പരിസ്ഥിതിയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയിലുള്ളവര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ സെപ്തംബര്‍ പതിനാറ് കടന്നുവരുന്നത്. അന്തരീക്ഷത്തില്‍ വളരെ കുറഞ്ഞ അളവില്‍ കാണപ്പെടുന്ന വാതകമാണ് ഓസോണ്‍. മൂന്ന് ഓക്്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നതാണതിന്റെ ഘടന. അനേകം ഓസോണുകള്‍ ചേര്‍ന്നുണ്ടാകുന്ന പാളിയാണ് സൂര്യനില്‍ നിന്ന് വരുന്ന വിനാശകാരികളായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി ഭൂമിയുടെ താപനിലയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നത്.
ഓസോണ്‍ പാളിക്ക് സംഭവിക്കുന്ന ശോഷണത്തെയാണ് ഓസോണ്‍ സുഷിരം/വിള്ളല്‍ എന്ന് വിളിക്കുന്നത്. അതുവഴി ഭൂമിയില്‍ അധികമായി എത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ സ്‌കിന്‍ ക്യാന്‍സര്‍, ആവാസ വ്യവസ്ഥയുടെ തകര്‍ച്ച തുടങ്ങിയ അതീവ ഗുരുതരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. 1980കളിലാണ് ഓസോണ്‍ പാളിക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന വിവരം ജോയ് ഫോര്‍മാന്‍, ജോനാതന്‍ ഫ്രാങ്ക്‌ളിന്‍, ബ്രയന്‍ ഗാര്‍ഡിനര്‍ എന്നീ ശാസ്ത്രജ്ഞര്‍ ലോകത്തെ അറിയിച്ചത്. കാരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ (സി എഫ് സി) എന്ന, മനുഷ്യന്‍ നിത്യജീവിതത്തില്‍ ഏറെ ഉപയോഗിക്കുന്ന രാസവാതകമായിരുന്നു. ഇതേ തുടര്‍ന്ന് ഓസോണ്‍ പാളിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1985ല്‍ ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിയന്നയില്‍ വെച്ച് നടന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1987 സെപ്തംബര്‍ 16ന് മോണ്‍ട്രിയലില്‍ വെച്ച് ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. ആ ദിനത്തിന്റെ ഓര്‍മക്കായാണ് 1994 മുതല്‍ സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കുന്നത്. മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം കൈക്കൊണ്ട നടപടികള്‍ പില്‍ക്കാലത്ത് ഓസോണ്‍ ശോഷണത്തില്‍ വലിയ കുറവുണ്ടാക്കി.
ഈയിടെയായി ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലുമെല്ലാം പരിസ്ഥിതി സംരക്ഷണവും ആഗോള താപനവും രാഷ്ട്രീയ വിഷയങ്ങളാക്കി മാറ്റാനുള്ള കരുക്കള്‍ ചില തത്പരകക്ഷികള്‍ നീക്കുമ്പോള്‍ അത് ബാധിക്കുന്നത് ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്‍പ്പിനെയാണ്. ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രകൃതിക്കായെന്ന വ്യാജേന കൊണ്ടുവന്ന പദ്ധതികളില്‍ മിക്കതും കോര്‍പറേറ്റ് പ്രീണനം മാത്രം മുന്നില്‍ കണ്ടാണെന്നത് പകല്‍ പോലെ വ്യക്തമാണ്. അതിന് ഏറ്റവുമൊടുവിലെ ഉദാഹരണമാണ് നിര്‍മാണ പ്രക്രിയകള്‍ പരിസ്ഥിതിക്ക് ഒരുതരത്തിലുമുള്ള ദോഷം ഭവിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്താന്‍ ശിപാര്‍ശ ചെയ്യുന്ന 1986ല്‍ നിലവില്‍ വന്ന പരിസ്ഥിതി സംരക്ഷണ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ട് പുറത്തിറക്കിയ ഇ ഐ എ ഡ്രാഫ്റ്റ് 2020. പരിസ്ഥിതിയില്‍ ആര്‍ക്കും എപ്പോഴും എന്തും ചെയ്യാമെന്ന് സ്ഥാപിക്കുകയാണീ നിയമത്തിലൂടെ.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ശുദ്ധ അസംബന്ധമാണ് ഇത്തരം നിയമങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ മോണ്‍ട്രിയല്‍ ഉടമ്പടിക്ക് ശേഷം നിരവധി ആഗോള ഉച്ചകോടികളും സമ്മേളനങ്ങളും നടന്നെങ്കിലും പൂര്‍ണമായ തോതില്‍ നടപ്പാക്കാന്‍ ലോകരാജ്യങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല. ആമസോണ്‍ കാടുകള്‍ കത്തുന്നതും വന്‍നദികള്‍ വറ്റിവരളുന്നതും മനുഷ്യന്റെ പ്രവൃത്തികളുടെ അനന്തര ഫലമായാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് സ്വീകാര്യമായ പരിസ്ഥിതിനയം നടപ്പാക്കാന്‍ ഇനിയും വൈകിക്കൂടാ. വൈകുന്ന/വൈകിക്കുന്ന ഓരോ നിമിഷവും മനുഷ്യന്റെ ഭൂമിയിലെ നിലനില്‍പ്പിനെ തന്നെ ചോദ്യചിഹ്നത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണെന്നത് വിസ്മരിക്കാതെ നാളേക്കുവേണ്ടി ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓരോ വ്യക്തികള്‍ക്കും പൊതുവെയും സര്‍ക്കാറുകള്‍ക്ക് പ്രത്യേകിച്ചും നിര്‍ബന്ധ ബാധ്യതയുണ്ട്. ഇനിയും ഗൗരവത്തിലെടുത്തില്ലെങ്കില്‍ ഭൂമിയിലെ ജീവന്റെ തുടിപ്പ് നിലക്കുന്നതിനായിരിക്കും അത് നിദാനമാകുക.
source https://www.sirajlive.com/we-need-an-acceptable-environmental-policy.html
Post a Comment