സ്നേഹത്തിന്റെ കഥകൾ; അടിച്ചമർത്തപ്പെടുന്നവരുടെയും

ഏതൊരാൾക്കും വായിച്ചാൽ എളുപ്പം മനസ്സിലാകും വിധത്തിലുള്ള ഒരു പറ്റം കഥകളാണ് ലഹരിയുടെ ചുവന്ന പകലുകളിലുള്ളത്. ജിതിൻ കൃഷ്ണ എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ ഒമ്പത് കഥകളുടെ സമാഹാരമാണിത്. കടുകട്ടിയുള്ള വാക്കുകളുടെ അതിപ്രസരമോ സാഹിത്യം കൊണ്ടുള്ള അമിത വാചക കസർത്തുക്കളോ ഇല്ലാത്തതിനാൽ വായനക്കാരന് എളുപ്പത്തിൽ ആസ്വദിച്ചു വായിച്ചു തീർക്കാൻ കഴിയുന്ന 47 പേജ് മാത്രമുള്ള ഒരു ചെറിയ പുസ്തകം.

പുസ്തകത്തിന്റെ തന്നെ മുഖംമൊഴിയിൽ പറഞ്ഞതിനെ അന്വർഥമാക്കും വിധം അധഃസ്ഥിതരുടെയും ചൂഷക വർഗത്തിന്റെയും കഥകളാണ് ജിതിൻ കൃഷ്ണയുടെത്. പാവപ്പെട്ടവരുടെയും ഇല്ലാത്തവന്റെയും അടിച്ചമർത്തപ്പെടുന്നവന്റെയും ഉയർത്തെഴുനേൽപ്പാണ് ഈ കഥകളിൽ മിക്കതും എന്നാണ് കഥാകാരൻ ആദിത്ത് കൃഷ്ണ പുസ്തകത്തെക്കുറിച്ച് നിരീക്ഷിക്കുന്നത്.
സാഹസികതയോട് പൊരുതുന്ന സുമ എന്ന യുവതിയുടെ ജീവിതത്തെ വളരെ കൃത്യമായിട്ട് “അരികിലെ ദൈവം’ എന്ന കഥയിലൂടെ കഥാകൃത്ത് പറഞ്ഞു വെക്കുന്നുണ്ട്.
പിതാവ് മരിച്ചത് മുതൽ മകനെ എല്ലാ ജോലിത്തിരക്കുകൾക്കിടയിലും പൊന്നുപോലെ നോക്കുന്ന അമ്മ മകന്റെ ചെറിയ ചെറിയ വികൃതികളിൽ പോലും വല്ലാതെ അസ്വസ്ഥമാകുന്നത് കഥയിൽ നമുക്ക് കാണാനാകും.

ആരോടും വലിയ സൗഹൃദവും കൂട്ടുകെട്ടും ഇല്ലാതെ ഒറ്റക്ക് നടന്നിരുന്ന രാഹുൽ കോളജിലെ ഹോസ്റ്റൽ ജീവിതത്തിന്റെ സ്വാധീനം കൊണ്ട് കൂട്ടുകാരുമായി കൂട്ടുകൂടാൻ തുടങ്ങുകയും മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ട് വഴി തെറ്റുകയും ചെയ്യുന്നു. ഒടുവിൽ അശ്ലീലമായ പ്രവൃത്തികളിൽ ഏർപ്പെടുന്നു രാഹുലിന് സ്വന്തം പെങ്ങളെ ആ സ്ഥിതിയിൽ കാണേണ്ടി വരികയും ചെയ്യുന്ന കഥയാണ് “നവമാധ്യമം’ പറയുന്നത്. ഈ കഥ സമകാലികമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗത്തെയാണ് കഥ അഭിസംബോധന ചെയ്യുന്നത്.

ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും വിവരണമാണ് “പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന കഥ. ജോലിത്തിരക്ക് കാരണം രോഗിയായി കിടക്കുന്ന അമ്മയുടെ കൂടെ നിൽക്കാൻ കഴിയാതെ വരുന്ന ഒരു മകന്റെ അവസ്ഥയെ കഥാകൃത്ത് വളരെ കൃത്യമായിട്ട് തന്നെ എഴുതിവെച്ചിട്ടുണ്ട്. ഈ കഥയും അധുനിക സമൂഹം നേരിടുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്; അതോടൊപ്പം പ്രായമായവരുടെ നിസ്സഹായാവസ്ഥയും.
ഒരു നിധിയെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന മുത്തശ്ശിക്കഥയാണ് “അവിടെ ഉണ്ടോ ആ നിധി’ എന്നത്. കഥാകാരന്റെ ഇഷ്ട നാടായ കാങ്കോൽ പശ്ചാത്തലമാക്കി കൊണ്ടുള്ള കഥയാണ് “വാലാട്ടും സ്നേഹം’.

“ദേവസഹായം പിള്ള’ എന്ന കഥ ബെനഡിക്ട് പതിനാറാമൻ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയുടെ കഥയാണ്. ചരിത്രത്തെ ഇല്ലാതാക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്ന സംഘ്പരിവാരത്തിന്റെ രീതിയെ ജിതിൻ കൃഷ്ണ തുറന്നു കാണിക്കുന്നുണ്ട് ഈ കഥയിൽ.

സുരേഷ് എന്നയാളുടെ കരുണയുടെയും സഹജീവി സ്നേഹത്തിന്റെയും ഉത്തമ മാതൃകയാണ് “വിളി കേൾക്കാതെ’ എന്ന കഥയിലൂടെ ജിതിൻ പറയുന്നത്.
ഇങ്ങനെ തുടങ്ങിയുള്ള സമൂഹത്തിൽ നിന്ന് ചികഞ്ഞെടുത്ത ഒമ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പാവപ്പെട്ടവന്റെയും അശരണരുടെയും കറകളഞ്ഞ സ്നേഹത്തിന്റെയും കരുണയുടെയും ആർദ്രതയുടെയും കഥകളാണ് ലഹരിയുടെ ചുവന്ന പകലുകളിലുള്ള മിക്ക കഥകളും എന്ന് നമുക്ക് വായിച്ചാൽ മനസ്സിലാകും. വളരെ ലളിതമായ എഴുത്തു രീതിയാണ് ഈ കഥകളിൽ മുഴുവനായും എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത്. മഴത്തുള്ളി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 130 രൂപയാണ് വില.



source https://www.sirajlive.com/stories-of-love-and-of-the-oppressed.html

Post a Comment

أحدث أقدم