം തല്ലിക്കൊന്നത്. ജയ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ചിരഞ്ജി ലാല്‍ മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ട്രാക്ടര്‍ മോഷ്ടിച്ചുകൊണ്ടുവന്ന പ്രതിയെ പോലീസുകാരും ട്രാക്ടര്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് പിന്തുടരുകയായിരുന്നു. രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായ മോഷ്ടാവ് ട്രാക്ടര്‍ വയലില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഈ വയലിലാണ് ചിരഞ്ജി ലാല്‍ ജോലി ചെയ്തിരുന്നത്. വയലില്‍ ട്രാക്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനാല്‍ പിന്തുടര്‍ന്നെത്തിയവര്‍ കള്ളനെന്നാരോപിച്ച് ചിരഞ്ജി ലാലിനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഗുരുതരമായി പരുക്കേറ്റ ചിരഞ്ജി ലാല്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.



source https://www.sirajlive.com/mass-murder-again-a-vegetable-seller-was-beaten-to-death-on-the-charge-of-theft.html

Post a Comment

Previous Post Next Post