പോലീസുകാര്‍ക്ക് തീവ്രവാദ ബന്ധം?

സംസ്ഥാനത്തെ ചില പോലീസുദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതായും അവര്‍ക്കെതിരെ നടപടി വേണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി എന്‍ ഐ എ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായും രണ്ട് ദിവസം മുമ്പ് വാര്‍ത്ത വന്നിരുന്നു. 873 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പി എഫ് ഐയുമായി ബന്ധം. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എന്‍ ഐ എ നടത്തിയ വിവര ശേഖരണത്തിനിടെയാണ് പോലീസുകാര്‍ക്കും അവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം പി എഫ് ഐക്ക് കേരള പോലീസില്‍ ഉണ്ട്. ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡുകള്‍ക്ക് ശേഷവും ഹര്‍ത്താല്‍ സമയത്തുമെല്ലാം പോലീസുകാരും ഫ്രണ്ട് നേതാക്കളും തമ്മില്‍ ഫോണ്‍വഴി നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥര്‍ സംഘടനക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്നത് സംബന്ധിച്ച ചില വിവരങ്ങളും എന്‍ ഐ എ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു റിപോര്‍ട്ട് എന്‍ ഐ എയില്‍ നിന്ന് സംസ്ഥാന പോലീസിനു ലഭിച്ചിട്ടില്ലെന്നുമാണ് സേനാ മേധാവികള്‍ പറയുന്നത്.

മേല്‍ വാര്‍ത്തയുടെ സത്യാവസ്ഥയെന്തായാലും പോലീസ്-പി എഫ് ഐ ബന്ധം വെളിപ്പെടുത്തുന്ന ചില സംഭവങ്ങൾ പുറത്തു വരികയും അതിന്റെ പേരിൽ ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. കാലടി സ്റ്റേഷനിലെ സിയാദ് എന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത് പോപുലര്‍ ഫ്രണ്ട് ബന്ധം സ്ഥിരീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ പി എഫ് ഐ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ ഒരു പോലീസുകാരനെ ജില്ലാ പോലീസ് മേധാവി പിരിച്ചുവിട്ടത് പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ പി എഫ് ഐയുടെ രാഷ്ട്രീയ ഘടകമായ എസ് ഡി പി ഐക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു. കോട്ടയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥ പി എഫ് ഐയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കു വിധേയയാവുകയുണ്ടായി.

പോപുലര്‍ ഫ്രണ്ടുമായി മാത്രമല്ല, ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആര്‍ എസ് എസുമായും ബന്ധമുണ്ട് നിരവധി പോലീസുകാര്‍ക്ക്. പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് ആഭ്യന്തര വകുപ്പിനെ ചൊല്ലിയാണ്. പോലീസിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളും ഹിന്ദുത്വ സമീപനങ്ങളുമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമേറിയത്. സംസ്ഥാന പോലീസില്‍ ആര്‍ എസ് എസ് അനുഭാവികളുടെ “സ്ലീപ്പര്‍ സെല്‍’ പ്രവര്‍ത്തിക്കുന്നതായും, 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ വെച്ച് സേനക്കുള്ളിലെ സംഘ്പരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും കൈരളി ചാനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവാദപ്പെട്ട ഒരാളും അക്കാര്യം നിഷേധിച്ചിട്ടില്ല. പോലീസിനകത്തെ സംഘ് വത്കരണത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയുണ്ടായി.

പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ സേനകളിലെ സംഘ്പരിവാര്‍ അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമായ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും 2016ല്‍ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ അടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങള്‍ സേനയിലെ ആര്‍ എസ് എസ് വിംഗ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പല സ്റ്റേഷനുകളിലും ക്രമസമാധാന ചുമതലയുള്ള സി ഐമാരും എസ് ഐമാരും കടുത്ത സംഘ്പരിവാര്‍ അനുകൂലികളാണെന്ന് 2016ല്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു. മുന്‍ ഡി ജി പിമാരായ ടി പി സെന്‍ കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ അവരുടെ ഉള്ളിലെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി തുറന്നുപറഞ്ഞ് ബി ജെ പിയുടെ ഭാഗമാകുന്നതും ഇതിനിടയില്‍ കേരളം കണ്ടു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുകയും തീവ്രവാദ സംഘടനകളെ പ്രതിരോധിക്കുകയും ഉള്‍പ്പെടെ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പ് വരുത്തുകയാണ് പോലീസ് ചുമതല. അതിനാണ് ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി സേനയെ വാര്‍ത്തെടുത്തതും തീറ്റിപ്പോറ്റുന്നതും. പോലീസില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ക്ക് സഹായകമായ നിലപാടുകളുണ്ടാകുന്നതും പോലീസ് റെക്കോര്‍ഡുകളില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ക്ക് രേഖകള്‍ ചോര്‍ത്തി നല്‍കുന്നതും ഒരിക്കലും പൊറുപ്പിക്കാനാകാത്ത കുറ്റവും ജനങ്ങളോടും സര്‍ക്കാറിനോടുമുള്ള കടുത്ത വെല്ലുവിളിയുമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ അത്തരക്കാരെ കണ്ടെത്തി സേനയില്‍ നിന്ന് പുറത്താക്കേണ്ടതും അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ പോലീസ് സേനയുടെ കെട്ടുറപ്പിനെയും സര്‍ക്കാറിന്റെ പ്രതിച്ഛായയെയും അത് സാരമായി ബാധിക്കും. ഇക്കാര്യത്തില്‍ പോലീസ് നേതൃത്വം ഇരട്ടത്താപ്പ് കാണിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. പോപുലര്‍ ഫ്രണ്ടുമായും എസ് ഡി പി ഐയുമായും ബന്ധമുള്ള സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റു നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമ്പോള്‍, പോലീസുകാരുടെ സംഘ്പരിവാര്‍ ബന്ധത്തിനു നേരേ കണ്ണടക്കുകയാണ് പോലീസ് മേധാവികളെന്നാണ് ആരോപണം. ഒരു മതേതര സര്‍ക്കാറിന്റെ ഭരണത്തിനു കീഴില്‍ ഒട്ടും സംഭവിക്കാന്‍ പാടില്ലാത്തതാണ് പോലീസ് തലപ്പത്തെ ഈ ഇരട്ട നീതി.



source https://www.sirajlive.com/cops-have-terrorist-links.html

Post a Comment

أحدث أقدم