സാങ്കേതിക തകരാര്‍; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ താനെ തുറന്നു, ജാഗ്രതാ നിര്‍ദേശം

പാലക്കാട്| പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് താനെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ്് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകളിലൊന്ന് തുറന്നത്. ഇതേത്തുടര്‍ന്ന് സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് എത്തുന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഈ സാഹചര്യത്തില്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്സ് വെള്ളം തുറന്നുവിടാനാണ് പദ്ധതി. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 



source https://www.sirajlive.com/technical-failure-parambikulam-dam-39-s-shutter-has-opened-itself-alert.html

Post a Comment

Previous Post Next Post