ഗുജറാത്തില്‍ പതിനഞ്ചാമത് നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. 1998 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് ബി ജെ പിയാണ്. കാല്‍ നൂറ്റാണ്ടിനോടടുക്കുന്ന ബി ജെ പി ഭരണം ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാറായി ഗുജറാത്തിനെ മാറ്റിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയില്‍ ബി ജെ പിയുടെ ഏറ്റവും ശക്തവും ചോര്‍ച്ചയില്ലാത്തതുമായ വോട്ട് ബേങ്കും ഗുജറാത്തിലേതാണ്. അതേസമയം തിരഞ്ഞെടുപ്പുകളില്‍ നിരന്തരമായി തോല്‍ക്കുമ്പോഴും 40 ശതമാനത്തിന് മുകളില്‍ വോട്ടുറപ്പിച്ച് കോണ്‍ഗ്രസ്സ് പൊരുതി നില്‍ക്കാറുണ്ട്. സീറ്റുകളുടെ എണ്ണം കുറയുമ്പോഴും വോട്ട് വിഹിതത്തിലും സംഘടനാ ശേഷിയിലും മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ തിരിച്ചടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിന്റെ നില മെച്ചപ്പെട്ടതാണ്. അതുകൊണ്ട് കോണ്‍ഗ്രസ്സിന് ഇപ്പോഴും പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. 2017ല്‍ നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍, 182 അംഗസഭയില്‍ ബി ജെ പി 49 ശതമാനം വോട്ടുമായി 99 സീറ്റുകളും കോണ്‍ഗ്രസ്സ് 41 ശതമാനം വോട്ടുമായി 77 സീറ്റുകളും നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വലിയ മുന്നേറ്റം നടത്തിയതായി കാണാം. സഭയിലെ അംഗസംഖ്യ ബി ജെ പി 99ല്‍ നിന്ന് 111ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ്സ് 77ല്‍ നിന്ന് 62ലേക്ക് ചുരുങ്ങുകയും ചെയ്തു. പക്ഷേ ഇത്തവണ ചെറിയ നെഞ്ചിടിപ്പോടെയാണ് ബി ജെ പി പ്രചാരണ രംഗത്തുള്ളത്. അതിന് പ്രധാന കാരണം മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ട് വരുന്നു എന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദലായി ഉയര്‍ന്നു വരുന്ന ആം ആദ്മി പാര്‍ട്ടി സജീവമായി രംഗത്തുള്ളതിനാല്‍ തന്നെ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയും തുറന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവരുടെ സംസ്ഥാനമായതിനാല്‍ തന്നെ പാര്‍ട്ടിയില്‍ മോദി-അമിത് ഷാ ദ്വന്ദത്തിന് സ്വാധീനം ഉറപ്പിക്കാനും ഭാവിയിലേക്ക് വലിയ ചോദ്യങ്ങളില്ലാതെ തുടരാനും കഴിയും വിധം വലിയൊരു നിലമൊരുക്കാനുള്ള പോരാട്ടമായിട്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
ഇപ്പോഴും മോദി ഫാക്ടര്‍ കൊണ്ട് മാത്രം ജയിച്ചു കയറാന്‍ പാകത്തില്‍ ബി ജെ പിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. നരേന്ദ്ര മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിയും കാലാവധി തികച്ചിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കെ തന്നെ ഭരണപരമായി ബി ജെ പിക്ക് വലിയ വെല്ലുവിളികളെ ഇക്കാലമത്രയും നേരിടേണ്ടി വന്നില്ല എന്നത് മോദിയും അമിത് ഷായും നേരിട്ടാണ് ഗുജറാത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ്. 2017ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ വലിയ വിജയവും 2021ലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഏകപക്ഷീയമായ വിജയവും ബി ജെ പിയുടെ വോട്ട് ബേങ്കിന്റെ ശക്തിയെ കാണിക്കുന്നതാണ്. ഗുജറാത്തിലെ എല്ലാ കോര്‍പറേഷനും ജില്ലാ പഞ്ചായത്തുകളും ബി ജെ പിയാണ് ഭരിക്കുന്നത് എന്നത് ഈ സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. 2017ല്‍ ഒ ബി സി സംവരണം ആവശ്യപ്പെട്ട് പാട്ടിദാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഹാര്‍ദിക് പാട്ടീലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. എന്നാല്‍ ബി ജെ പിയുടെ ശക്തനായ വിമര്‍ശകനായിരുന്ന ഹാര്‍ദിക്കിന്റെ ബി ജെ പിയിലേക്കുള്ള വരവ്, വലിയ തിരിച്ചടി നേരിട്ട സൗരാഷ്ട്ര മേഖലയില്‍ അടക്കം വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്നേ തന്നെ ന്യൂനപക്ഷക്കാരനായ മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി പാട്ടിദാര്‍ സമുദായത്തില്‍ നിന്നുള്ള ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കിയതും ഈ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണ്. സംസ്ഥാനത്തെ വലിയ ജാതി സമൂഹമാണ് പാട്ടിദാര്‍ വിഭാഗം. 88 ശതമാനം ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല വിഭാഗം ഒമ്പത് ശതമാനം മാത്രമുള്ള മുസ്‌ലിം ജനവിഭാഗമാണ്. അതുകൊണ്ട് ഭൂരിപക്ഷ വോട്ട് ബേങ്കായ ഹിന്ദുവോട്ടുകള്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കാനാകുക. ഈ രാഷ്ട്രീയ വസ്തുതയാണ് ബി ജെ പി ഇപ്പോഴും സംസ്ഥാനത്ത് വര്‍ഗീയ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതിന്റെ അടിസ്ഥാനം. അതേസമയം ജാതിക്കണക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനത്തെ പിന്നാക്ക, ദളിത്, ഗോത്രവര്‍ഗ, മുസ്‌ലിം വോട്ട് ബേങ്കിനെയാണ് നോട്ടമിട്ടിരിക്കുന്നത്. ഒ ബി സി റിസര്‍വേഷനു വേണ്ടി സഭക്ക് അകത്തും പുറത്തും നിരന്തരമായി ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ്സ് ബി ജെ പിയുടെ മതപരമായ വോട്ട് ഏകീകരണത്തെ ജാതീയമായ ഏകീകരണം കൊണ്ട് നേരിടുക എന്ന തന്ത്രമാണ് കാലങ്ങളായി സ്വീകരിച്ചു വരുന്നത്. ഗുജറാത്ത് കലാപ കാലത്തെ ഇരയായ ബില്‍കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിടാന്‍ ശിപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കും. അതേസമയം, ആം ആദ്മി പാര്‍ട്ടി ഈ വിഷയത്തില്‍ ഇതുവരെ അനുകൂലമോ പ്രതികൂലമോ ആയ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഹിന്ദു വോട്ടിനെ പ്രകോപിപ്പിക്കേണ്ടതില്ല എന്നത് കൊണ്ടുള്ള തന്ത്രപരമായ മൗനമായും ഇതിനെ കാണാം.
തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരത്തെ ഊതിക്കത്തിക്കുന്നത് ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് സംഭവിച്ച രണ്ട് ദുരന്തങ്ങളാണ്. ഒക്ടോബര്‍ 30ന് 140ഓളം പേരുടെ മരണത്തിന് ഇടയാക്കിയ മോര്‍ബി പാലം തകര്‍ച്ചയും 50 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തവുമാണ് അവ. സംസ്ഥാനത്തെ അനിയന്ത്രിതമായ മയക്കുമരുന്നിന്റെ ഒഴുക്കും വലിയ ചര്‍ച്ചയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചെടുത്ത 3,000 കിലോയോളം വരുന്ന ഹെറോയിന്‍ വിഷയവും സംസ്ഥാനത്ത് ഡ്രഗ്‌സ് മാഫിയ- ഭരണകൂട കൂട്ടുകെട്ടിന്റെ പ്രശ്‌നങ്ങളും കോണ്‍ഗ്രസ്സ് കാര്യമായി പ്രചാരണ രംഗത്ത് ഉന്നയിക്കുന്നുണ്ട്. മോദിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യവസായി എന്ന ടാഗുള്ള അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖമാണ് മുന്ദ്ര എന്നത് കൊണ്ട് നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തെ വരെ ചോദ്യം ചെയ്യാന്‍ പാകത്തിലുള്ള പ്രശ്‌നമായി ഇപ്പോള്‍ ഇത് മാറിയിട്ടുണ്ട്. 2021 ഡിസംബറില്‍ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച, ഗുജറാത്ത് സബോഡിനേറ്റ് ബോര്‍ഡിലേക്ക് നടന്ന ഹെഡ് ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവവും ഇതോടൊപ്പം ബി ജെ പിക്ക് തിരഞ്ഞെടുപ്പ് രംഗത്ത് വലിയ കീറാമുട്ടിയായി മാറിയിട്ടുണ്ട്. ബി ജെ പി നേതാവായ അസിത് വോറെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് മുഖ്യമായും പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ സമരത്തില്‍ 90ഓളം പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്താന്‍ തങ്ങള്‍ മാത്രമാണ് പ്രാപ്തരെന്ന് തെളിയിക്കും വിധമായിരുന്നു അഴിമതിക്കെതിരെ ആം ആദ്മി നടത്തിയ പോരാട്ടം.
ആം ആദ്മി കാര്യമായി കണ്ണുവെക്കുന്നത് കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ഗ്രാമീണ മേഖലകളിലും നഗര പ്രദേശങ്ങളിലുമാണ്. ടി വി അതാരകനും ഗുജറാത്തിലെ ജനകീയ മുഖവുമായ ഇസുദന്‍ ഗദ്വിയെ ആണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത്. ഡല്‍ഹി മോഡല്‍ വൈദ്യുതി, തൊഴില്‍രഹിത വേതനം തുടങ്ങിയ വലിയ സൗജന്യങ്ങളും ഒപ്പം ഭൂരിപക്ഷ വോട്ടിനെ സ്വാധീനിക്കാന്‍ പാകത്തില്‍ ഹിന്ദുത്വയും കൂട്ടിപ്പിടിച്ചാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ തരംഗമാകുന്നത്. ഹിന്ദു ദൈവങ്ങളെ കറന്‍സികളില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഉന്നയിച്ചതും ഈ തന്ത്രങ്ങളുടെ ഭാഗമായാണ്. ബി ജെ പിയേക്കാള്‍ ഗംഭീരമായി ഹിന്ദുത്വയുടെ വക്താവാകാന്‍ തനിക്ക് കഴിയുമെന്ന് കാണിക്കുകയാണ് കെജ്‌രിവാളിന്റെ ഓരോ റാലിയും. പഞ്ചാബിലും ഡല്‍ഹിയിലും പയറ്റിയ തന്ത്രങ്ങളുടെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് കെജ്‌രിവാള്‍ ഗുജറാത്തില്‍ അവതരിപ്പിച്ചത്. ഇത് സംസ്ഥാനത്തെ വോട്ട് ബേങ്കിനെ മതത്തിനപ്പുറം സ്വാധീനിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്ന് കൂടിയുള്ളതാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ആം ആദ്മിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സും വലിയ സൗജന്യങ്ങള്‍പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്തും സംഘടനാപരമായും കോണ്‍ഗ്രസ്സിന് ആം ആദ്മിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലടക്കം ബി ജെ പിയേക്കാളും കോണ്‍ഗ്രസ്സിനേക്കാളും ഏറെ മുന്നിലാണ് ആം ആദ്മി. അതേസമയം ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ഉള്ള പോലെ വലിയ വോട്ട് ബേങ്കോ സംഘടനാ ശേഷിയോ ആം ആദ്മിക്ക് ഇല്ല എന്നത് വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ പരമ്പരാഗതമായ വോട്ട് ബേങ്കിലാണ്. എന്നാല്‍ ഇത്തവണ എത്രകണ്ട് അതിനെ പിടിച്ചു നിര്‍ത്താനാകും എന്നത് വലിയ ചോദ്യമാണ്. രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട് തവണ മാത്രമാണ് സംസ്ഥാനത്ത് വന്നത്. ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗുജറാത്തിലേക്ക് എത്താന്‍ വൈകുന്നതും കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കും.
തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ഓളമുണ്ടാക്കാന്‍ കഴിയുന്ന യുവാക്കളെ മാറ്റി നിര്‍ത്തി പകരം തലമുതിര്‍ന്ന നേതാക്കളെയാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് എന്നതും കോണ്‍ഗ്രസ്സ് പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നുണ്ട്. മാത്രമല്ല ഏറെക്കാലം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ ഷാര്‍പ്പ് ഷൂട്ടര്‍ അഹമ്മദ് പട്ടേലിന്റെ മരണം മൂലമുണ്ടായ ക്ഷീണം സംഘടനാപരമായി കോണ്‍ഗ്രസ്സിന് ഇതുവരെ മറികടക്കാനായിട്ടില്ല. എന്നിരുന്നാലും പ്രത്യക്ഷത്തില്‍ ആം ആദ്മി-ബി ജെ പി പോരായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ബി ജെ പി – കോണ്‍ഗ്രസ്സ് പോര് തന്നെയായി അവസാനിക്കാനാണ് സാധ്യത കൂടുതല്‍. പക്ഷേ ആം ആദ്മി ആരുടെ വോട്ടാണ് കൂടുതല്‍ കൊള്ളയടിക്കുക എന്നതിനെ അപേക്ഷിച്ചാകും ഗുജറാത്തിന്റെ ഭാവി.
source https://www.sirajlive.com/for-those-preparing-land-in-gujarat.html
Post a Comment