വീണ്ടും കേന്ദ്രം എഴുതിത്തള്ളി; 10,00,511 കോടി രൂപ

ഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ വാണിജ്യ ബേങ്കുകളില്‍ നിന്ന് വന്‍കിട കുത്തകകള്‍ എടുത്ത 10 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിരിക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍, പത്ത് ലക്ഷത്തി അഞ്ഞൂറ്റിപ്പതിനൊന്ന് കോടി രൂപ (10,00,511 കോടി)! ഈ കിട്ടാക്കടത്തില്‍ നിന്ന് ബേങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത് വെറും 1.32 ലക്ഷം കോടി മാത്രമാണ്. ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം രാജ്യസഭയെ അറിയിച്ചത്. കുത്തകകള്‍ എടുക്കുന്ന വായ്പകള്‍ കിട്ടാക്കടമാക്കി മാറ്റി എഴുതിത്തള്ളുകയെന്നത് ഒരു പതിവ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ നാളുകളിലായിരുന്നല്ലോ ഇന്ത്യയിലെ 50 കോര്‍പറേറ്റ് മുതലാളിമാര്‍ പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത കോടിക്കണക്കിനു രൂപ റിസര്‍വ് ബേങ്ക് എഴുതിത്തള്ളിയത്. 68,000 കോടിയിലേറെ രൂപയുടെ കിട്ടാക്കടമാണ് രാജ്യത്തെ പറ്റിച്ച് വിദേശ രാജ്യങ്ങളില്‍ സുഖവാസ ജീവിതം നയിക്കുന്ന കുത്തകകളുടേത് അന്ന് എഴുതിത്തള്ളിയത്. പഞ്ചാബ് നാഷനല്‍ ബേങ്കിനെ ജാമ്യം നിര്‍ത്തി 14,000 കോടി രൂപ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയടക്കമുള്ളവരുടെ വായ്പയാണന്ന് എഴുതിത്തള്ളിയത്. ബാബാ രാംദേവിന്റെ കമ്പനിക്കും ആനുകൂല്യം ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബേങ്കിനെ ഉപയോഗിച്ച് രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന വിവരങ്ങള്‍ വെളിവാക്കിത്തന്നത്.

നേരത്തേ തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് രാജ്യം. നയാപൈസ വരുമാനമില്ലാതെ, കോടികളുടെ വരുമാന നഷ്ടത്തില്‍ ശമ്പളം പോലും കൊടുക്കാനാകാതെ സംസ്ഥാന സര്‍ക്കാറുകള്‍ വട്ടംചുറ്റുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരും ഗ്രാമീണരും വരുമാനമില്ലാതെ തളരുകയാണ്. പ്രതികൂല സാഹചര്യത്തിലും കോര്‍പറേറ്റുകളുടെ വായ്പ എഴുതിത്തള്ളല്‍ തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. വായ്പയായി മുതലാളിമാര്‍ അപഹരിച്ച രാജ്യത്തിന്റെ പൊതുമുതലാണ് ഒരു ലജ്ജയുമില്ലാതെ എഴുതിത്തള്ളുന്നത്. ഇവര്‍ ബേങ്കില്‍ നിന്ന് എടുത്തത് ജനങ്ങളുടെ നിക്ഷേപമാണല്ലോ. അത് പൊതു പണം തന്നെ. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായി ലക്ഷക്കണക്കിന് കോടി രൂപയുടെ ഔദാര്യം നല്‍കുന്നതിന് പുറമെയാണിത്തരം വായ്പകള്‍ എഴുതിത്തള്ളല്‍.

പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം അറിയാമെന്ന കാര്യം നേരത്തേ തന്നെ വെളിപ്പെട്ട കാര്യമാണ്. കിട്ടാക്കടക്കാരുടെ പേരുവിവരമുള്‍പ്പെടെ റിസര്‍വ് ബേങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രി കാര്യാലയത്തിനും ധനമന്ത്രാലയത്തിനും നല്‍കിയിരുന്നുവല്ലോ. പക്ഷേ, പണം തിരിച്ചുപിടിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. പകരം എഴുതിത്തള്ളല്‍ തുടര്‍ച്ചയായി നടന്നു. അത് തുടരുന്നു.

വാസ്തവത്തില്‍, വന്‍കിട കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് രാജ്യത്തെ ബേങ്കുകള്‍ കൊള്ളയടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. റിസര്‍വ് ബേങ്കിന്റെ സ്വയംഭരണം തകര്‍ത്ത് വരുതിയില്‍ നിര്‍ത്തുന്നതും ഈ ലക്ഷ്യത്തോടെ തന്നെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ രാജ്യം കണ്ടത്. ലക്ഷക്കണക്കിന് കോടികള്‍ വരുന്ന പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം കുത്തകകള്‍ക്ക് വേണ്ടി തള്ളിക്കൊടുക്കുന്ന ചങ്ങാത്ത ഭരണകൂടമാണ് മോദിയുടേത്. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ നിയമമുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയാണ് കോര്‍പറേറ്റുകള്‍ക്ക് പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് വായ്പ കൊടുപ്പിക്കുന്നത്. അത് പിന്നെ റിസര്‍വ് ബേങ്കിനെ ഉപയോഗിച്ച് എഴുതിത്തള്ളും. ഇതാണ് തുടര്‍ക്കഥ. എന്നാല്‍, പണമില്ലാതെ വിഷമിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിസര്‍വ് ബേങ്കില്‍ നിന്ന് വായ്പയെടുത്ത് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടാനും കേന്ദ്രം ഇതുവരെ സമ്മതിച്ചിട്ടില്ല. കേരളം നിരന്തരമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതിനൊന്നും വഴങ്ങാത്ത കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ മറവിലും കോര്‍പറേറ്റ് വായ്പ എഴുതിത്തള്ളാന്‍ മടിക്കുന്നില്ല. രാജ്യത്തിന് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല ഇത്. ശക്തമായ പ്രതിഷേധമുയരണം.

പ്രളയകാലത്തെ അരി വില വരെ കേരളത്തോട് തിരിച്ചുപിടിച്ചവരാണ് കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളി കൊടുക്കുന്നത്. വളരെ പരിതാപകരമായ സാമ്പത്തികാവസ്ഥയിലൂടെ രാജ്യം കടന്നു പോകുമ്പോഴാണ് കുത്തകകള്‍ക്ക് പല രൂപത്തില്‍ രാഷ്ട്ര സമ്പത്ത് ഒഴുക്കി കൊടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ഭക്ഷണം, കൃഷി, വൈദ്യുതി, മണ്ണെണ്ണ, പാചക വാതകം തുടങ്ങി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യങ്ങളും സബ്‌സിഡികളും ഇല്ലാതാക്കുന്നു. എണ്ണക്കും പാചക വാതകത്തിനും നിരന്തരം വില കൂട്ടുന്നു. ഇങ്ങനെ സമാഹരിക്കുന്ന പണമെല്ലാം കോര്‍പറേറ്റുകള്‍ക്ക് ബജറ്റ് ഇളവുകളായും സൗജന്യങ്ങളായും വാരിക്കോരി കൊടുക്കുന്നു. അതിന് പുറമെയാണ് വാണിജ്യ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത വന്‍ തുകകള്‍ കിട്ടാക്കടമാക്കിയുള്ള എഴുതിത്തള്ളലുകള്‍.

ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയും അതിന്റെ ഫലമായുണ്ടായ ജീവിത തകര്‍ച്ചയിലൂടെയും നിരാശയിലൂടെയും ബഹുഭൂരിഭാഗം ഇന്ത്യക്കാരും കടന്നു പോകുമ്പോഴാണ് കോര്‍പറേറ്റുകളുടെ 10 ലക്ഷം കോടി കിട്ടാക്കടം ഈ വിധം ലജ്ജയില്ലാതെ എഴുതി തള്ളുന്നത്. തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിതമാകുന്നു. സി എം ഐ ഇയുടെ കണക്ക് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 6.43 ശതമാനത്തില്‍ നിന്ന് 7.53 ശതമാനത്തിലേക്ക് വര്‍ധിച്ചിരിക്കുന്നു. അതിനിടയിലും, ഗ്രാമീണ സ്ത്രീ പുരുഷന്മാര്‍ക്ക് നാമമാത്ര തൊഴില്‍ നല്‍കുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് സര്‍ക്കാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള കാലയളവില്‍ 15 കോടി പേരുടെ തൊഴിലപേക്ഷകള്‍ നിരസിച്ചു. മഹാമാരി കാലത്ത് 21 കോടി തൊഴിലന്വേഷകരെ തിരിച്ചയച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് ബജറ്റ് വിഹിതം നീക്കിവെക്കാന്‍ തയ്യാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണം.

കാര്‍ഷിക മേഖലയില്‍ സബ്‌സിഡിയും താങ്ങ് വിലയും എടുത്ത് കളഞ്ഞ് ഭക്ഷ്യ സുരക്ഷക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഭക്ഷ്യ സബ്‌സിഡി കുറച്ച് പൊതുവിതരണ സംവിധാനത്തെ തന്നെ തകര്‍ക്കുന്നു. ഈയൊരു അവസ്ഥ ലോകത്തിലെ ഏറ്റവും വിശക്കുന്നവരുടെ നാടാക്കി ഇന്ത്യയെ അധഃപതിപ്പിച്ചു. ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളില്‍ ഇന്ത്യ 107ാം സ്ഥാനത്താണ്. പോഷകാഹാര കുറവ്, ശിശു മരണനിരക്ക്, വളര്‍ച്ചാ കുറവ് എന്നിവ കൂടിയ രാജ്യം. ഈ സാഹചര്യത്തിലും കുട്ടികളുടെ സംരക്ഷണത്തിനുള്ള ഐ സി ഡി എസ് ബജറ്റ് വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറക്കുകയാണ് മോദി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെയ്തത്. കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പ കിട്ടാക്കടമാക്കി എഴുതി തള്ളുന്നവര്‍ പാവങ്ങള്‍ക്കുള്ള സഹായങ്ങളും സബ്‌സിഡികളും വെട്ടിക്കുറച്ച് ഇല്ലാതാക്കുന്നു. ഹിന്ദുത്വ വാദികളുടെ വന്‍കിട കുത്തകകളെ സേവിക്കുന്ന വര്‍ഗപക്ഷപാതിത്വവും നഗ്‌നമായ ജനവിരുദ്ധതയുമാണ് ഈ നടപടികളെല്ലാം കാണിക്കുന്നത്.



source https://www.sirajlive.com/again-the-center-wrote-it-off-1000511-crores.html

Post a Comment

أحدث أقدم