തെലങ്കാനയില്‍ ബി ജെ പിക്ക് പിഴച്ചു. ഓപറേഷന്‍ താമര അവിടെ ഫലിച്ചില്ല. മാത്രമല്ല, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി ആര്‍ എസ്) എം എല്‍ എമാരെ “വിലക്കു വാങ്ങാന്‍’ പണച്ചാക്കുമായി എത്തിയ കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ ഏജന്റുമാര്‍ പോലീസ് പിടിയിലുമായി. ഡെക്കാന്‍ പ്രൈഡ് ഹോട്ടല്‍ ഗ്രൂപ്പ് ഉടമയും കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡിയുടെ അടുത്ത അനുയായിയുമായ നന്ദകുമാര്‍, ഡല്‍ഹി സ്വദേശി സതീഷ് ശര്‍മ എന്ന രാമചന്ദ്ര ഭാരതി, തിരുപ്പതി സ്വദേശി സിംഹയാജി സ്വാമി എന്നിവരെയാണ് സൈബരാബാദ് പോലീസ് പിടികൂടിയത്. 15 കോടി രൂപ അടങ്ങിയ ബാഗുകള്‍ അടക്കമാണ് ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള അസീസ് നഗറിലെ ഫാം ഹൗസില്‍ നിന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തെലങ്കാനയില്‍ ഈയിടെയായി ടി ആര്‍ എസിന്റെ എം എല്‍ എമാരെ ചാക്കിട്ടു പിടിച്ച് ഭരണം അട്ടിമറിക്കന്‍ ബി ജെ പി കൊണ്ടുപിടിച്ച ശ്രമം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് എം എൽ എമാരായ ഗുവ്വാല ബാലരാജ്, രോഹിത് റെഡ്ഡി, ഹർഷവർധൻ റെഡ്ഡി, രേഗ കാന്ത റാവു എന്നിവരെ സമീപിച്ച് ബി ജെ പിയിലേക്ക് കൂറുമാറാൻ നന്ദകുമാർ വൻ ഓഫറുകൾ മുന്നോട്ടുവെച്ചത്. പ്രധാന ടി ആര്‍ എസ് നേതാവിന് 100 കോടി രൂപയും ഓരോ എം എല്‍ എമാര്‍ക്കും 50 കോടി രൂപ വീതവുമാണത്രെ വാഗ്ദാനം. വിവരം അറിഞ്ഞ ടി ആര്‍ എസ് നേതൃത്വം, നന്ദകുമാറിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നതായി അഭിനയിക്കാന്‍ എം എല്‍ എമാര്‍ക്കു നിര്‍ദേശം നല്‍കുകയും കച്ചവടം ഉറപ്പിക്കാനെന്ന ഭാവേന നന്ദകുമാറിനോടും കൂട്ടുകാരോടും ഫാം ഹൗസില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബി ജെ പി നിയോഗിച്ച മൂന്ന് ഏജന്റുമാരും അവിടെയെത്തിയത്. പിന്നാലെ സൈബരാബാദ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര നേരിട്ടെത്തിയാണ് മൂന്ന് പേരെയും പിടികൂടിയത്. വ്യാജ പേരിലാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം.
ദക്ഷിണേന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് തെലങ്കാന. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചു വരികയാണ് പാര്‍ട്ടി ഇവിടെ. നാല് മാസം മുമ്പ് പാര്‍ട്ടി നാഷനല്‍ എക്്‌സിക്യൂട്ടീവ് യോഗം തെലങ്കാനയില്‍ വിളിച്ചു ചേര്‍ത്തത് ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തോടനുബന്ധിച്ച് തെലങ്കാനയിലെ മുഴുവന്‍ നയമസഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിരുന്നു. ഹൈദരാബാദില്‍ നടന്ന റാലിയില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ശക്തമായ അടിത്തറയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. തെലങ്കാന ബി ജെ പിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണെന്നു സ്ഥാപിക്കാന്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു ലഭിച്ച വോട്ടുകളുടെ എണ്ണവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. സംസ്ഥാനത്ത് ടി ആര്‍ എസ് സര്‍ക്കാറിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞതായി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും പ്രസ്താവിക്കുകയുണ്ടായി.
സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഭരണകക്ഷി എം എല്‍ എമാരെ വലയില്‍ വീഴ്ത്താനുള്ള നീക്കങ്ങളും. ഇതുപക്ഷേ വിജയിക്കുന്നില്ലെന്നു മാത്രമല്ല, ബി ജെ പിയില്‍ നിന്ന് നേതാക്കള്‍ ടി ആര്‍ എസിലേക്കു ചുവടുമാറുന്നത് ദയനീയമായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. രണ്ട് ദിവസം മുമ്പാണ് രപോലു ആനന്ദ ഭാസ്‌കര്‍ എന്ന പ്രമുഖ നേതാവ് ബി ജെ പി വിട്ട് ടി ആര്‍ എസില്‍ ചേര്‍ന്നത്. ടി ആര്‍ എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സമീപിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ രപോലു ആനന്ദ ഭാസ്‌കര്‍ നേരത്തേ കോണ്‍ഗ്രസ്സില്‍ നിന്നാണ് ബി ജെ പിയിലേക്കെത്തിയത്. ഏതാനും ദിവസം മുമ്പ് മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ സ്വാമിഗൗഡും മുന്‍ എം എല്‍ എ ദസോജു ശ്രാവണും ബി ജെ പി വിട്ട് ടി ആര്‍ എസില്‍ ചേര്‍ന്നിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ബി ജെ പിയിലെത്തിയത്. എന്നാല്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെലവില്‍ ധനികരും കോണ്‍ട്രാക്ടര്‍മാരും തടിച്ചു കൊഴുക്കുകയാണെന്ന് ആരോപിച്ചാണ് സ്വാമിഗൗഡ് പാര്‍ട്ടി വിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്.
2024ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കൈപിടിയിലൊതുക്കിയുള്ള സമഗ്ര ആധിപത്യമാണ് ബി ജെ പിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിലൂടെ ആധിപത്യം നേടാന്‍ സാധിക്കാത്തിടങ്ങളില്‍ മറ്റു കക്ഷികളില്‍ നിന്നുള്ള നേതാക്കളെയും ജനപ്രതിനിധികളെയും വിലക്കെടുത്ത് അത് സാധ്യമാക്കുകയാണ് പാര്‍ട്ടിയുടെ പദ്ധതി. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത് പരീക്ഷിച്ചു വിജയിച്ചതാണ്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് അന്വര്‍ഥമാക്കുകയുണ്ടായി ബി ജെ പി ഈ സംസ്ഥാനങ്ങളിലെല്ലാം. തെലങ്കാനയില്‍ ഇപ്പോഴത്തെ ശ്രമം പാളിയെങ്കിലും പാര്‍ട്ടി പുതിയ കളികള്‍ പുറത്തെടുക്കാതിരിക്കില്ല. ഇലക്‌ടറല്‍ ബോണ്ടുകളിലൂടെയും അല്ലാത്ത മാര്‍ഗേണയും ശതകോടികളാണല്ലോ പാര്‍ട്ടി സമ്പാദിച്ചത്. ഇതിന്റെ നല്ലൊരു ഭാഗവും കുതിരക്കച്ചവടത്തിനും വാങ്ങല്‍ രാഷ്ട്രീയത്തിനുമാണ് ചെലവിടുന്നത്. താത്കാലികമായ അധികാരനേട്ടം മാത്രമല്ല മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി സംഘ്പരിവാര്‍ മാത്രം ഭരിക്കുന്ന ഒരു ഹിന്ദുത്വ ഭാരതമാണ് ഇതിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത്.
source https://www.sirajlive.com/failed-telangana-quot-operation-quot.html
Post a Comment