ശശി തരൂരിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ്സില്‍ ചേരിതിരിവ് രൂപപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനെന്ന പേരില്‍ തരൂര്‍ നടത്തുന്ന കേരള പര്യടനമാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് മുന്നേറ്റമുണ്ടാക്കിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലും സംസ്ഥാന നേതൃത്വം മുന്നേറുന്നതിനിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തരൂരിന്റെ പര്യടനം ആവശ്യമില്ലെന്നും പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ ഇടംപിടിക്കുക വഴി മുഖ്യമന്ത്രി പദമാണ് തരൂര്‍ ലക്ഷ്യമാക്കുന്നതെന്നുമാണ് പാര്‍ട്ടി നേതൃത്വത്തില്‍ പ്രബല വിഭാഗം ആശങ്കിക്കുന്നത്. ഇതേത്തുടര്‍ന്നാണ് തരൂരിനെതിരെ അപ്രഖ്യാപിത വിലക്കു വന്നതും കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്താന്‍ തീരുമാനിച്ചിരുന്ന “സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റെ അഡ്രസ്സ് ഒഴിവാക്കിയതും. എങ്കിലും ഒരു കോണ്‍ഗ്രസ്സ് അനുകൂല സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ സജീവമാകുകയും ചെയ്തു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ചേരിതിരിവ് പ്രകടമായത്. എം കെ രാഘവന്‍ എം പി, കെ മുരളീധരന്‍ എം പി തുടങ്ങിയവര്‍ അപ്രഖ്യാപിത വിലക്കിനെ വിമര്‍ശിക്കുകയും തരൂരിന് പിന്തുണ അറിയിക്കുകയും ചെയ്തപ്പോള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ തരൂരിന്റെ ഇറങ്ങിപ്പുറപ്പാടിനെ പരസ്യമായി വിമര്‍ശിക്കുന്നു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്നാണ് അവരുടെ പക്ഷം.
നേരത്തേ കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ തിരുത്തല്‍ വിഭാഗം സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ തരൂര്‍ ഒപ്പ് വെച്ചതും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. അന്ന് തരൂരിനെതിരെ ചില നേതാക്കള്‍ പരസ്യമായി രംഗത്തു വന്നപ്പോള്‍ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചു. നിലവില്‍ തരൂരിനെ പിന്തുണക്കുന്ന കെ മുരളീധരന്‍ എം പിയാണ് അന്ന് തരൂരിനെതിരെ ആദ്യം രംഗത്തു വന്നത്. തരൂര്‍ വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരനും ആയതിനാല്‍ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന്റെ അന്നത്തെ ഒളിയമ്പ്. തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണ്. രാഷ്ട്രീയ പക്വത ഇല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയും വിമര്‍ശിച്ചു. അതേസമയം പി ടി തോമസ് തരൂരിന് പരസ്യ പിന്തുണ നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തരൂരിനെ പോലെയുള്ളവരെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നാണ് പി ടി തോമസ് കുറിച്ചത്. തരൂര്‍ ദേശീയ അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചപ്പോഴും സംസ്ഥാന ഘടകം രണ്ട് ചേരിയായി തിരിയുകയുണ്ടായി.
ബി ജെ പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിലും കുതിരക്കച്ചവടത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമാകുകയും അടിത്തറ തകരുകയും ചെയ്‌തെങ്കിലും കേരളത്തില്‍ ഇന്നും ശക്തമാണ് പാര്‍ട്ടിയുടെ അടിത്തറ. സംസ്ഥാനത്ത് ബി ജെ പിയെ തടഞ്ഞു നിര്‍ത്തുന്നതില്‍ ഇടതു മുന്നണിക്കൊപ്പം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണിക്കും നിര്‍ണായക പങ്കുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായ സാന്നിധ്യമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു മതേതര കേരളം. കെ പി സി സി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃ പദവിയിലും ഹൈക്കമാന്‍ഡ് മാറ്റങ്ങള്‍ വരുത്തിയതോടെ സംസ്ഥാനത്ത് പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതിയ നേതൃത്വങ്ങള്‍ക്കാകുന്നില്ല. മാത്രമല്ല, കെ പി സി സി അധ്യക്ഷന്റെ ചില “നാക്കുപിഴകള്‍’ പ്രത്യേകിച്ചും സംഘ്പരിവാര്‍ അനുകൂല പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു. അതിനിടെയാണിപ്പോള്‍ തരൂരിനെ ചൊല്ലി നേതൃത്വം രണ്ട് ചേരിയായി തമ്മില്‍ തല്ലുന്നത്.
തരൂരിന്റെ സംസ്ഥാന പര്യടനം പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിനാണോ സ്ഥാനമാനങ്ങളെ ലക്ഷ്യമാക്കിയാണോ എന്നതിനുത്തരം വരും നാളുകള്‍ നല്‍കേണ്ടതാണ്. അതേസമയം തരൂരിന് പൊതുസമൂഹത്തിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലും നല്ലൊരിടമുണ്ടെന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണല്ല തരൂരെന്ന് മലബാറിലെ വിവിധ കേന്ദ്രങ്ങളിലെ അദ്ദേഹത്തിന്റെ പരിപാടികളിലും തിരുവനന്തപുരത്തെ സ്വീകരണത്തിലും പങ്കെടുത്ത വന്‍ജനക്കൂട്ടം വിളിച്ചോതുന്നു. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ശശി ഇഫക്ട് തന്നെ ഉടലെടുത്തു കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്ന ഖാര്‍ഗെക്കെതിരെ തരൂര്‍ ആയിരത്തില്‍ പരം വോട്ടുകള്‍ നേടിയതും ശ്രദ്ധേയമാണ്. ഇതില്‍ നൂറിലേറെ വോട്ടുകള്‍ കേരളത്തില്‍ നിന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തരൂരിന്റെ ഈ സ്വാധീനത്തിന് നേരേ മുഖം തിരിക്കുന്നതിനു പകരം അതിനെ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ മുന്നേറ്റത്തിനായി ഉപയോഗപ്പെടുത്താനുള്ള വിവേകപരവും ബുദ്ധിപൂര്‍വവുമായ നീക്കമാണ് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കാണിക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയില്‍ പുതിയ ചേരിതിരിവ് സൃഷ്ടിക്കുകയല്ല. കോഴിക്കോട്ട് വര്‍ഗീയ ഫാസിസത്തിനെതിരായ പരിപാടിക്ക്, തരൂരിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം വിലക്കേര്‍പ്പെടുത്തിയ നടപടി തീരെ ചിന്താശൂന്യമായിപ്പോയി. വര്‍ഗീയ ഫാസിസത്തിനെതിരായ ശക്തമായ നിലപാടാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ സി പി എമ്മിനു കരുത്തു പകരുന്ന മുഖ്യഘടകം. ഈ തലത്തിലേക്ക് കോണ്‍ഗ്രസ്സും ഉയര്‍ന്നു വരേണ്ടതുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ട്. തരൂരിനെതിരെ കടുത്ത നിലപാട് അദ്ദേഹത്തിന്റെ ജനപിന്തുണ കൂട്ടാനേ സഹായകമാകുകയുള്ളൂ. പാര്‍ട്ടി ഗ്രൂപ്പ് സമവാക്യം തരൂര്‍ ഗ്രൂപ്പ്, തരൂര്‍ വിരുദ്ധ ഗ്രൂപ്പ് എന്ന നിലയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. എ ഐ സി സി സെക്രട്ടറി താരീഖ് അന്‍വറിന്റെ സംസ്ഥാന സന്ദര്‍ശനത്തോടെ പുതിയ വിഭാഗീയതക്ക് പരിഹാരമുണ്ടാകുമോ?
source https://www.sirajlive.com/tharoor-39-s-departure.html
إرسال تعليق