കോഴിക്കോട് | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലോത്സവ പ്രതിഭകളെ വിരുന്നൂട്ടാൻ കോഴിക്കോട്ടെ വിദ്യാർഥികൾ. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ഉണരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ പാചകപ്പുരയിലേക്കാവശ്യമായ തേങ്ങയും പരിപ്പും കടലയുമെല്ലാം ശേഖരിക്കുന്ന തിരക്കിലാണ് കുരുന്ന് വിദ്യാർഥികൾ. ജനുവരി മൂന്ന് മുതൽ ഏഴ് വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണം പാചകം ചെയ്യാൻ പതിനയ്യായിരം തേങ്ങ വേണമെന്നാണ് കണക്ക്. ഈ തേങ്ങ എങ്ങനെ ശേഖരിക്കുമെന്ന ആശയത്തോട് ജില്ലയിലെ വിദ്യാർഥികൾ ആവേശത്തോടെയാണ് പ്രതികരിച്ചത്.
താത്പര്യമുള്ള വിദ്യാർഥികൾക്ക് വീട്ടിൽ നിന്ന് ഓരോ തേങ്ങ എത്തിക്കാമെന്ന ആശയം അധ്യാപകർ ക്ലാസ്സ് മുറികളിൽ പങ്കുവെച്ചപ്പോൾ സ്‌കൂളുകളിലേക്ക് തേങ്ങയുടെ ഒഴുക്ക് ആരംഭിച്ചുവെന്നാണ് ഭക്ഷണക്കമ്മിറ്റി നൽകുന്ന വിവരം. കലോത്സവം തുടങ്ങാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നുണ്ടെന്നിരിക്കെ എളുപ്പം കേടാവാത്ത സാധനങ്ങളാണ് നിലവിൽ ശേഖരിക്കുന്നത്. പച്ചക്കറികളിൽ ചേന പ്രത്യേകം വാങ്ങുന്നുണ്ട്. കറികൾക്ക് കൂടാതെ ചേന പായസവും ഇത്തവണത്തെ ഭക്ഷണ മെനുവിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ ഇന്നലെ മുതൽ പാചകപ്പുരയിൽ എത്തിത്തുടങ്ങി. ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് പാചകപ്പുര സജ്ജീകരിക്കുന്നത്. 2,000 പേർക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യത്തിൽ നാല് നേരമാണ് ഭക്ഷണം വിളമ്പുക. അതാത് വേദികളിൽ നിന്ന് പന്തലിലേക്ക് പ്രത്യേകം ബസുകൾ ഏർപ്പെടുത്തും. അധ്യാപകർ തന്നെയാവും കൈകാര്യക്കാർ. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം . മുൻ മന്ത്രി ടി പി രാമകൃഷ്‌ണന്റെയും വി പി രാജീവന്റെയും നേതൃത്വത്തിലാണ് ഭക്ഷണ കമ്മിറ്റി.
source https://www.sirajlive.com/school-arts-festival-kozhikode-students-to-celebrate.html
إرسال تعليق