ഇനി ഖാര്‍ഗെയുടെ ഊഴം

ണ്ട് പതിറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ വലിയൊരു ശതമാനം പ്രവര്‍ത്തകര്‍ക്കും പുതുമയുള്ള അനുഭവവും ആവേശവും നല്‍കിയ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ തോല്‍പ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് അധ്യക്ഷനായിരിക്കുകയാണ്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പരമോന്നത നേതൃസ്ഥാനത്തേക്ക് വരുന്നു എന്ന പ്രത്യേകതയാണ് ഏറ്റവും ശ്രദ്ധേയം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു നേതാവ് വരുന്നു എന്നത് “കോണ്‍ഗ്രസ്സ് ഒരു കുടുംബ പാര്‍ട്ടിയാണ്’ എന്ന ബി ജെ പി അടക്കമുള്ള രാഷ്ട്രീയ ശത്രുക്കളുടെ പരിഹാസത്തെ മറികടക്കും എന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലാതെ ആ കുടുംബത്തില്‍ നിന്നോ അല്ലാതെയോ ആര് അധ്യക്ഷനായാലും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഒരു മാറ്റമുണ്ടാകുക എന്നത് ഇനിയും കാത്തിരുന്നു കാണേണ്ട ചിത്രമായിരിക്കും.

കോണ്‍ഗ്രസ്സിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഒരു ഭാഗത്ത് പുരോഗമിക്കെ, പാര്‍ട്ടിക്ക് ജനങ്ങളോടുള്ള സമ്പര്‍ക്കവും ദൃശ്യതയും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും വര്‍ധിക്കുമെങ്കിലും അത് പരിപാലിച്ചുകൊണ്ടുപോകാനുള്ള സംഘടനാ ശേഷി ഉണ്ടാകുകയെന്നത് ഏറെ നിര്‍ണായകമാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുങ്ങുമ്പോള്‍ പല സംസ്ഥാനങ്ങളിലും പാര്‍ട്ടി എത്രമേല്‍ ദുര്‍ബലമായിരുന്നു എന്ന് വെളിപ്പെട്ടതാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തുന്നത് തുടങ്ങി, സുതാര്യമായ ഭാരവാഹി തിരഞ്ഞെടുപ്പുകളും നിയമനങ്ങളും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന ദൗത്യം. ഇത് താനേ ഉണ്ടാകുന്നതല്ല. ഓരോ ബ്ലോക്ക് തലങ്ങള്‍ വരെയെങ്കിലും ഒരേ സമയം കേന്ദ്രീകൃതമായ നിരീക്ഷണങ്ങളും വികേന്ദ്രീകരിക്കപ്പെട്ട അധികാര വിനിയോഗവും ഉണ്ടാക്കിയെടുക്കേണ്ട കാര്യങ്ങളാണ്.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന ഉറച്ച നിലപാട് ശശി തരൂര്‍ എടുത്തത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ആഘോഷിക്കുന്ന “ജനാധിപത്യം’ സാധ്യമായത്. അതിന് പാര്‍ട്ടിയുടെ നിലവിലുള്ള അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എല്ലാ ആശിര്‍വാദങ്ങളും നല്‍കിയതായി തരൂര്‍ തന്നെ പലയാവര്‍ത്തി പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ ആരെങ്കിലും മത്സരത്തിന് തയ്യാറെങ്കില്‍ താന്‍ മത്സരത്തിനില്ലെന്നും മറ്റാരെങ്കിലും തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും തരൂര്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത് മനീഷ് തിവാരി മാത്രമായിരുന്നു. അശോക് ഗെഹ‌്ലോട്ട്, ദ്വിഗ് വിജയ് സിംഗ് തുടങ്ങിയ നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ അവസരം വന്നെത്തിയത് കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ആയിരുന്നു. മനീഷ് തിവാരി അടക്കമുള്ള പാര്‍ട്ടിക്കകത്തെ പ്രധാന വിമര്‍ശകര്‍ ഖാര്‍ഗെയുടെ നാമനിര്‍ദേശത്തില്‍ ഒപ്പുവെച്ചും തിരഞ്ഞെടുപ്പില്ലാതെ സമവായത്തിലൂടെ അധ്യക്ഷനെ തീരുമാനിക്കണമെന്ന് പ്രസ്താവിച്ചും മലക്കം മറിഞ്ഞു.

പല മുതിര്‍ന്ന നേതാക്കളും കേരളത്തിലെ ചില നേതാക്കളും ശശി തരൂര്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തീരുമാനിച്ചു. ശശി തരൂരിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടു എന്നും തരൂര്‍ വെളിപ്പെടുത്തുകയും ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് എന്ന പ്രതിച്ഛായയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്സ് അധ്യക്ഷയും മുന്‍ അധ്യക്ഷനും ഇരു സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് മേല്‍നോട്ടക്കാരനും വരെ അങ്ങനെയൊരു ഔദ്യോഗിക -അനൗദ്യോഗിക സ്ഥാനാര്‍ഥി ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും, മാധ്യമങ്ങളില്‍ ഭൂരിഭാഗവും അവരുടെ ഇഷ്ടംപോലെ വ്യവഹാരങ്ങള്‍ സൃഷ്ടിച്ചെടുത്താണ് തിരഞ്ഞെടുപ്പിനെ വിശകലനം ചെയ്തത്. തരൂര്‍ റിബല്‍ സ്ഥാനാര്‍ഥിയാണ് എന്നും ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ഥിയാണ് ഖാര്‍ഗെ എന്നും മാധ്യമങ്ങളുടെ സ്‌പെക്യുലേറ്റീവ് ജേര്‍ണലിസം കഥകളുണ്ടാക്കി.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ മാത്രം നടക്കുന്ന ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പിനെ കുറച്ചുകൂടി മാന്യതയോടെ മാധ്യമങ്ങള്‍ക്ക് സമീപിക്കാമായിരുന്നു. മാധ്യമങ്ങളില്‍ ഭാരത് ജോഡോ യാത്ര നേടിയതിനേക്കാള്‍ കൂടുതല്‍ ദൃശ്യതയും സാന്നിധ്യവും അധ്യക്ഷ തിരഞ്ഞെടുപ്പ് നേടി എന്ന വസ്തുത, നേരത്തേ പറഞ്ഞ മാധ്യമങ്ങളുടെ സമീപന സ്വഭാവം കൂടി ചേര്‍ത്തിനിര്‍ത്തി നിരീക്ഷിക്കേണ്ടതാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ടി വി അടക്കമുള്ള മാധ്യമങ്ങളില്‍ ദൃശ്യത വര്‍ധിക്കേണ്ടത് ഒരാവശ്യമാണെങ്കിലും പകുതിയിലധികം മാധ്യമ വിചാരങ്ങളും വീണ്ടും വീണ്ടും ഗാന്ധി കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും, സൗഹൃദപരമായ-ആരോഗ്യകരമായ തിരഞ്ഞെടുപ്പ് എന്ന് സ്ഥാനാര്‍ഥികള്‍ അടിവരയിട്ട മത്സരത്തെ വിഭാഗീയതയുടെ അടയാളമായി ആഘോഷിക്കുന്നവയുമായിരുന്നു.

തിരഞ്ഞെടുപ്പ് അവസാനിക്കുകയും മത്സരത്തില്‍ വിജയി ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴിയെന്താണ് എന്ന ചോദ്യത്തിലാകും പ്രസക്തി കൂടുതല്‍. തുടക്കത്തിലേ പറഞ്ഞതു പോലെ, മാറ്റം പ്രസിഡന്റ് മാറുന്നിടത്ത് ഉണ്ടാകുന്നതേയല്ല. വിജയിച്ചാല്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയ ഉദയ്പൂര്‍ പ്രഖ്യാപനങ്ങള്‍ കാലതാമസമില്ലാതെ നടപ്പാക്കാനുള്ള താത്പര്യം ഉണ്ടാകുകയാണ് മുഖ്യം. തിരഞ്ഞെടുപ്പ് കാലത്ത് ശശി തരൂര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളാന്‍ പുതിയ നേതൃത്വം മാന്യത കാണിക്കണം. തരൂരിന്റെ ആശയങ്ങളില്‍ ഏകദേശമെല്ലാം തന്നെ ഉദയ്പൂര്‍ ചിന്തന്‍ ശിബിര്‍ ചര്‍ച്ച ചെയ്തതും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തിയതുമാണ്. അതുകൊണ്ടുതന്നെ, പ്രകടന പത്രികക്ക് പുറത്തേക്കും നീളുന്ന തുറന്ന ചര്‍ച്ചകളും ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശയ വിനിമയം നടത്താന്‍ അവസരമൊരുക്കുന്ന സമ്പ്രദായം ഐ ഐ സി സി പ്രസിഡന്റ് മുതല്‍ പി സി സി പ്രസിഡന്റുമാരും ഡി സി സി പ്രസിഡന്റുമാരും വരെ ഉണ്ടാകണം. കോണ്‍ഗ്രസ്സിന്റെ ആശയാടിത്തറ എന്താണെന്നും ആദര്‍ശം എങ്ങനെയാണെന്നും പ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന ശൈലിയാണ് അടിയന്തരമായി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഭാരത് ജോഡോ യാത്രക്കൊപ്പമോ അല്ലാതെയോ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളെയും നേരിട്ട് കണ്ടും സംസാരിച്ചും ആശയവിനിമയം നടത്തിയും പാര്‍ട്ടിയുടെ വീക്ഷണങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഊര്‍ജസ്വലതയും ആവേശവുമാണ് നിലവില്‍ അടിയന്തരമായി പാര്‍ട്ടിക്ക് വേണ്ടത്. മൂപ്പിളമ തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും കടിഞ്ഞാണിട്ടു നിര്‍ത്താനും വേണം പാര്‍ട്ടിക്ക് കര്‍മ പരിപാടികള്‍.

എ ഐ സി സി അധ്യക്ഷനെ സംബന്ധിച്ചിടത്തോളം തനിക്ക് ചുറ്റും ഏതെങ്കിലും തരത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. മാത്രവുമല്ല, ഹൈക്കമാന്‍ഡ് എന്ന അദൃശ്യ അധികാര സമ്പ്രദായത്തെ കാര്യക്ഷമമായ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയായി പരിവര്‍ത്തിതപ്പെടുത്തണം. സി ഡബ്ല്യു സി കാര്യക്ഷമമായാല്‍ തന്നെ പാര്‍ട്ടിക്ക് വലിയ ഉണര്‍വുണ്ടാകും. ഇന്ദിരാ ഗാന്ധി മുതല്‍ സ്വാഭാവികമായോ അല്ലാതെയോ ഉണ്ടായിത്തീര്‍ന്ന നെഹ്റു കുടുംബത്തിനോടുള്ള അമിതാവലംബം കുറയാനും ഇത് സഹായിക്കും.
24 അക്ബര്‍ റോഡ് എന്ന പാര്‍ട്ടി ആസ്ഥാനത്തേക്കാളും പ്രധാനപ്പെട്ട അധികാര കേന്ദ്രം കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി 10 ജന്‍പഥ് ആയിരുന്നു. 24 അക്ബര്‍ റോഡിനോട് മതിലു പങ്കിടുന്ന സോണിയാ ഗാന്ധിയുടെ ഈ ഔദ്യോഗിക വസതിയിലായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ രൂപപ്പെട്ടത്. ഇടക്കാലത്ത് രണ്ട് വര്‍ഷം 12 തുഗ്ലക് ലൈന്‍ എന്ന രാഹുല്‍ ഗാന്ധിയുടെ വസതിയും, ജി ആര്‍ ജി 15 എന്ന വാര്‍ റൂമും പാര്‍ട്ടിയുടെ നയരൂപവത്കരണത്തില്‍ നിര്‍ണായക കേന്ദ്രങ്ങളായി. കോട്‌ല റോഡില്‍ പണിതീരാനിരിക്കുന്ന കൂറ്റന്‍ ആസ്ഥാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ പാര്‍ട്ടിയുടെ ആലോചനാ കേന്ദ്രം അതായിത്തീരും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ അധ്യക്ഷനും വരുന്നത്. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ നിലവിലെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി 10 ജന്‍പഥ് വിട്ട് 10 രാജാജി മാര്‍ഗില്‍ ചെന്ന് നിയുക്ത പ്രസിഡന്റിനെ അഭിനന്ദിച്ചു എന്ന സന്ദേശം അധികാര കേന്ദ്രങ്ങളുടെ മാറ്റത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

സംഘ്പരിവാര്‍ രാഷ്ട്രീയത്തെ മടികൂടാതെ വിമര്‍ശിക്കുകയും അവധിയില്ലാതെ എതിര്‍ക്കുകയും ചെയ്തുപോരുന്ന നേതാവ് എന്ന നിലക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആദര്‍ശ ശക്തിയെ ബലപ്പെടുത്തുകയേയുള്ളൂ. ദളിതനായ, ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന, സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ അസാമാന്യ പ്രവൃത്തി പരിചയമുള്ള ഖാര്‍ഗെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം. പ്രതിപക്ഷ നിരയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായി കോണ്‍ഗ്രസ്സിനെ നിലയുറപ്പിക്കുക എന്നത് ഖാര്‍ഗെ മുന്‍ഗണന നല്‍കേണ്ട വിഷയമാണ്. തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ശശി തരൂരിനെ അടക്കം ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും ഉദയ്പൂര്‍ ചിന്തന്‍ ശിബിര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുമെന്നും ഖാര്‍ഗെ ഉറപ്പുപറയുന്നുണ്ട്. അനിവാര്യമായ മാറ്റങ്ങള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തയ്യാറാകുമോ എന്നത് കണ്ടറിയാം.



source https://www.sirajlive.com/now-it-39-s-kharge-39-s-turn.html

Post a Comment

أحدث أقدم