വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് അമിത വേഗതയില്‍, സ്‌കൂളില്‍ നിന്ന് പുറപ്പെട്ടത് വൈകി

തൃശൂര്‍ | വടക്കഞ്ചേരി ദേശീയപാതയില്‍ അര്‍ധരാത്രിയോടെ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് അമിത വേഗതയില്‍. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന് ശേഷം ടൂറിസ്റ്റ് ബസ് കരണം മറിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് 300 മീറ്റർ അകലെ റോഡിന് സമീപത്തെ ചതുപ്പിലാണ് ടൂറിസ്റ്റ് ബസ് വീണത്.

മണിക്കൂറില്‍ 97.2 കി മീ വേഗതയിലാണ് ടൂറിസ്റ്റ് ബസ് ഓടിയിരുന്നത്. വേളാങ്കണ്ണി ട്രിപ്പ് പോയ ഡ്രൈവറാണ് സ്‌കൂള്‍ വിദ്യാര്‍ഥികളെയും കൊണ്ട് ഊട്ടിയിലേക്ക് പുറപ്പെട്ടത്. ദിവസങ്ങളോളം വേളാങ്കണ്ണി യാത്ര നടത്തിയതിനാല്‍ ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു.

നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളിലെത്തിയത്. അതിനാല്‍ പുറപ്പെടാനും വൈകി. സ്‌കൂളിലെത്തിയപ്പോള്‍ ഡ്രൈവര്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നെന്ന് അധ്യാപകര്‍ പറയുന്നു. ദീര്‍ഘദൂരം ബസ് ഓടിക്കാന്‍ സാധിക്കുമോയെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നും ദീര്‍ഘകാലത്തെ പരിചയമുണ്ടെന്നും ഡ്രൈവര്‍ പറയുകയായിരുന്നു. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അമിത വേഗം ചൂണ്ടിക്കാട്ടിയെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു.



source https://www.sirajlive.com/vadakancherry-accident-tourist-bus-over-speeding-leaving-school-late.html

Post a Comment

Previous Post Next Post