ആര്‍ട്ടോറിയം: മികവിന്റെ കലോത്സവം

നുഷ്യോത്പത്തിയോളം പഴക്കമുണ്ട് സര്‍ഗാത്മകതക്ക് എന്നുള്ളത് തന്നെ കലയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വരച്ചു കാണിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ മാറുന്തോറും മനുഷ്യ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കാലാന്തരങ്ങളായി കലയെ ആവിഷ്‌കരിക്കാനും ആസ്വദിക്കാനും എന്നും മനുഷ്യര്‍ മുന്നിലുണ്ട്. വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ക്കിടയിലും ഭാഷാ വൈവിധ്യങ്ങള്‍ക്കിടയിലും കലയെ നെഞ്ചേറ്റുന്നവരുടെയും ആസ്വദിക്കുന്നവരുടെയും ഏകീകരണം നമുക്ക് കാണാം. നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കാനും അതിന് പുതിയ മാനങ്ങള്‍ നല്‍കാനും മാത്രം കെല്‍പ്പ് ഇന്നത്തെ കലാസൃഷ്ടികള്‍ക്കുണ്ട്.

സര്‍ഗാത്മകത കേവലം ആസ്വാദനത്തിനപ്പുറം സാമൂഹിക, സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കാനും സഹായകമായിരിക്കണം. ലഹരിക്കടിപ്പെട്ട ഇന്നത്തെ തലമുറയെ മാറിച്ചിന്തിക്കാന്‍ കലയേക്കാള്‍ നല്ലൊരു മരുന്ന് മറ്റെന്താണുള്ളത്. കലാ വാസനകളെ പ്രകടിപ്പിക്കല്‍ സ്വത്വത്തെ തിരിച്ചറിയല്‍ കൂടിയാണ്. തന്റെ കഴിവുകളെ പ്രകടിപ്പിക്കാന്‍ പ്രാപ്തമായ സാഹചര്യങ്ങള്‍ ഇല്ലാത്ത കാരണം അതിനെ ഉള്ളില്‍ അടക്കി വെച്ച നിരവധി പ്രതിഭകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള ഓരോരുത്തരുടെയും കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കാനാണ് ഇന്നത്തെ കലാവേദികള്‍ ശ്രമിക്കുന്നത്.
നിരന്തരമായ പരിശീലനങ്ങളുടെയും പരിശ്രമങ്ങളുടെയും ഒടുവിലായെത്തുന്ന സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കുക എന്നത് കൂടി ഉള്‍ക്കൊണ്ടതാണ് കലാസ്വാദനം. ഒരൊറ്റ പിന്തുണ മതി ഒരാളുടെ കലാവാസനകളെ ഉണര്‍ത്താന്‍, ഒരൊറ്റ കുത്തുവാക്ക് മതി അതിനെ തളര്‍ത്താന്‍. അപരനെ കൈപിടിച്ചുയര്‍ത്താന്‍ ഉതകുന്നതാകണം നമ്മുടെ പ്രതികരണങ്ങള്‍. നിരവധി മണിക്കൂറുകളുടെ പ്രയത്‌നത്തിലൂടെ ഉടലെടുക്കുന്ന കലാ വൈഭവത്തെ അംഗീകരിക്കുന്നതിലൂടെ കലാകാരനെ ഭാവിയിലേക്ക് പിന്താങ്ങുക കൂടെയാണ് നാം ചെയ്യുന്നത്.

ആര്‍ട്ടോറിയം എന്ന നാമധേയത്തില്‍ ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യൂക്കേഷന്‍ (ഐ എ എം ഇ) വര്‍ഷം തോറും സംഘടിപ്പിക്കുന്ന മികവിന്റെ കലോത്സവവും ലക്ഷ്യമിടുന്നത് ഓരോരുത്തരുടെയും സര്‍ഗാത്മകമായ മുന്നേറ്റത്തെയാണ്. കേരളത്തിനകത്തും പുറത്തുമായി നാനൂറോളം സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ ഇനങ്ങളില്‍ സൗഹൃദപരമായി മാറ്റുരക്കുമ്പോള്‍ സര്‍ഗ പ്രേമികള്‍ക്ക് ആഘോഷത്തിന്റെ പകലിരവുകളാണ് സമ്മാനിക്കുന്നത്. കുട്ടികളിലെ നൈപുണികള്‍ വികസിപ്പിക്കാനും കലാപരമായ കഴിവുകളെ കണ്ടെത്താനുമാണ് ഐ എ എം ഇ ഇത്തരത്തില്‍ മികവിന്റെ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. 150 ഇനങ്ങളിലായി 30 വേദികളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ ആറ് കാറ്റഗറിയില്‍ മത്സരിക്കും. സര്‍ഗ വസന്തത്തിന്റെ പെരുമഴക്കാലമാണ് പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂളില്‍ അരങ്ങേറുന്നത്.

കലയെ സാമൂഹിക മാറ്റത്തിനു ഉതകുന്ന രീതിയില്‍ പരിപോഷിപ്പിക്കാനാണ് ഐ എ എം ഇ ആര്‍ട്ടോറിയത്തിലൂടെ ശ്രമിക്കുന്നത്. ലഭ്യമായ മികച്ച പരിശീലകരുടെ സഹായത്തോടെ മൂര്‍ച്ചയേറിയ കലാവൈഭവത്തെ പ്രദര്‍ശിപ്പിക്കുന്നതാണ് മറ്റു കലാവേദികളില്‍ നിന്ന് ആര്‍ട്ടോറിയത്തിനെ വ്യത്യസ്തമാക്കുന്നത്. കലാപരമായ മുന്നേറ്റത്തിനപ്പുറം വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തെയും നേതൃ പാടവത്തെയും പരിപോഷിപ്പിക്കാന്‍ ഇത്തരം വേദികള്‍ സഹായകരമാകുന്നു എന്നത് ആര്‍ട്ടോറിയത്തിന്റെ സംഘാടന വൈഭവത്തെ വരച്ചു കാണിക്കുന്നുണ്ട്. ഇന്നലെ ആരംഭിച്ച ആര്‍ട്ടോറിയം ഇന്ന് വൈകിട്ട് സമാപിക്കുമ്പോള്‍ കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനത്തിനാണ് പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ സാക്ഷ്യം വഹിക്കുന്നത്. വരൂ, നമുക്ക് ആസ്വദിക്കാം മികവിന്റെ കലോത്സവത്തെ.



source https://www.sirajlive.com/artorium-the-art-festival-of-excellence.html

Post a Comment

أحدث أقدم