ലഹരിക്കെതിരെ ശക്തമായ പോരാട്ടം വേണം: സമസ്ത

കോഴിക്കോട് | സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്നും അതീവ ഗുരുതരമായ ഈ സാമൂഹിക പ്രശ്‌നത്തിനെതിരെ ശക്തമായ പോരാട്ടമല്ലാതെ മറ്റു വഴികളില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വ്യക്തമാക്കി. സമസ്തയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ മഹല്ലുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തും.

വലിയ വേരുകളുള്ള ലഹരി സംഘങ്ങളെ നശിപ്പിക്കൽ കഠിനമായ ദൗത്യം തന്നെയാണ്. നാടും നഗരവും വിൽപ്പനക്കാരെയും ഉപയോഗിക്കുന്നവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊതുജനങ്ങൾ ഒന്നിച്ചുനിന്നാലേ ഈ വിപത്ത് വിപാടനം ചെയ്യാൻ കഴിയുകയുള്ളൂ. ലഹരി സംഘങ്ങളെ എതിർക്കുന്നവരുടെ ജീവന് ഭീഷണിയുണ്ടാകുന്നുവെന്നത് ലഹരി മാഫിയ എത്രമേൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു. ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളെ രണ്ട് വർഷം വരെ വിചാരണയില്ലാതെ കരുതൽ തടങ്കലിൽ വെക്കാൻ 1988 ലെ കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥ കേരളത്തിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രയും വേഗം നിയമമാക്കണം. കർശന നിയമങ്ങളും മാതൃകാപരമായ ശിക്ഷയും നൽകി ലഹരി സംഘങ്ങളെ ഉന്മൂലനം ചെയ്യണം. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ മഹല്ലുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം ആരംഭിക്കും. സംഘടനകൾ, മഹല്ല് കമ്മിറ്റികൾ, മുദർരിസുമാർ, ഖാസിമാർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി സമഗ്ര പദ്ധതി കൊണ്ടുവരും.

ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പദ്ധതി അവതരിപ്പിച്ചു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽ ബുഖാരി, സയ്യിദ് ഹാമിദ് കോയമ്മ എട്ടിക്കുളം, പി വി മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, പി ഹസൻ മുസ്‌ലിയാർ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി മൊയ്തീൻകുട്ടി ബാഖവി പൊന്മള, എം അബ്ദുർറഹ്മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ, സി മുഹമ്മദ് ഫൈസി പന്നൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, ഐ എം കെ ഫൈസി, പി അലവി സഖാഫി കൊളത്തൂർ, എം അബ്ദുർറഹ്മാൻ സഖാഫി, എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ചർച്ചയിൽ പങ്കെടുത്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.



source https://www.sirajlive.com/we-need-a-strong-fight-against-addiction-samasta.html

Post a Comment

أحدث أقدم