ഓണപ്പരീക്ഷക്കിടെ സേ, ഇംപ്രൂവ്‌മെന്റ് ഫീസ്; പ്രതിഷേധമുയര്‍ന്നതോടെ ഉത്തരവ് തിരുത്തി

കല്‍പ്പറ്റ | ഒക്ടോബറില്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെൻ്റ്, സേ പരീക്ഷക്ക് ഫീസടപ്പിക്കാന്‍ തിരക്കിട്ട ശ്രമം. ഓണാവധി പടിവാതിക്കലെത്തി നില്‍ക്കേ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഹയര്‍സെക്കന്‍ഡറി) ഇറക്കിയ നിര്‍ദേശത്തില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ ഉത്തവ് തിരുത്തി. ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടക്കുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷക്കുള്ള ഫീസ് തിങ്കളാഴ്ചക്കകം മാതൃവിദ്യാലയങ്ങളില്‍ അടക്കണമെന്നായിരുന്നു നിര്‍ദേശം. ഇങ്ങനെ വിദ്യാര്‍ഥികളില്‍ നിന്ന് സ്വരൂപിക്കുന്ന ഫീസ് അതത് പ്രിന്‍സിപ്പല്‍മാര്‍ അടുത്ത ദിവസം തന്നെ ട്രഷറിയില്‍ അടക്കുകയും വേണം. ഇത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഈ ഉത്തരവ്  ഇറങ്ങിയത്. എന്നാല്‍, വൈകുന്നേരം സ്‌കൂള്‍ വിട്ട ശേഷമാണ് മിക്ക പ്രിന്‍സിപ്പല്‍മാര്‍ക്കും ഉത്തരവ് ലഭിച്ചത്. ഓണം അവധിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ ഇന്ന് അടക്കാനിരിക്കെയാണ് ഉത്തരവിറങ്ങിയത്. ഇതുകൂടി പരിഗണിച്ചാല്‍ രണ്ട് ദിവസം മാത്രമാണ് ഫീസടക്കാനായി കുട്ടികളുടെ മുന്നിലുള്ളത്. പരീക്ഷക്കുള്ള അപേക്ഷയില്‍ വിദ്യാര്‍ഥിയും ക്ലാസ് അധ്യാപകനും രക്ഷിതാവും ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. പല സ്‌കൂളുകളിലെയും അധ്യാപകരും പ്രിന്‍സിപ്പല്‍മാരും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ്. ഓണം അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഇറങ്ങിയ ഉത്തരവ് ഇവരെയും പ്രയാസത്തിലാക്കുന്നുണ്ട്. ഇവര്‍ക്ക് ചൊവ്വാഴ്ച മാത്രമാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുക.

ഓണാഘോഷത്തിനായി കൂടുതല്‍ പണമാവശ്യമുള്ള സമയത്ത് മക്കളുടെ ഫീസടക്കേണ്ടി വന്നത് രക്ഷിതാക്കള്‍ക്കും ഇരുട്ടടിയായി. ഈ സാഹചര്യത്തില്‍ അധ്യാപക സംഘടനകളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയും ഇതേതുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് തിരുത്തുകയുമായിരുന്നു. നിലവില്‍ ഈ മാസം 13 വരെ പിഴ കൂടാതെയും 15 വരെ 20 രൂപ ഫൈനോടെയും ഫീസടക്കാന്‍ അനുമതിയുണ്ട്. 600 രൂപ ഫൈനോടെ അപേക്ഷിക്കാന്‍ 17 വരെയും അവസരമുണ്ട്. സെപ്റ്റംബര്‍ 12നാണ് ഓണം അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുക.

റഗുലര്‍/ ലാറ്ററല്‍ എന്‍ട്രി/ റീ അഡ്മിഷന്‍ പരീക്ഷാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് പരീക്ഷാ ഫീസായി 175 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടക്കണം. കമ്പാര്‍ട്ട്മെന്റല്‍ പരീക്ഷാര്‍ഥികള്‍ക്ക് (രജിസ്‌ട്രേഷന്‍) പരീക്ഷാ ഫീസ് 225 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. നാല് പരീക്ഷയെഴുതേണ്ട റഗുലര്‍ വിദ്യാര്‍ഥികള്‍ 740 രൂപ അടക്കണമെന്നാണ് നിര്‍ദേശം.



source https://www.sirajlive.com/say-improvement-fee-during-opening-examination-after-protests-the-order-was-reversed.html

Post a Comment

Previous Post Next Post