അബൂദബി | ഓണസദ്യ തയ്യാറാക്കാൻ പഴയിടം മോഹനൻ നമ്പൂതിരി ലുലുവിലെത്തി. പഴയിടത്തിന്റെ പ്രത്യേക വിഭവങ്ങൾ അടങ്ങിയ സദ്യയാണ് ഈ വർഷം തിരുവോണ നാളിൽ ലുലുവിൽ ഒരുങ്ങുന്നത്. സാധാരണ സ്വന്തം പാചകക്കാരാണ് ലുലുവിൽ സദ്യ തയ്യാറാക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായാണ് ഈ വർഷം മോഹനൻ നമ്പൂതിരി വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്.
പഴയിടം തയ്യാറാക്കുന്ന സദ്യയിൽ 22 വിഭവങ്ങൾ ഉണ്ടാകും. അരി (പാലക്കാടൻ മട്ട / കുത്തരി), സാമ്പാർ, അവിയൽ, രസം, മിക്സഡ് വെജിറ്റബിൾ തോരൻ, കാളൻ, ഓലൻ, പൈനാപ്പിൾ- ഏത്തപ്പഴം പച്ചടി, വെള്ളരിക്ക കിച്ചടി, പരിപ്പു കറി, കൂട്ടുകറി, പാൽ പായസം, പരിപ്പു പ്രധമൻ, പപ്പടം, ഇഞ്ചിപ്പുളി, അച്ചാർ, ബനാന ചിപ്സ്, ശർക്കരവരട്ടി, തൈര് മുളക്, രാസകദളി പഴം, വാഴയില എന്നിവയാണ് സദ്യയിലുണ്ടാവുക. തിരുവോണ നാളിലാണ് പഴയിടം സദ്യ വിളമ്പുക. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും പഴയിടത്തിന്റെ സദ്യ ലഭിക്കും. ഹൈപ്പർ മാർക്കറ്റുകൾ വഴി സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്. ലുലു ഓൺലൈൻ വഴിയും സദ്യ പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് സദ്യ സൗജന്യമായി എത്തിച്ചു നൽകുമെന്ന് ലുലു അധികൃതർ അറിയിച്ചു.
പഴയിടത്തിന്റെ പ്രത്യേക വിഭവങ്ങൾ അടങ്ങിയ ഓണ സദ്യക്ക് 32.90 ദിർഹമാണ് വില. ഓൺലൈനിലും ഇതേ നിരക്കിൽ സദ്യ ലഭിക്കും. ഓണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യുണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു. ഓണത്തിനോടനുബന്ധിച്ചു ഒന്നാം ഓണം മുതൽ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പായസ മഹോത്സവവും അരങ്ങേറുന്നുണ്ട്. പാലട പായസം, പാൽ പായസം, അട പ്രധമൻ, പരിപ്പു പ്രധമൻ, നെയ് പായസം (നെയ്യ്), ഗോതമ്പ് പായസം, സേമിയ പായസം, ഈത്തപ്പഴം പായസം, സാബുദാന പായസം (സാഗോ), ചേന- ഈന്തപ്പഴം പായസം, മത്തങ്ങ- സാഗോ പായസം, വെർമിസെല്ലി- കാരറ്റ് പായസം, വാഴപ്പഴം- ദാൽ പായസം, പഴം പാൽ പായസം, പഞ്ചസാര രഹിത പായസം തുടങ്ങിയ പായസങ്ങൾ ലഭിക്കും. ഒരു കിലോ പായസത്തിന് 19.90 ദിർഹമാണ് വില.
ലുലു പൊന്നോണത്തിന്റെ ഭാഗമായി 100 ദിർഹമിന് മുകളിൽ ചെലവഴിച്ചു സാരി, സ്ത്രീകളുടെ കുർത്തി, ചുരിദാർ വാങ്ങുന്നവർക്ക് 50 ദിർഹമിന്റെ ഷോപ്പിംഗ് വൗച്ചർ ഓണസമ്മാനമായി ലഭിക്കും. ഓണ നാളിൽ പഴം പച്ചക്കറികൾക്ക് പുറമെ ഗ്രോസറി വിഭാഗങ്ങൾക്കും മൺ പാത്രങ്ങൾക്കും ഓട്ട് പാത്രങ്ങൾക്കും വിളക്കുകൾക്കും പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ നാളിലേക്കുള്ള പഴങ്ങളും പച്ചക്കറികളും ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ് കൊണ്ട് വരുന്നത്. ടൺ കണക്കിന് പച്ചക്കറികളാണ് ഈ വർഷം ഓണത്തിനായി എത്തുക.
source https://www.sirajlive.com/onam-sadya-will-be-served-as-usual-at-lulu.html
إرسال تعليق