പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ മാധ്യമങ്ങളോട് പ്രതികരിക്കുകയല്ലാതെ ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന പതിവില്ല. രാജ്യത്തിന്നോളം അത്തരമൊരു നടപടി റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആ പതിവു തെറ്റിച്ചാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ചുചേർത്തത്. അത്രത്തോളം രൂക്ഷമായിരിക്കുന്നു സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത. മുഖ്യമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും തെളിവുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെ നടത്തിയ പത്രസമ്മേളനം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയെങ്കിലും ഗവർണറുടെ ഇടച്ചിൽ സംസ്ഥാനത്തെ ഭരണതലത്തിൽ അസ്വാരസ്യങ്ങളും പ്രയാസങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കും.
നിയമസഭ അംഗീകാരം നൽകിയ ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നും താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ലെന്നുമാണ് പത്രസമ്മേളനത്തിൽ ഗവർണർ പറഞ്ഞ ഒരു കാര്യം. നിയമം പാസ്സാക്കാനുള്ള നിയമസഭയുടെ പരമാധികാരത്തെ മാനിക്കുന്നുവെങ്കിലും അവ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്നും സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്നുമടക്കം എല്ലാ മാനദണ്ഡങ്ങളും ബില്ലിന് പിന്നിലെ ഉദ്ദേശ്യവും ശ്രദ്ധാപൂർവം പരിശോധിച്ചു മാത്രമേ ഒപ്പിടുകയുള്ളൂവെന്നതാണ് ഗവർണറുടെ നിലപാട്. സംസ്ഥാന ഭരണനിർവഹണ വിഭാഗത്തിന്റെ തലവൻ എന്നാണ് ഗവർണർ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനു ചേരുന്ന വിപുലമായ അധികാരങ്ങളൊന്നും ആ പദവിയിൽ നിക്ഷിപ്തമല്ലെങ്കിലും സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടാൻ പറ്റുന്ന ചില അധികാരങ്ങളൊക്കെ ഭരണഘടന ഗവർണർക്ക് നൽകുന്നുണ്ട്.
നിയമസഭ അംഗീകരിക്കുന്ന ഏത് ബില്ലും ഗവർണറുടെ ഒപ്പ് ലഭിച്ചെങ്കിൽ മാത്രമേ നിയമമാകുകയുള്ളൂ. അല്ലാത്തപക്ഷം അതിന് പ്രാബല്യമുണ്ടാകില്ല. ഭരണഘടനയുടെ 200ാം വകുപ്പനുസരിച്ച് നിയമസഭ പാസ്സാക്കുന്ന ബിൽ, ഗവർണർക്ക് ഒപ്പിടുകയോ അനുമതിയില്ലെന്ന് പ്രഖ്യാപിക്കുകയോ ചെയ്യാം. അല്ലെങ്കിൽ പുനഃപരിശോധനക്കായി നിയമസഭയിലേക്ക് തിരിച്ചയക്കാം. തിരിച്ചയച്ച ബിൽ നിയമസഭ അതേരീതിയിൽത്തന്നെ പാസ്സാക്കി വീണ്ടും അയക്കുകയാണെങ്കിൽ ഗവർണർ ഒപ്പ് വെക്കണമെന്നാണ് നിയമമെങ്കിലും സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറാണെങ്കിൽ പ്രസിഡന്റിന്റെ പരിഗണനക്കു വിട്ടും കാലതാമസം വരുത്താനാകും. ഈ അധികാരമുപയോഗിച്ചാണ് ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ ഒപ്പിടാതെ കേരള ഗവർണർ തടഞ്ഞുവെക്കുന്നത്. മിൽമ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സഹകരണ ഭേദഗതി ബില്ലും ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് സർക്കാറിന് കടുത്ത ക്ഷീണം ചെയ്യും. ദുരിതാശ്വാസനിധി വിനിയോഗത്തിലെ ക്രമക്കേട് കേസുള്ളതിനാൽ ലോകായുക്ത ബിൽ പിണറായി സർക്കാറിന് നിർണായകവുമാണ്.
നിലവിൽ ഒരു യു ജി സി പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിർണയിക്കേണ്ടത്. ഇതനുസരിച്ച് ചാൻസലർ, യു ജി സി പ്രതിനിധികളെ സ്വാധീനിച്ച് തനിക്ക് താത്പര്യമുള്ളയാളെ വി സി സ്ഥാനത്തേക്ക് നിർദേശിപ്പിക്കാൻ ഗവർണർക്ക് സാധിക്കും. സെർച്ച് കമ്മിറ്റി നിർദേശിച്ച ആദ്യത്തെ രണ്ട് പേരുകാരെ ഒഴിവാക്കി ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത് ഇതിന്റെ ബലത്തിലാണ്. സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിക്ക് പകരം, സർക്കാർ തന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കുകയെന്നതാണ് നിയമസഭ ഭേദഗതിവരുത്തിയ വിവാദ ബില്ലിലെ ഒരു നിർദേശം. ഇതോടെ നിയമനത്തിൽ സർക്കാർ താത്പര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കും. വി സി നിയമനം കൂടുതൽ കുറ്റമറ്റതാക്കുകയും ഗവർണർമാർ വഴി ആർ എസ് എസ് നോമിനികളെ നിയമിക്കുന്ന പ്രവണതക്ക് തടയിടുകയുമാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, സർക്കാറിന് താത്പര്യമുള്ളയാളെ വി സിയാക്കാവുന്ന സ്ഥിതി വന്നാൽ രാഷ്ട്രീയ ഇടപെടൽ കൂടുമെന്നും സർവകലാശാലകളുടെ സ്വയംഭരണാധികാരം ഇല്ലാതാകുമെന്നുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ബോർഡ് ഓഫ് സ്റ്റഡീസ് മുതൽ ഇന്റർവ്യൂ മാർക്ക് പരിഗണിച്ചുളള അധ്യാപക നിയമനത്തിൽ വരെ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ഗവർണർ നിരായുധനാണെന്ന് തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തോടെ ബോധ്യപ്പെട്ടു. നേരത്തേ പല തവണ ആവർത്തിച്ച ആരോപണങ്ങൾ തന്നെയാണ് പത്രസമ്മേളനത്തിലും അദ്ദേഹം ഉന്നയിച്ചത്. കേവലം കേന്ദ്രത്തിന്റെ ചട്ടുകമായി മാറിയിരിക്കയാണ് ആരിഫ് മുഹമ്മദ് ഖാൻ. ആർ എസ് എസ് കേന്ദ്രങ്ങളാണ് അദ്ദേഹത്തിന്റെ പ്രവർത്തനപാത നിർണയിച്ചു കൊണ്ടിരിക്കുന്നതെന്ന് മോഹൻ ഭാഗവതുമായുള്ള തൃശൂരിലെ കൂടിക്കാഴ്ചയിൽ നിന്ന് വ്യക്തം. ഓപറേഷൻ താമര പോലുള്ള അജൻഡകൾ കേരളത്തിൽ നടക്കില്ലെന്ന് മനസ്സിലാക്കിയ കേന്ദ്രവും സംഘ്പരിവാറും ഏതുവിധേനയും കേരള സർക്കാറിൽ പ്രതിസന്ധിയുണ്ടാക്കി ഭരണസ്തംഭനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ ഗവർണറെ ഉപയോഗിച്ചു കൊണ്ടിരിക്കയാണ്.
നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർമാർ നീട്ടിക്കൊണ്ടു പോകുന്ന പ്രവണത കേരളത്തിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോൾ പതിവായിട്ടുണ്ട്. തീർത്തും ജനാധിപത്യവിരുദ്ധമാണ് ആ നടപടി. ഇതിനു തടയിടേണ്ടത് കേന്ദ്ര സർക്കാറാണ്. നിലവിലെ സാഹചര്യത്തിൽ കേന്ദ്രം അതിന് മുന്നോട്ടുവരില്ല. സുപ്രീം കോടതിയാണ് പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതും ജനാധിപത്യ സർക്കാറുകളുടെ രക്ഷക്ക് എത്തേണ്ടതും. ഇല്ലെങ്കിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പല നിയമങ്ങളും നിയമമാക്കാൻ അനുവദിക്കാതെ ഗവർണർമാർ വെച്ചുതാമസിപ്പിക്കുന്ന പ്രവണത വർധിക്കാൻ ഇടയാകും.
source https://www.sirajlive.com/the-governor-is-unarmed.html
Post a Comment