ലോകചാമ്പ്യന്മാർക്ക് മുന്നിൽ കീഴടങ്ങി മൊറോക്കോ; ഫ്രാൻസ് വീണ്ടും ഫൈനലിൽ

ദോഹ | ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍.. ലോകഫുട്‌ബോളിലെ അതികായരെ അട്ടിമറിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ നടത്തിയ ജൈത്രയാത്ര ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ അവസാനിച്ചു. സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിനോട് മൊറോക്കോ പരാജയപ്പെട്ടത്. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫൈനലിലെത്തി. അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളി.


മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ മൊറോക്കന്‍ ഗോള്‍വല കുലുക്കാന്‍ ഫ്രാന്‍സിന് സാധിച്ചു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച ബോള്‍ ഉഗ്രന്‍ ആക്രോബാറ്റിക് ഇടങ്കാലനടിയില്‍ തിയോ ഹെര്‍ണാണ്ടസ് ആണ് ഗോളാക്കിയത്. 79ാം മിനുട്ടില്‍ റണ്ടല്‍ കൊളോ മുവാനിയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. സൂപ്പര്‍സബായി എത്തിയയുടനെയായിരുന്നു ഈ ഗോള്‍.

വിചാരിച്ചത് പോലെ ഈസി വാക്കോവര്‍ ആയിരുന്നില്ല ഫ്രാന്‍സിന് ഖത്വറിലെ സെമി. ഗ്രൂപ്പ് ഘട്ടത്തിലും പ്രിക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പ്രകടിപ്പിച്ച പോരാട്ടവീര്യം ഒട്ടുംചോരാതെ സെമിയിലും ആഫ്രിക്കന്‍ സിംഹങ്ങള്‍ പ്രകടിപ്പിച്ചു. എംബാപ്പെയുടെയും ജിറൂദിന്റെയും മുന്നേറ്റങ്ങളെ പ്രതിരോധ കോട്ട കെട്ടി കാക്കാന്‍ മൊറോക്കോക്ക് സാധിച്ചു. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ നിരന്തരം ഫ്രാന്‍സിന് അലോസരമുണ്ടാക്കുകയും ചെയ്തു.

എന്നാല്‍, ഫിനിഷിംഗിലെ പോരായ്മയും നിര്‍ഭാഗ്യവും മൊറോക്കോക്ക് വിനയായി. ഏതായാലും ലോകചാമ്പ്യന്മാര്‍ക്കെതിരെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചുവെന്ന് മൊറോക്കോക്ക് ആശ്വസിക്കാം. മാത്രമല്ല, സെമി വരെ തോൽവിയറിയാതെ എത്തിയെന്നതും നേട്ടമാണ്. കാനഡക്കെതിരെ ഓൺ ഗോളല്ലാതെ ഒന്നും സെമി വരെ വഴങ്ങിയില്ലെന്നതും മൊറോക്കോയുടെ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു. മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ക്രൊയേഷ്യക്കെതിരെ മൊറോക്കോ ബൂട്ടുകെട്ടും.



source https://www.sirajlive.com/morocco-succumb-to-world-champions-france-in-the-final.html

Post a Comment

أحدث أقدم