വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല: കാനം

തിരുവനന്തപുരം | വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സി പി ഐയില്‍ ഇല്ലെന്ന് പാര്‍ട്ടി മുഖമാസികയായ നവയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം വ്യക്തമാക്കി. സി പി ഐയില്‍ വിഭാഗീയത ശക്തമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് നേതാക്കള്‍ക്കുള്ള കാനത്തിന്റെ താക്കീത്.

സി പി എമ്മിന് അടിയറവ് പറയുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കാനം ലേഖനത്തിലൂടെ പ്രതികരിച്ചു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നണിയില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. വേണ്ട കാര്യങ്ങള്‍ മുന്നണിയില്‍ പറഞ്ഞിട്ടുണ്ട്. പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. എന്നാല്‍, അഭിപ്രായങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കുന്ന രീതി സി പി ഐക്കില്ല.

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്ന മാധ്യമങ്ങള്‍ക്ക് മുന്നണിയുടെ വിശ്വാസം തകര്‍ക്കാനാകില്ലെന്നും കാനം പറഞ്ഞു.

 



source https://www.sirajlive.com/those-who-engage-in-sectarian-activities-will-have-no-place-in-the-party-kanam.html

Post a Comment

Previous Post Next Post