കേരള റെയില്‍: വേഗം കൂടാനുണ്ട്

സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വിധേയമാകുമ്പോഴും കേരളത്തിനകത്തെയും കേരളത്തില്‍ നിന്ന് പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പതിറ്റാണ്ടുകളായി ആശ്രയിച്ചു വരുന്ന യാത്രാ മാര്‍ഗമാണ് പരമ്പരാഗത ട്രെയിന്‍ സര്‍വീസുകള്‍. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇരു ദിശകളില്‍ നിന്നും ചെന്നൈ, മുംബൈ, ഡല്‍ഹി യാത്രകള്‍ക്കും ട്രെയിന്‍ കിടയറ്റ ആശ്രയമാണ്. സ്‌റ്റേഷനുകളില്‍ ഓടിയെത്തി കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റെടുത്ത് യാത്ര പോകുന്നത് കേരളത്തിന്റെ ശീലമാണ്. ജോലിക്കും കച്ചവടത്തിനും പഠനത്തിനുമായുള്ള പതിവു മലയാളി യാത്രക്കാര്‍ സീസണ്‍ ടിക്കറ്റ് എന്ന ആശ്ചര്യകരമായ നിരക്കിളവുള്ള യാത്രയുടെ ആനുകൂല്യം പറ്റിവന്നവരുമാണ്. കാലേക്കൂട്ടി തയ്യാറെടുത്ത് റിസര്‍വ് ചെയ്ത് നടത്തുന്ന യാത്രകളേക്കാള്‍ ഇപ്പറഞ്ഞ പതിവു യാത്രക്കാര്‍ ലക്ഷങ്ങളാണ്. ഇരട്ടപ്പാതയും വൈദ്യുതീകരണവുമൊക്കെയായി റെയില്‍വേയില്‍ വികസനങ്ങളും നവീകരണങ്ങളും ഒരുപാടുണ്ടായി. വണ്ടികള്‍ വര്‍ധിച്ചു. അങ്ങനെ ഒരു ഒഴുക്കില്‍ റെയില്‍ പാളങ്ങളില്‍ വണ്ടികളൊഴുകിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൊവിഡ് മാരി പാളങ്ങളിലെ ഈ ചൂളംവിളി നിശ്ചലമാക്കിയത്. ദശലക്ഷക്കണക്കിനു യാത്രക്കാരാണ് ഒട്ടും ബദലില്ലാത്ത ഈ നിശ്ചലതക്കൊപ്പം നിശ്ചലമായത്. റോഡുകള്‍ തുറന്നപ്പോഴും റെയില്‍ പാതകള്‍ തുറക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

കൊവിഡ് ഭീതി മാറി ഗതാഗത മാര്‍ഗങ്ങളോരോന്നായി തുറന്നു വന്നതിനൊപ്പം ട്രെയിനുകളും ഓടിത്തുടങ്ങി. പക്ഷേ, വളരെ പതുക്കെയും ഘട്ടം ഘട്ടമായും മാത്രമാണ് ട്രെയിനുകള്‍ പുനഃസ്ഥാപിച്ചതും ജനറല്‍ കോച്ചുകള്‍ അനുവദിച്ചതും. ഇക്കഴിഞ്ഞ മാസത്തോടെ ട്രെയിന്‍ സര്‍വീസുകള്‍ ഏതാണ്ട് പൂര്‍ണമായും പൂര്‍വ സ്ഥിതിയിലായിരിക്കുന്നു. ജനറല്‍ കോച്ചുകളും തിരിച്ചു വന്നു. വണ്ടികളുടെ സമയത്തില്‍ മാത്രം ചില മാറ്റങ്ങള്‍. സമയമാറ്റങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചും യാത്രക്കാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അസൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ഗൗരവപ്പെടുന്നുണ്ട്. സൗകര്യത്തിലും സുരക്ഷിതത്വത്തിലും സമയലാഭത്തിലും സര്‍വോപരി കുറഞ്ഞ ചെലവ് എന്ന പരിഗണനയിലും ഒരു സംസ്ഥാനത്തെ ജനത പ്രതീക്ഷ പുലര്‍ത്തുന്ന യാത്രാ മാര്‍ഗമാണ് റെയില്‍വേ. പക്ഷേ, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും റെയില്‍വേയും കേരളത്തിന് നല്‍കാവുന്ന പ്രാതിനിധ്യവും പരിഗണനയും നല്‍കിയിട്ടില്ല എന്ന പരാതി റെയില്‍വേയെപ്രതി നിലനില്‍ക്കുന്നുണ്ട്. അതിപ്പോള്‍ കനപ്പെട്ടിട്ടുണ്ട്. കൊവിഡാനന്തരം റോഡ് യാത്രക്ക് നിരക്കു വര്‍ധന വരികകൂടി ചെയ്തതോടെ കൂടുതല്‍ ആളുകള്‍ ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തു തുടങ്ങിയതാണ് റെയില്‍വേക്കുള്ള ആവശ്യങ്ങളുടെ ശക്തി കൂടാനും കാരണമായത്.

പാസഞ്ചറുകള്‍ ഇല്ലാതായി

കൊവിഡിനു ശേഷം ട്രെയിനുകള്‍ തിരികെ വന്നപ്പോള്‍ നഷ്ടപ്പെട്ടത് പാസഞ്ചര്‍, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ പേരുകളില്‍ സര്‍വീസ് നടത്തിയിരുന്ന നിരക്ക് കുറഞ്ഞ സര്‍വീസുകളാണ്. ഈ വണ്ടികളും റൂട്ടുകളും പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് എന്ന പേരില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് നിരക്കാണ് ഈടാക്കുന്നത്. എക്‌സ്പ്രസ്സ് നിരക്കുകളുടെ ഏതാണ്ട് പകുതി നിരക്കിലാണ് കേരളത്തിലെ റെയില്‍ റൂട്ടുകളില്‍ ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന ലോക്കല്‍ ചെറുകിട സ്‌റ്റേഷനുകളില്‍ വരെ നിര്‍ത്തിയിരുന്ന സര്‍വീസുകളുണ്ടായിരുന്നത്. മെമു സര്‍വീസുകളും സ്‌പെഷ്യല്‍ എക്‌സ്പ്രസ്സുകളുമായി സര്‍വീസ് തുടങ്ങിയപ്പോള്‍ മുമ്പുണ്ടായിരുന്ന പല സ്റ്റേഷനുകളിലും ഇപ്പോള്‍ സ്റ്റോപ്പുമില്ല. നിരക്ക് താഴ്ത്തിയില്ലെങ്കിലും സ്‌റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ കാതലായ ആവശ്യം. താരതമ്യേന അത്ഭുതപ്പെടുത്തുന്ന ചെറിയ നിരക്കിലാണ് നേരത്തേ പാസഞ്ചര്‍ വണ്ടികള്‍ ഓടിയിരുന്നത്. റെയില്‍വേക്ക് ഭീമന്‍ നഷ്ടം വരുത്തുന്ന സര്‍വീസുകള്‍ കൂടിയായിരുന്നു ഇവ. സ്‌റ്റോപ്പുകള്‍ അധികമുള്ളതും യാത്രാസമയം കൂടുതല്‍ വേണ്ടിവരുന്നതുമായ ഈ ട്രെയിനുകള്‍ പഴയ നിരക്കിലേക്കു താഴ്ന്നില്ലെങ്കിലും എക്‌സ്പ്രസ്സ് ട്രെയിനുകളുടേതിനു തുല്യമല്ലാത്ത സ്‌പെഷ്യല്‍ നിരക്കില്‍ ഓടിക്കണമെന്ന് യാത്രക്കാര്‍ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇനി നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പോലും വണ്ടികളുണ്ടാകട്ടെ എന്ന തീര്‍പ്പിലാണ് യാത്രക്കാര്‍ ഒടുവില്‍ എത്തിച്ചേരുന്നത്.

കൊവിഡ് വരുത്തിയ നഷ്ടങ്ങള്‍

പാസഞ്ചര്‍ വണ്ടികളെപ്പോലെ തന്നെ കൊവിഡിനു ശേഷം മറ്റു രണ്ട് പ്രധാന സൗകര്യങ്ങള്‍ കൂടി ഇല്ലാതായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചിരുന്ന നിരക്കിളവാണ് ഒന്ന്. പകല്‍ സമയങ്ങളില്‍ കൗണ്ടറുകളില്‍ നിന്ന് ലഭിച്ചിരുന്ന സ്ലീപ്പര്‍ ടിക്കറ്റുകളാണ് രണ്ടാമത്തേത്. തിരക്കേറിയതും ദീര്‍ഘദൂര സഞ്ചാരികളുമായ വണ്ടികളില്‍ പകല്‍ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു സ്ലീപ്പര്‍ ടിക്കറ്റുകള്‍. കൂടുതല്‍ നിരക്ക് കൊടുത്ത് വാങ്ങുന്ന ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാമായിരുന്നു. പകല്‍ സമയത്ത് സ്ലീപ്പര്‍ സീറ്റുകള്‍ ഉപയോഗിക്കാത്തതിനാല്‍ സാധാരണ സീറ്റുകളില്‍ നാല് പേര്‍ക്ക് ഇരിക്കാമെന്നതും അപൂര്‍വം ചിലരെങ്കിലും വിശ്രമിക്കാനായി അപ്പര്‍ ബര്‍ത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ സീറ്റുകള്‍ കൂടി ഉപയോഗിക്കാമെന്നതും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ജനറല്‍ കോച്ചുകളില്‍ തിരക്ക് കുറയുന്നതിനും ഇത് സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ നേരത്തേ റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ മാത്രമാണ് ആശ്രയം. ജനറല്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ടി ടി ഇയെ സമീപിച്ച് റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റുകളില്‍ സീറ്റൊഴിവുണ്ടെങ്കില്‍ ബാക്കി തുക നല്‍കി സീറ്റ് സ്വീകരിക്കാനാകും. ദീര്‍ഘദൂര എക്‌സ്പ്രസ്സ് വണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതും യാത്രക്കാര്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു. ദീര്‍ഘദൂര വണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള ചര്‍ച്ചകളും റെയില്‍വേ കേന്ദ്രങ്ങളില്‍ സജീവമാണെന്ന സൂചനകള്‍ യാത്രക്കാരില്‍ നിന്ന് പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നുണ്ട്. പക്ഷേ, അത് പതിയെ യാഥാര്‍ഥ്യമാകും എന്നാണ് സൂചനകള്‍. വണ്ടികള്‍ അധികമില്ലാത്ത കേരളത്തിലെ റൂട്ടുകളില്‍ ഇത് ജനത്തെ കൂടുതല്‍ വലയ്ക്കും.

മാറ്റമില്ലാതെ സീസണ്‍ ടിക്കറ്റ്

ഇന്റര്‍സിറ്റി, പകല്‍ എക്‌സ്പ്രസ്സ് വണ്ടികളിലെ യാത്രക്കാരില്‍ നല്ല ശതമാനവും സീസണ്‍ ടിക്കറ്റുകാരാണ്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ഓടുന്ന വണ്ടികളില്‍. ജോലി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവരെല്ലാം സീസണ്‍ ടിക്കറ്റ് ഗുണഭോക്താക്കളാണ്. പഴയ പാസഞ്ചര്‍ നിരക്കില്‍ ഒരു ദിശയിലേക്ക് 15 തവണ യാത്ര ചെയ്യുന്നതിനു വേണ്ട നിരക്കാണ് ഒരു മാസത്തേക്ക് എത്ര തവണയും യാത്ര ചെയ്യാവുന്ന സൗകര്യത്തോടെ സീസണ്‍ ടിക്കറ്റ് അനുവദിക്കുന്നത്. മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ കാലയളവില്‍ സീസണ്‍ ടിക്കറ്റെടുക്കാം. അതനുസരിച്ച് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. പരമാവധി 150 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലേക്കു മാത്രമേ സീസണ്‍ ടിക്കറ്റ് ലഭിക്കൂ. എക്‌സ്പ്രസ്സ്, സൂപര്‍ ഫാസ്റ്റ് വണ്ടികള്‍ക്ക് പ്രത്യേകം സീസണ്‍ ടിക്കറ്റുകളുണ്ട്. പൂര്‍ണമായും റിസര്‍വ്ഡ് കോച്ചുകളുള്ള ജനശതാബ്ദി, തുരന്തോ, ഗരീബ് രഥ് തുടങ്ങിയ വണ്ടികളില്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര സാധ്യമല്ല. പ്രതിദിന യാത്രക്കാരെ സഹായിക്കുന്നതിനു വേണ്ടി പ്രത്യേകം അനുവദിച്ച ഈ സൗകര്യം ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ശതകോടികളാണ്. പാസഞ്ചര്‍ നിരക്ക് ഇല്ലാതായെങ്കിലും പാസഞ്ചര്‍ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വന്നിട്ടില്ല. സ്വാഭാവിക നിരക്ക് വര്‍ധന വന്നേക്കാമെങ്കിലും സീസണ്‍ ടിക്കറ്റിനുമേല്‍ അമിതമായി കൈവെക്കുന്നത് കനത്ത പ്രതിഷേധം വിളിച്ചു വരുത്തും.

നവീകരിക്കപ്പെടുമ്പോള്‍

ദീര്‍ഘദൂര വണ്ടികളില്‍ നോണ്‍ എ സി സ്ലീപ്പര്‍, സിറ്റിംഗ് കോച്ചുകള്‍ കുറച്ച് എ സി കോച്ചുകള്‍ കൂട്ടാനുള്ള നീക്കത്തിലാണ് റെയില്‍വേ. എ സി യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും നോണ്‍ എ സി കന്പാര്‍ട്ടുമെന്റുകള്‍ കുറയുന്നത് സാധാരണക്കാരായ ആളുകളെ പ്രയാസത്തിലാക്കും. ട്രെയിനുകള്‍ എലീറ്റ് ക്ലാസ്സ് കമ്മ്യൂണിറ്റിക്കു മാത്രം ഉപയോഗിക്കാനാകുന്നവിധം പരിഷ്‌കരിക്കരുതെന്ന ആവശ്യം ഇതിനകം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പു വരുത്തുക കൂടി ലക്ഷ്യം വെച്ചാണ് പരിഷ്‌കരണം എന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും ഇത്. നോണ്‍ എ സി കോച്ചുകളേക്കാള്‍ മൂന്നും നാലും ഇരട്ടി തുകയാണ് എ സി സീറ്റുകള്‍ക്കു നല്‍കേണ്ടി വരുന്നത്. കോച്ചുകള്‍ക്കകത്തെ ശുചിത്വവും സൗകര്യങ്ങളും ഇപ്പോഴും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. പുതിയ തലമുറ എല്‍ എച്ച് ബി കോച്ചുകളിലേക്ക് വണ്ടികളോരോന്നും മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ വൃത്തിയില്‍ വലിയ പുരോഗതിയില്ല. വണ്ടികള്‍ പൂര്‍ണമായും ബയോ ടോയ്‌ലറ്റുകളിലേക്കു മാറിയിട്ടുണ്ട്. എന്നാലും എ സി കോച്ചുകളിലൊഴികെ സ്ഥിരം ശുചീകരണത്തിന് സൗകര്യമില്ലാത്തതിനെ കുറിച്ച് യാത്രക്കാരുടെ പരാതികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നു.

വണ്ടികള്‍ക്കൊപ്പം സ്റ്റേഷനുകളിലും നവീകരണം ഇനിയും വരേണ്ടതുണ്ട്. ഇന്‍ഫര്‍മേഷന്‍ സൗകര്യങ്ങള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കോച്ച് പൊസിഷന്‍ അറിയിപ്പ് പോലുള്ള സേവനങ്ങള്‍ ഇപ്പോഴും യാത്രക്കാര്‍ക്ക് ശരിയായി ലഭ്യമാകാത്ത സ്‌റ്റേഷനുകളുണ്ട്. പല സ്റ്റേഷനുകളിലെയും ഷെല്‍ട്ടറുകള്‍ വരെ ചോര്‍ന്നൊലിക്കുന്നതാണ്. എതിര്‍ ദിശയിലെ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ നടപ്പാലങ്ങള്‍ സൗകര്യപ്രദമാകാത്ത സ്റ്റേഷനുകളുമുണ്ട്. സ്വകാര്യ ടിക്കറ്റിംഗും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കുകളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും തിരക്കുള്ള പല സ്റ്റേഷനുകളിലും മതിയായ ടിക്കറ്റ് കൗണ്ടറുകളില്ലാത്തത് യാത്രക്കാരുടെ നീണ്ട നിരയ്ക്ക് കാരണമാകുന്നു. ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്നവരും ഏറെ.

ഡിജിറ്റലൈസേഷന്‍

ഡിജിറ്റല്‍ കാലത്തും റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സിസ്റ്റവും അപ്‌ഡേഷനും വളരെ പതുക്കെയാണ്. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെല്ലാം ടാബ് സൗകര്യം നിലവില്‍വന്നിട്ടില്ല. അതുകൊണ്ട് തന്നെ കോച്ചുകളില്‍ ഹാജരാകാത്തവരുടെ വിവരം തത്സമയം കേന്ദ്രീകൃത ബുക്കിംഗ് സംവിധാനത്തില്‍ അറിയിക്കാനോ സീറ്റുകള്‍ പകരം യത്രക്കാര്‍ക്ക് അനുവദിക്കാനോ സാധിക്കാതെ വരുന്നു. കേരളത്തിലോടുന്ന മിക്ക ട്രെയിനുകളിലും മാന്വല്‍ ആയാണ് റിസര്‍വ്ഡ് സീറ്റുകള്‍ മാനേജ് ചെയ്യുന്നത്. പലപ്പോഴും സീറ്റുകള്‍ ഒഴിച്ചിട്ട് ഓടുന്ന വണ്ടികളില്‍ യാത്രക്കാരെ കൊള്ളിക്കാന്‍ സാധിക്കാതെ വരുന്നു. അമിത തുക ഈടാക്കി ടി ടി ഇമാര്‍ക്ക് സീറ്റ് വില്‍പ്പന നടത്താനും ഈ സംവിധാനം കാരണമാകുന്നുണ്ട്. ഓരോ വണ്ടികളിലും ഒഴിവുള്ള സീറ്റുകള്‍ അപ്പപ്പോള്‍ റിപോര്‍ട്ട് ചെയ്യാനും ഈ ടിക്കറ്റുകള്‍ ഓണ്‍ലൈനായും കോച്ചുകളില്‍ നിന്ന് നേരിട്ടും വാങ്ങാന്‍ യാത്രക്കാര്‍ക്ക് സൗകര്യം ലഭിച്ചാല്‍ ട്രെയിന്‍ യാത്രയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും ദുരുപയോഗം ഒഴിവാക്കപ്പെടുകയും ചെയ്യാം.



source https://www.sirajlive.com/kerala-rail-speed-up.html

Post a Comment

Previous Post Next Post