വയനാട്ടിലെ എന്റെ സഹപ്രവര്‍ത്തകന്‍: നീലിക്കണ്ടി പക്കര്‍ ഹാജിയെ അനുസ്മരിച്ച് കാന്തപുരം

കോഴിക്കോട് | കേരള മുസ്ലിം ജമാഅത്തിന്റെ സ്ഥാപകാംഗവും മര്‍കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നീലിക്കണ്ടി പക്കര്‍ ഹാജിയുടെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വയനാട്ടില്‍ സുന്നിസംഘടനകളുടെ പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും ആദ്യകാലം മുതലേ സജീവമായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അവസാനകാലം വരെ ഒട്ടനവധി സേവനങ്ങള്‍ ദീനിനും സമൂഹത്തിനുമായി ചെയ്തിട്ടുണ്ട്.

നീലിക്കണ്ടി കുടുംബം വയനാട്ടില്‍ കേളികേട്ട കുടുംബമാണ്. പക്കര്‍ ഹാജിയുടെ പിതാവ് നീലിക്കണ്ടി കുഞ്ഞമ്മത് ഹാജിയാണ് പണ്ട് മുതലേ വയനാട്ടില്‍ എത്തുന്ന സമസ്തയുടെയുടെയും സുന്നത്ത് ജമാഅത്തിന്റെയും നേതാക്കള്‍ക്ക് ആതിഥ്യമൊരുക്കാറുള്ളത്. കുഞ്ഞമ്മത് ഹാജിയുടെ ധൈര്യവും പൊതു സേവന താത്പര്യങ്ങളും ആതിഥ്യമര്യാദയും എല്ലാം പൂര്‍ണമായി പകര്‍ന്നെടുത്ത ആളായിരുന്നു പക്കര്‍ഹാജി.

കല്‍പ്പറ്റ ദാറുല്‍ ഫലാഹ്, സുന്നി മദ്‌റസകള്‍, ദീനി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിലും ജില്ലയുടെ വിദ്യാഭ്യാസ മുഖഛായ മാറ്റുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. തന്റെ വലിയുപ്പയുടെ പേരില്‍ സ്ഥാപിച്ച കല്‍പറ്റ എന്‍ എം എസ് എം ഗവ.കോളജിന്റെ വിപുലീകരണത്തിനും നേതൃത്വം നല്‍കി.

്മര്‍കസ് പ്രവര്‍ത്തനങ്ങളില്‍ തന്നാലാവും വിധം സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തി. ജനകീയ അടിത്തറയിലും പിന്തുണയിലും ഉയര്‍ന്നുവന്ന മര്‍കസിന്റെ ആദ്യകാല വരുമാനങ്ങളില്‍ പ്രധാനമായിരുന്നു വീടുകള്‍ തോറും സ്ഥാപിച്ച ധര്‍മപെട്ടികള്‍. വയനാട് ജില്ലയിലും തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളിലും വീടുകള്‍ തോറും ഇത്തരം ചെറിയ ധര്‍മപെട്ടികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സജീവമായി ചെയ്തു. വയനാട്ടില്‍ ഒരു സുന്നി ആസ്ഥാനമോ ഓഫീസോ ഇല്ലാത്ത അക്കാലത്ത് അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു മര്‍കസിന്റെയും സുന്നി സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍.

വയനാട്ടില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി ആദ്യമായി നിലവില്‍ വന്നപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കാലത്ത് സുന്നി നേതാക്കളെ വയനാട്ടില്‍ കൊണ്ടുവരാനും വിവിധ പ്രദേശങ്ങളില്‍ പ്രസംഗങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം ഉത്സാഹിച്ചു. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, ഇ കെ ഹസന്‍ മുസ്ലിയാര്‍ തുടങ്ങിയവരോടൊപ്പം ഞാനും ഹാജിയാരുടെ ക്ഷണം സ്വീകരിച്ച് വയനാട്ടില്‍ സുന്നിസമ്മേളനങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്.

സുന്നി സംഘടനകള്‍ പിളര്‍പ്പ് നേരിട്ട കാലത്ത് വലിയ പ്രമാണി കുടുംബമായ തന്റെ കുടുംബത്തിലെ ഏതാനും ചിലര്‍ മറുപക്ഷത്തായിരുന്നിട്ടും സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാനും സധീരമായി പ്രവര്‍ത്തിക്കാനും തയ്യാറായത് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുകയും വയനാട്ടിലെ സുന്നി പ്രസ്ഥാനത്തിന്റെ വേരോട്ടത്തില്‍ അത് വലിയ ഇന്ധനമാവുകയും ചെയ്തു. സിറാജ് ദിനപത്രത്തിന്റെ പ്രചാരണത്തിലും വയനാട്ടില്‍ അദ്ദേഹം മുന്നില്‍ നിന്നെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.



source https://www.sirajlive.com/my-colleague-in-wayanad-kanthapuram-in-memory-of-neelikandi-pucker-haji.html

Post a Comment

أحدث أقدم