കൊളംബോ | ഇന്ത്യയെ ആശങ്കപ്പെടുത്തി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍തോട്ട തുറമുഖത്തെത്തിയത്. ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് ശ്രീലങ്ക കപ്പലിന് പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു.
കപ്പലിന് ആഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി സില്‍വയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹംബന്‍തോട്ടയില്‍ ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളുടെ നിരീക്ഷണത്തിനാണു കപ്പലെത്തിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. 750 കിലോമീറ്റര്‍ ആകാശ പരിധിയിലെ മുഴുവന്‍ സിഗ്‌നലുകളും പിടിച്ചെടുക്കാന്‍ ചാരക്കപ്പലിനു കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജന്‍സികള്‍.
source https://www.sirajlive.com/chinese-spy-ship-arrives-at-hambantota-port-india-is-concerned.html
Post a Comment