കോൺഗ്രസ്സ് ആത്മ വിചാരണ നടത്തേണ്ട സമയം

രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉത്കണ്ഠകളുള്ളവരെ ഒട്ടും സന്തോഷിപ്പിക്കാത്ത വാർത്തയാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ്സ് വിട്ടുവെന്നത്. എന്തെല്ലാം ആക്ഷേപങ്ങളുണ്ടെങ്കിലും, രാജ്യത്തെ വലിയ, പഴക്കമേറിയ പാർട്ടിയാണ് കോൺഗ്രസ്സ്. മതേതരത്വം, ബഹുസ്വര ദേശീയത തുടങ്ങിയ ഇന്ത്യൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയും ഇന്ത്യൻ സ്വഭാവം ഉൾച്ചേർന്നിരിക്കുകയും ചെയ്യുന്നതിൽ കോൺഗ്രസ്സിനോളം പ്രാമുഖ്യം അവകാശപ്പെടാവുന്ന പാർട്ടിയില്ലെന്ന് തന്നെ പറയാം. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ഫാസിസ്റ്റ്്വത്കരിക്കപ്പെടുന്നുവെന്ന ആശങ്കകൾക്കിടെ പ്രതിപക്ഷ ഐക്യനിരയെ നയിക്കാൻ കോൺഗ്രസ്സിനല്ലാതെ മറ്റാർക്കാണ് സാധിക്കുക? ഈ സാഹചര്യത്തിൽ കോൺഗ്രസ്സ് ദുർബലമാകുകയെന്ന് വെച്ചാൽ രാജ്യം ദുർബലമാകുന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഇത്തരമൊരു ദശാസന്ധിയിൽ അടിമുടി കോൺഗ്രസ്സുകാരനായ ഗുലാം നബി ആസാദിനെപ്പോലെയൊരാൾ കോൺഗ്രസ്സ് വിടുമ്പോൾ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അഞ്ച് പതിറ്റാണ്ട് പല തലങ്ങളിൽ പ്രവർത്തിക്കുകയും ഉന്നത പദവികൾ വഹിക്കുകയും ചെയ്ത ആസാദിനെപ്പോലെയൊരാൾക്ക് നിലനിൽക്കാനാകാത്ത പാർട്ടിയായി കോൺഗ്രസ്സ് മാറുന്നുവെങ്കിൽ എത്ര നിരാശാജനകമാണത്.

രാഹുൽ ഗാന്ധിക്കെതിരെയാണ് രാജിക്കത്തിലുടനീളം ഗുലാം നബി ആസാദ് ആഞ്ഞടിക്കുന്നത്. രാഹുലിന്റെ കുട്ടിക്കളിയും അപക്വതയും പാർട്ടിയെ നശിപ്പിച്ചുവെന്ന് അദ്ദേഹം തുറന്നടിക്കുന്നു. കൂടിയാലോചനയിലൂടെ തീരുമാനങ്ങളെടുക്കുകയെന്ന പാർട്ടി സംവിധാനം രാഹുൽ പൂർണമായി തകർത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിലെ പാർട്ടി പദവികളിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോൺഗ്രസ്സ് അംഗത്വം തന്നെ ഗുലാം നബി ആസാദ് ഉപേക്ഷിച്ചിരിക്കുന്നത്. ഈ വേർപിരിയൽ പൊടുന്നനെ ഉണ്ടായതല്ല. ഏറെക്കാലമായി അദ്ദേഹം പാർട്ടിയുടെ ഉന്നത നേതൃത്വവുമായി ഇടച്ചിലിലായിരുന്നു. പാർട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയർത്തിയ ജി23 നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ കോൺഗ്രസ്സ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം അദ്ദേഹം രാജിവെച്ചിരുന്നു. ജി 23യിൽപ്പെട്ട മറ്റൊരു നേതാവ് കപിൽ സിബൽ കോൺഗ്രസ്സ് വിട്ട് സമാജ്‌വാദി പാർട്ടിയുമായി സഹകരിച്ച് രാജ്യസഭയിലെത്തി. പാർട്ടി നേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഗുലാം നബി ആസാദ് പുറത്തേക്ക് പോകുന്ന ഗതിയുണ്ടാകുമായിരുന്നില്ലെന്ന് പ്രതികരിച്ച ആനന്ദ് ശർമയും ജി 23യിൽ ഉൾപ്പെട്ട നേതാവാണ്. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചപ്പോൾ അത് ഏറ്റെടുക്കാതെ അദ്ദേഹവും വിമതസ്വരം ഉയർത്തിയിരിക്കുന്നു. എന്നുവെച്ചാൽ പാർട്ടിയിൽ അതൃപ്തരുടെ നിരയുണ്ട്. ഇത് കാണാതെ മുന്നോട്ട് പോകാനാകില്ല.

ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം പ്രവർത്തിച്ചവർക്ക് എന്തുകൊണ്ടാണ് രാഹുലിനൊപ്പം പ്രവർത്തിക്കാൻ സാധിക്കാത്തത്? കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുകയെന്ന പാർട്ടി മെക്കാനിസം സ്വന്തം പെരുമ പ്രദർശിപ്പിക്കാനായി രാഹുൽ തകർത്തുവെന്ന ഗുലാം നബിയുടെ വിമർശത്തെ അപ്പടി തള്ളിക്കളയാനാകുമോ? മുഴുവൻ സമയ പ്രസിഡന്റിനെ കണ്ടെത്താനാകാത്ത വിധം സംഘടനാപരമായ ദൗർബല്യത്തിൽ പാർട്ടി അകപ്പെട്ടതിനെ കുറിച്ച് ഗൗരവപൂർണമായ ആലോചനകൾക്ക് ഈ അവസരം വിനിയോഗിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം ചെയ്യേണ്ടത്. ചുറ്റുമുള്ള സ്വന്തക്കാരെ മാത്രം കേൾക്കുന്നവരാകരുത് നേതാക്കൾ. വിയോജിപ്പിന്റെ സ്വരം അടിച്ചമർത്തുന്ന എതിരാളികൾ വലിയ വെല്ലുവിളികളുയർത്തുമ്പോൾ സ്വന്തം പാർട്ടിയിൽ നിന്നുള്ള വിമർശങ്ങൾക്ക് ചെവികൊടുത്തു കൊണ്ടാകണം പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത്. ഓരോ നേതാവും പോകുമ്പോൾ അവരുടെ വലിയ അനുഭവ സമ്പത്താണ് പാർട്ടിക്ക് നഷ്ടപ്പെടുന്നത്.

ഗുലാം നബി ആസാദിനെപ്പോലെയുള്ള അതൃപ്ത നേതൃത്വം ആലോചിക്കേണ്ട ഒന്നുണ്ട്. പാർട്ടിക്ക് അധികാരമുള്ള കാലത്ത് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവരാണ് അവർ. ആപത്ത് കാലത്ത് അവരെ അനുനയിപ്പിച്ച് നിർത്താനുള്ള ഇരിപ്പിടങ്ങൾ നൽകാൻ പാർട്ടിക്ക് ത്രാണിയില്ല. എന്നാൽ പിന്നെ മറ്റിടങ്ങളിലേക്ക് ചേക്കേറി ഭാഗ്യ പരീക്ഷണമാകാമെന്ന് തീരുമാനിച്ച് കത്തെഴുതി വെച്ച് ഇറങ്ങിപ്പോകുന്നവരെ ഒരു നിലക്കും ആഘോഷിക്കാനാകില്ല. ഗുലാം നബിയെ തന്നെ നോക്കൂ. അദ്ദേഹവുമായി രാഹുൽ ഇടയുന്നത് രാജ്യസഭയിൽ മോദി സർക്കാറിനോട് വേണ്ടത്ര കാർക്കശ്യത്തോടെ ഇടപെടുന്നില്ലെന്ന ആക്ഷേപമുയർത്തിയാണ്. രാജ്യസഭയിലെ കോൺഗ്രസ്സ് സംഘത്തെ നയിച്ച ഗുലാം നബി അസാധാരണമായ സൗമനസ്യമാണ് കാണിച്ചിരുന്നത്. ഇത് അദ്ദേഹത്തിന്റെ തനത് ശൈലിയാണെന്നും അദ്ദേഹം പഴയ സ്‌കൂളുകാരനാണ് എന്നുമൊക്കെ പറയാമെങ്കിലും പ്രതിപക്ഷത്തിന് പുല്ലുവില നൽകാത്ത സർക്കാർ വജ്രായുധവുമായി ഇറങ്ങുമ്പോൾ ഇത്തരം സൗമനസ്യം കാണിച്ചിരിക്കാനാകില്ലല്ലോ.

കൃത്യമായ ആസൂത്രണത്തോടെ തന്നെയാണ് ഗുലാം നബി ഇറങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ പാർട്ടി ജമ്മു കശ്മീർ കേന്ദ്രീകരിച്ചായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മോശമല്ലാത്ത സീറ്റുകൾ നേടാനായാൽ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയായാലും അത്ഭുതപ്പെടാനില്ല. മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കുള്ള ഒരുക്കങ്ങൾ ശക്തമായി മുന്നോട്ടു പോകുകയാണ്. ആ മഹാപ്രയാണത്തെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. പോകുന്നവർ പോകട്ടെ പോരാട്ടം ഉപേക്ഷിക്കില്ലെന്നാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. തീർച്ചയായും ഇപ്പോൾ പറയാവുന്ന ആവേശകരമായ വാക്കുകൾ തന്നെയാണ് അത്. പക്ഷേ, ആവേശം കൊണ്ട് മാത്രം ഫലമില്ല. പാർട്ടിക്കകത്തും പുറത്തും ആത്മവിശ്വാസം പകരാനാകണം. അതിനുള്ള ആത്മ വിചാരണയിലേക്ക് കൂടി കോൺഗ്രസ്സ് ഉണരട്ടെ.



source https://www.sirajlive.com/time-for-congress-to-do-some-soul-searching.html

Post a Comment

أحدث أقدم