ആവേശപ്പോരില്‍ പൊരുതിനേടി ലങ്ക; ബംഗ്ലാദേശ് പുറത്ത്

ദുബൈ | ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ പൊരുതി നേടി ശ്രീലങ്ക. സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും തകര്‍പ്പനടികളിലൂടെ ലങ്കൻ ബാറ്റ്മാന്മാര്‍ സ്‌കോര്‍ അതിവേഗം ചലിപ്പിക്കുകയായിരുന്നു. രണ്ട് വിക്കറ്റിനാണ് ലങ്കന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നാല് ബോള്‍ ബാക്കിനില്‍ക്കെ ശ്രീലങ്ക 184 റണ്‍സെടുത്തു.

ടോസ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപണര്‍ മെഹിദി ഹസന്‍ മിറാസ് 38ഉം അഫീഫ് ഹുസൈന്‍ 39ഉം മഹ്മൂദുല്ല 27ഉം റണ്‍സെടുത്തു. ലങ്കയുടെ വനിന്ദു ഹസരംഗ ഡിസില്‍വ, ചാമിക കരുണരത്‌നെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ശ്രീലങ്കന്‍ ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപണറായ കുശാല്‍ മെന്‍ഡിസ് 37 ബോളില്‍ 60 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ദസുന്‍ ശനക 45ഉം പഥും നിസ്സംഗ 20ഉം റണ്‍സെടുത്തു. അനാവശ്യ ഷോട്ടുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ വീഴ്ചയും ലങ്കന്‍ ബാറ്റ്മാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. ബംഗ്ലാദേശിന്റെ ഇബാദത് ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തസ്‌കിന്‍ അഹ്മദ് രണ്ട് വിക്കറ്റെടുത്തു.



source https://www.sirajlive.com/lanka-battled-with-passion-bangladesh-out.html

Post a Comment

Previous Post Next Post